Asianet News MalayalamAsianet News Malayalam

അട്ടിമറികൾക്കൊടുവിൽ പുതുച്ചേരി ആര് ഭരിക്കും? ഏഷ്യാനെറ്റ് ന്യൂസ് - സീഫോർ സർവേ ഫലം

കോൺഗ്രസ് ഡിഎംകെ സഖ്യം തകർന്നടിയുന്ന തെരഞ്ഞെടുപ്പിൽ ചരിത്ര ഭൂരിപക്ഷവുമായി ബിജെപി, എഡിഎംകെ, എൻആർ കോൺഗ്രസ് സഖ്യം അധികാരം പിടിക്കുമെന്ന്, ഏഷ്യാനെറ്റ് സീ ഫോർ സർവേ.

who will rule puducherry asianet news c fore survey result
Author
Puducherry, First Published Mar 16, 2021, 8:26 PM IST

പുതുച്ചേരി: പുതുച്ചേരിയിൽ ബിജെപി, അണ്ണാ ഡിഎംകെ - എൻആർ കോൺഗ്രസ് സഖ്യത്തിന് വൻ ഭൂരിപക്ഷം പ്രവചിച്ച് ഏഷ്യാനെറ്റ് സീ ഫോർ സർവേ. ഡിഎംകെ, കോൺഗ്രസ് സഖ്യം രണ്ടക്കത്തിൽ എത്തില്ലെന്നാണ് പ്രവചനം.

കോൺഗ്രസ് ഡിഎംകെ സഖ്യം തകർന്നടിയുന്ന തെരഞ്ഞെടുപ്പിൽ ചരിത്ര ഭൂരിപക്ഷവുമായി ബിജെപി, എഡിഎംകെ, എൻആർ കോൺഗ്രസ് സഖ്യം അധികാരം പിടിക്കുമെന്ന്, ഏഷ്യാനെറ്റ് സീ ഫോർ സർവേ. 

ആകെയുളള മുപ്പതിൽ 23 മുതൽ 27 വരെ സീറ്റ് ബിജെപി സഖ്യം നേടുമെന്നാണ് പ്രവചനം. കോൺഗ്രസ് സഖ്യത്തിന് മൂന്ന് മുതൽ ഏഴ് സീറ്റ് വരെ മാത്രം.

52 ശതമാനം പേരുടെ പിന്തുണ ബിജെപി സഖ്യത്തിന്. കോൺഗ്രസ് സഖ്യത്തിന് 36 ശതമാനം വോട്ട് മാത്രം. 

ന്യൂനപക്ഷങ്ങളും ദളിതരും കോൺഗ്രസ് സഖ്യത്തിനൊപ്പമെങ്കിലും മറ്റ് ജാതി വിഭാഗങ്ങളെല്ലാം ഇക്കുറി ബിജെപി സഖ്യത്തിന്‍റെ കൂടെയാണ്.

പുരുഷന്മാരിൽ 53 ശതമാനവും സ്ത്രീകളിൽ 51 ശതമാനവും ബിജെപി സഖ്യത്തെ പിന്തുണക്കുന്നു.

നാരായണസ്വാമി സർക്കാരിന്‍റെ പ്രകടനത്തിൽ വോട്ടർമാർക്ക് മതിപ്പില്ല. മോശമെന്ന് 29 ശതമാനവും വളരെ മോശമെന്ന് 15 ശതമാനം പേരും പറയുന്നു. ശരാശരിയെന്ന് അഭിപ്രായമുളളവർ 34 ശതമാനം.

കോൺഗ്രസ് നേതാവായിരുന്ന നമച്ചിവായത്തിന്‍റെയും ഒപ്പമുണ്ടായിരുന്ന അഞ്ച് എംഎൽഎമാരുടെയും രാജി തെറ്റായ നടപടിയെന്ന് 42 ശതമാനം പേർ കരുതുന്നു. രാജിക്ക് കാരണം നാരായണസ്വാമിയുടെ മോശം ശൈലിയെന്ന് 29 ശതമാനം പറയുന്നു. കോൺഗ്രസിൽ പ്രതീക്ഷ നഷ്ടപ്പെട്ടതാണ് കാരണമെന്ന് അഭിപ്രായമുളളവർ 18 ശതമാനം.

നാരായണസ്വാമി സർക്കാരിന്‍റെ പതനം തെരഞ്ഞെടുപ്പിൽ ഒരു ചലനവും ഉണ്ടാക്കില്ലെന്ന് 28 ശതമാനം പേർ കരുതുന്നു. കോൺഗ്രസിന് നേട്ടമാക്കുമെന്ന് 34 ശതമാനം പേർ അഭിപ്രായപ്പെട്ടു.

പുതുച്ചേരിക്ക് മോദി സർക്കാരിന്‍റെ പിന്തുണ കിട്ടിയോ എന്ന ചോദ്യത്തിന് അതെ എന്ന് ഉത്തരം നൽകിയവർ 39 ശതമാനം. ഇന്ന് 34 ശതമാനത്തിന് അഭിപ്രായമുണ്ട്.

റേഷൻ കടകൾ ഇല്ലാത്തതാണ് മണ്ഡലത്തിലെ പ്രധാന വികസനപ്രശ്നമായി ഭൂരിഭാഗം പേർ ചൂണ്ടിക്കാട്ടിയത്. അഴുക്കുചാൽ പ്രശ്നവും മോശം റോഡുകളും തൊഴിലില്ലായ്മയും വലിയ പ്രശ്നങ്ങളെന്ന് അഭിപ്രായപ്പെട്ടവരും ഏറെ.

മാര്‍ച്ച് അഞ്ചിനും 12-നും ഇടയിലാണ് സർവേ നടത്തിയത്. 30 മണ്ഡലങ്ങളിലേയും 5077 വോട്ടർമാരെ കണ്ടാണ് ഏഷ്യാനെറ്റ് സീ ഫോർ സർവേ തയ്യാറാക്കിയത്.

Follow Us:
Download App:
  • android
  • ios