എറണാകുളത്ത് മുന്നേറ്റമുണ്ടാക്കാനാകാത്തത് പരിശോധിക്കുമെന്ന് രാജീവ്; സിൽവർലൈനിനുള്ള തിരിച്ചടിയല്ല; മുഖ്യമന്ത്രി നയിച്ചു എന്നത് ആലങ്കാരിക പ്രയോഗം എന്ന് എം.സ്വരാജ്

തിരുവനന്തപുരം: തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച് മന്ത്രി പി.രാജീവ്. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിരുദ്ധ വോട്ടുകളുടെ ഏകോപനം ഉണ്ടായി. ബിജെപി വോട്ടുകൾ മൂന്ന് ശതമാനം കുറഞ്ഞു. എറണാകുളത്ത് മുന്നേറ്റമുണ്ടാക്കാനാകാത്തത് പരിശോധിക്കുമെന്നും രാജീവ് പറ‍ഞ്ഞു. കെ.വി.തോമസ് ഉൾപ്പടെയുള്ള ഘടകങ്ങളും പരിശോധിക്കും. ട്വന്റി ‍ട്വന്റി വോട്ടുകൾ മുഴുവൻ യുഡിഎഫിന് പോയോ എന്ന് ഇപ്പോൾ പറയാനാകില്ല. 

അതേസമയം എൽഡിഎഫ് വോട്ടിൽ വ‌ർധന ഉണ്ടായി എന്നും പി.രാജീവ് പറഞ്ഞു. എൽഡിഎഫും യുഡിഎഫും വോട്ട് വർദ്ധിപ്പിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ 31,000 വോട്ടിന് പിറകിൽ പോയ മണ്ഡലത്തിലാണ് വോട്ട് വ‌ർധിപ്പിക്കാനായതെന്നും പി.രാജീവ് പറഞ്ഞു. തൃക്കാക്കര കുറച്ച് കടുപ്പമുള്ള മണ്ഡലമായിരുന്നു. സിൽവർലൈനിനുള്ള തിരിച്ചടിയായി ഉപതെരഞ്ഞെടുപ്പ് ഫലത്തെ കാണാനാകില്ല. ഒരു തെരഞ്ഞെടുപ്പ് കൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. 

തകർന്നുപോയിട്ടില്ലെന്ന് എം.സ്വരാജ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൂടുതൽ വോട്ട് ലഭിച്ചു എന്നതാണ് യാഥാർത്ഥ്യമെന്ന് എം.സ്വരാജ്. എൽഡിഎഫ് തകർന്നുപോയിട്ടില്ല. കഴിഞ്ഞ നിയമസഭാ തെര‍ഞ്ഞെടുപ്പിനേക്കാൾ 2,500 വോട്ട് അധികം ലഭിച്ചു. വോട്ടിംഗ് ശതമാനം കുറഞ്ഞിട്ടും വോട്ട് കൂടി. യുഡിഎഫിനും കൂടുതൽ വോട്ട് കിട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി മാത്രമല്ല തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് നയിച്ചത്, കൂട്ടായാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി നേരിട്ട് നയിച്ചു. ഇത് ഒരു ഉപതെരഞ്ഞെടുപ്പ് മാത്രമല്ലേ എന്നും എം.സ്വരാജ് ചോദിച്ചു.