ജൽറാപഠൻ: രാജസ്ഥാനിലെ ജാല്റാപഠൻ മണ്ഡലം മുഖ്യമന്ത്രി വസുന്ധര രാജെയുടെ കോട്ടയാണ്. കോട്ടയിൽ മുഖ്യമന്ത്രിയെ വീഴ്ത്താൻ ജസ്വന്ത് സിംഗിന്‍റെ മകൻ മാനവേന്ദ്ര സിംഗിനെ കോൺഗ്രസ് രംഗത്തിറക്കിയതോടെ ഇവിടുത്തെ മത്സരം രാജ്യശ്രദ്ധയാകർഷിക്കുകയാണ്. വസുന്ധരയ്ക്കെതിരെ ജനരോഷം പ്രകടമാണെങ്കിലും ജയം ഉറപ്പെന്ന പ്രതീക്ഷയിലാണ് ബിജെപി.

ഗ്വാളിയോറിലെ രാജകുമാരി; ധോൽപൂരിന്‍റെ റാണി!

രാജസ്ഥാനിലെ ഝാലവാറിലേക്കെത്താൻ ജയ്പൂരിൽ നിന്ന് 350 കിലോമീറ്റർ യാത്ര ചെയ്യണം. ഇത്രയും ദൂരം യാത്ര ചെയ്താൽ മധ്യപ്രദേശിലെ ഗ്വാളിയോറിലും എത്താം. ഗ്വാളിയോർ കൊട്ടാരത്തിലെ രാജകുമാരിയായ വസുന്ധര വിവാഹം കഴിച്ച് എത്തിയത് രാജസ്ഥാനിലെ ധോൽപൂർ കൊട്ടാരത്തിൽ. അങ്ങനെ ധോൽപൂരിന്‍റെ റാണിയായി. രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ വസുന്ധര തെരഞ്ഞെടുത്ത് ഝാലവാർ ലോക്സഭാ മണ്ഡലം. 

അഞ്ചു തവണ ഇവിടെ നിന്ന് വസുന്ധര ലോക്സഭയിൽ എത്തി. കേന്ദ്രത്തിൽ വിദേശകാര്യ സഹമന്ത്രിയായി. പിന്നീട് മുഖ്യമന്ത്രിയായപ്പോഴും വസുന്ധര ഇതേ മണ്ഡലത്തിലെ ജാൽറാപഠൻ തെര‍ഞ്ഞെടുത്തു. മൂന്നു വട്ടം വസുന്ധര ഇവിടെ നിന്ന് വിജയിച്ചു. 2003ലും, രണ്ടായിരത്തി എട്ടിലും, രണ്ടായിരത്തി പതിമൂന്നിലും. രണ്ടു തവണ മുഖ്യമന്ത്രിയുടെ മണ്ഡലമായി. നാലാംവട്ടവും ജനവിധി തേടുന്ന വസുന്ധര രാജെ ഇത്തവണ നേരിടുന്നത് ബിജെപിയിലെ തന്നെ മാനവേന്ദ്ര സിംഗിനെ. 

വസുന്ധര രാജസ്ഥാൻ രാഷ്ട്രീയത്തിലെ താരമായതു മുതൽ എതിർ ചേരിയിലായിരുന്നു ജസ്വന്ത് സിംഗിന്‍റെ കുടുംബം. 2014ൽ ഭിന്നതയെ തുടർന്ന് ബിജെപി ജസ്വന്തിന് ബാർമേറിൽ സീറ്റ് നൽകിയില്ല. പ്രതിഷേധിച്ച് ജസ്വന്ത് സ്വതന്ത്രനായി മത്സരിച്ചു. ഇത്തവണ മകൻ മാനവേന്ദ്ര സിംഗിനെ കോൺഗ്രസ് ജാൽറാപഠനിൽ തന്നെ മത്സരിക്കാൻ നിയോഗിച്ചു. രാജ്പുത് വിഭാഗത്തിൽ നിന്നുള്ള വസുന്ധരയ്ക്ക് എതിരെ മാനവേന്ദ്ര സിംഗ് മത്സരിക്കുന്നത് ഈ വിഭാഗത്തിന്‍റെ ആകെ പിന്തുണയ്ക്ക് സഹായിക്കുമെന്ന് കോൺഗ്രസ് കരുതുന്നു. അപ്രതീക്ഷിതമായാണ് സ്ഥാനാർത്ഥിയായതെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽത്തന്നെ മാനവേന്ദ്രസിംഗ് പറയുന്നുണ്ട്.

ഗ്രാമീണമേഖലകളിൽ രോഷം പ്രകടം

മണ്ഡലത്തിലെ വികസനം ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രചാരണം, എന്നാൽ ഗ്രാമീണമേഖലകളിൽ രോഷം പ്രകടമാണ്. ജാതി സമവാക്യങ്ങളിലാണ് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. രണ്ടു ലക്ഷത്തി എഴുപതിനായിരം വോട്ടമാരിൽ പതിനഞ്ചു ശതമാനം മുസ്ലിംവിഭാഗമാണ്. പന്ത്രണ്ടു ശതമാനം രാജ്പു‍ത് സൗന്ധ്യകളും. രണ്ടു വിഭാഗത്തിന്‍റെയും പിന്തുണ കിട്ടിയാൽ ജയിക്കാമെന്ന് കോൺഗ്രസ് കരുതുന്നു. ബ്രാഹ്മണസമുദായത്തിന് 7 ശതമാനം വോട്ടുള്ള ഇവിടെ പതിനൊന്നു ശതമാനമാണ് ഒബിസി. ജാതിക്കതീതമായാണ് ഇതുവരെ വോട്ടു വീണത്. ഇതാവർത്തിക്കുമെന്നും എന്തായാലും വസുന്ധര വീഴില്ലെന്നും ബിജെപി ഉറച്ച് വിശ്വസിക്കുന്നു

വോട്ടെണ്ണൽ ദിവസം രാജ്യശ്രദ്ധ ജൽറാപഠനിൽ തന്നെയാവും. വസുന്ധര ഇവിടെ പിന്നിലായാൽ രാജസ്ഥാനിലെ കാറ്റ് മാറിവീശുന്നു എന്ന് ഉറപ്പിക്കാം.