Asianet News MalayalamAsianet News Malayalam

കോൺഗ്രസിൽ തർക്കങ്ങൾക്ക് അയവില്ല, എലത്തൂരിലും ധർമ്മടത്തും യുഡിഎഫിന് വിമത ഭീഷണി; ഐഎൻടിയുസി നിലപാടിൽ അയവ്

വാളയാർ പെൺകുട്ടികളുടെ അമ്മയെ യുഡിഎഫ് പിന്തുണക്കുകയാണെങ്കിൽ വിമതനായി മത്സരിക്കുമെന്ന്  വ്യക്തമാക്കി കോൺഗ്രസ് നേതാവ് രംഗത്തെത്തി

UDF candidacy dispute continues Rebels to fight from Dharmadom and Elathur
Author
Thiruvananthapuram, First Published Mar 17, 2021, 2:27 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫിലെ സ്ഥാനാർത്ഥി നിർണയ പോര് അവസാനിക്കുന്നില്ല. നാളെ എലത്തൂരിൽ വിമത സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. കെപിസിസി നിർവാഹക സമിതിയംഗം യുവി ദിനേശ് മണിയെ മത്സരിപ്പിക്കാൻ ഇന്ന് ചേർന്ന കോൺഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഇന്ന് 2.30 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ തീരുമാനിച്ചിരുന്ന എൻസികെ സ്ഥാനാർത്ഥി സുൾഫിക്കർ മയൂരി ഇന്ന് നാമനിർദ്ദേശ പത്രിക നൽകില്ലെന്ന് അറിയിച്ചു. സുൾഫിക്കൽ മയൂരിയെ തന്നെ മത്സരിപ്പിക്കാനാണ് തീരുമാനമെങ്കിൽ കൂട്ടരാജിയെന്നാണ് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ മുന്നറിയിപ്പ്. 

മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്തും യുഡിഎഫിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വാളയാർ പെൺകുട്ടികളുടെ അമ്മയെ യുഡിഎഫ് പിന്തുണക്കുകയാണെങ്കിൽ വിമതനായി മത്സരിക്കുമെന്ന്  വ്യക്തമാക്കി കോൺഗ്രസ് നേതാവ് രംഗത്തെത്തി. ധർമ്മടത്ത് സ്ഥാനാർത്ഥിയാകാൻ പരിഗണിച്ചിരുന്ന ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥാണ് ഈ നിലപാട് പ്രഖ്യാപിച്ചത്. തന്നെ സ്ഥാനാർത്ഥിയാക്കുമെന്ന് നേതൃത്വം നേരത്തെ ഉറപ്പു നൽകിയിരുന്നു. നാളെ പത്രിക നൽകുമെന്നും കോൺഗ്രസ് പ്രവർത്തകർ തനിക്കൊപ്പമെന്നും രഘുനാഥ് പറഞ്ഞു.

സ്ഥാനാർത്ഥി നിർണയത്തിൽ തർക്കം ഉയർത്തിയ ഐഎൻടിയുസി വിമതരെ നിർത്തേണ്ടെന്ന നിലപാടിലാണ്. സ്ഥാനാർത്ഥി നിർണയത്തിലെ അവഗണനയെപ്പറ്റി പ്രതിപക്ഷ നേതാവുമായും കെസി വേണുഗോപാലുമായും ചർച്ച നടത്തിയെന്ന് ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ സഹകരിക്കണം എന്ന് നേതാക്കൾ അഭ്യർത്ഥിച്ചെന്നും 20 ന് ഐഎൻടിയുസിയുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാമെന്ന് സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. ചർച്ചയിൽ പരിഹാരം ഉണ്ടാകുന്നത് വരെ ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് വരെയുളളവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കാനാണ് തീരുമാനം.

Follow Us:
Download App:
  • android
  • ios