ഇരുപത് സീറ്റുകളില്‍ ഞങ്ങള്‍ക്ക് നല്ല ധാരണയുണ്ട് എന്നാണ് താന്‍ നേരത്തെ പറഞ്ഞതെന്നും അല്ലാതെ ഇരുപത് സീറ്റുകളില്‍ ധാരണയായി എന്നല്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുല്ലപ്പള്ളി വിശദീകരിച്ചു.

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അധികം സീറ്റുകള്‍ ചോദിക്കാന്‍ ഘടകക്ഷികള്‍ക്ക് അവകാശമുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സീറ്റ് വിഭജനം സംബന്ധിച്ച് എല്ലാ പ്രശ്നങ്ങളും രമ്യമായി പരിഹരിക്കാന്‍ യുഡിഎഫിന് കഴിയുമെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. 

ഇരുപത് സീറ്റുകളില്‍ ഞങ്ങള്‍ക്ക് നല്ല ധാരണയുണ്ട് എന്നാണ് താന്‍ നേരത്തെ പറഞ്ഞതെന്നും അല്ലാതെ ഇരുപത് സീറ്റുകളില്‍ ധാരണയായി എന്നല്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുല്ലപ്പള്ളി വിശദീകരിച്ചു. ബൂത്ത് പ്രസിഡന്‍റുമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായി ഈ മാസം 29-ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തും. 

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി അധ്യക്ഷൻ നയിക്കുന്ന ജന്‍മഹായാത്ര ഫെബ്രുവരി മൂന്നിന് ആരംഭിച്ച് 28-ന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം നിരാശപ്പെടുത്തിയെന്നും സര്‍ക്കാരിന് മംഗളപത്രം വായിക്കുകയാണ് ഗവര്‍ണര്‍ ചെയ്തതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.