Asianet News MalayalamAsianet News Malayalam

'20 മണ്ഡലങ്ങളിൽ സിപിഎം കോൺഗ്രസ് ധാരണ' : ജനഹിതത്തിനെതിരായ അവിശുദ്ധ സഖ്യമെന്ന് വി മുരളീധരൻ

തലശ്ശേരിയിൽ മനസാക്ഷി വോട്ട് തള്ളി വി മുരളീധരൻ. ബിജെപി പിന്തുണ സംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിച്ച ആൾക്ക് തന്നെ

v muraleedharan against udf and ldf
Author
Trivandrum, First Published Apr 5, 2021, 12:01 PM IST

തിരുവനന്തപുരം: ബിജെപി ശക്തമായ മത്സരം നടത്തുന്ന 20 മണ്ഡലങ്ങളിലെങ്കിലും കോൺഗ്രസ്-സിപിഎം ധാരണയുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ വോട്ട് അഭ്യര്‍ത്ഥന നടത്തിയ കെപിസിസി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാക്കുകൾ ഇതിന് തെളിവാണെന്നും വി മുരളീധരൻ പറഞ്ഞു. ശക്തമായ ത്രികോണ മത്സര സാധ്യത തുറന്നിടാൻ കേരളത്തിൽ ബിജെപിക്ക് ആയിട്ടുണ്ട്. 

തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ശക്തമായ സാന്നിധ്യം രണ്ട് മുന്നണികൾക്കും അലോസരം ഉണ്ടാകുന്നു എന്നതിന് തെളിവാണ് ഒത്തുകളി ആക്ഷേപം . ഇരു മുന്നണികളും ഒരു പോലെ ബിജെപിക്ക് എതിരെ ഇത്തരം ആക്ഷേപം ഉന്നയിച്ചിട്ടുണ്ടെന്നും വി മുരളീധരൻ പറഞ്ഞു. 

ശബരിമലയിൽ ഇടതുമുന്നണി സര്‍ക്കാരിന്‍റെ സമീപനം അടക്കം ഉള്ള കാര്യങ്ങളിൽ ജനം എങ്ങനെ പ്രതികരിക്കും എന്നത് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. ആത്മവിശ്വാസം ഇല്ലാത്ത മുന്നണികളായി യുഡിഎഫും എൽഡിഎഫും മാറി. സിപിഎമ്മിനകത്തും കോൺഗ്രസിനകത്തും നിലനിൽക്കുന്ന കടുത്ത ഭിന്നത പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പാകുമെന്നും വി മുരളീധരൻ പറഞ്ഞു. 

വ്യക്തിപൂജ നടത്തും വിധം സിപിഎം ആശയപരമായി അധപതിച്ചു. ധര്‍മ്മടത്തെ പ്രചാരണത്തിന് പോലും സിനിമാക്കാരെ ഇറക്കേണ്ട ഗതികേടിലാണ് പിണറായി വിജയൻ. ആഴക്കടൽ അടക്കം അഴിമതി ആരോപണങ്ങളെല്ലാം പോളിംഗ് ബൂത്തിലെത്തുന്ന വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും വി മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. 

തലശേരിയിൽ ബിജെപി വോട്ട് സംബന്ധിച്ച് നിലപാട് സംസ്ഥാന നേതൃത്വം പറഞ്ഞിട്ടുണ്ട്. ജില്ലാ കമ്മറ്റിയെക്കാൾ വലുതാണ് സംസ്ഥാന നേതൃത്വം എടുക്കുന്ന തീരുമാനം എന്നും വി മുരളീധരൻ പറഞ്ഞു. തലശ്ശേരിയിൽ മനസാക്ഷി വോട്ട് തള്ളിയ വി മുരളധരൻ ബിജെപി പിന്തുണ സംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിച്ച ആൾക്ക് തന്നെയെന്നും വ്യക്തമാക്കി

 

Follow Us:
Download App:
  • android
  • ios