അഹമ്മദാബാദ്: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന, ക്ഷത്രിയ താക്കൂര്‍ സേനാ നേതാവ് അല്‍പേഷ് താക്കൂറിന് ഗുജറാത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രഘു ദേശായിയോടാണ് അല്‍പേഷ് പരാജയപ്പെട്ടത്. 2017ല്‍ അല്‍പേഷ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച രധന്‍പൂര്‍ ആണ് ഇക്കുറി അദ്ദേഹത്തെ കൈവിട്ടത്.

കോണ്‍ഗ്രസ് നേതൃത്വം താക്കൂര്‍ സമുദായത്തെ അവഗണിക്കുന്നെന്ന് ആരോപിച്ചാണ് ഈ വര്‍ഷം ഏപ്രിലില്‍ അല്‍പേഷ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. 2017ലാണ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസിന്‍റെ ഭാഗമായത്. കോണ്‍ഗ്രസില്‍ ഉറച്ചുനിന്ന് താക്കൂര്‍ സമുദായത്തിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നാണ് അന്ന് അല്‍പേഷ് പറഞ്ഞത്. തുടര്‍ന്ന് നടന്ന നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ 15,000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു അല്‍പേഷ് പരാജയപ്പെടുത്തിയത്. 

പതാന്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ അല്‍പേഷ് താല്പര്യം അറിയിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി ഇത് പരിഗണിക്കാതെ മുന്‍ എംപി ജഗദീഷ് താക്കൂറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. സബര്‍കാന്ത ലോക്സഭാ മണ്ഡലം താക്കൂര്‍ വിഭാഗം ആവശ്യപ്പെട്ടങ്കിലും കോണ്‍ഗ്രസ് അതിനും വഴങ്ങിയില്ല. ഇതോടെയാണ് കോണ്‍ഗ്രസും അല്‍പേഷ് താക്കൂറുമായുള്ള അഭിപ്രായഭിന്നത രൂക്ഷമായതും അല്‍പേഷ് പാര്‍ട്ടി വിട്ട് ബിജെപിയിലെത്തിയതും.

Read Also: ഗുജറാത്തിൽ കോണ്‍ഗ്രസിന് തിരിച്ചടി: ക്ഷത്രിയ താക്കൂർ സേന നേതാവ് പാർട്ടി വിട്ടു