മോദി ഭരണം അവസാനിപ്പിക്കുന്നതിനും ഫാസിസ്റ്റ് ശക്തികളെ തുരുത്തുന്നതിനും പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം കാരണമാകുമെന്ന് അശോക് ഗെലോട്ട്
ജയ്‍പൂര്‍: കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചതിനെ സ്വാഗതം ചെയ്ത് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നാണ് ഗെലോട്ടിന്‍റെ നിരീക്ഷണം. പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലേക്ക് എന്നെത്തുമെന്ന് മാധ്യമങ്ങളും ജനങ്ങളും പലപ്പോഴും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കയെ രാഹുല്‍ ഇപ്പോള്‍ നിയമിച്ചു. ഇത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തും. മോദി ഭരണം അവസാനിപ്പിക്കുന്നതിനും ഫാസിസ്റ്റ് ശക്തികളെ തുരുത്തുന്നതിനും പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം കാരണമാകുമെന്നും ഗെലോട്ട് പറഞ്ഞു.
കിഴക്കൻ ഉത്തർപ്രദേശിലെ എഐസിസി ജനറൽ സെക്രട്ടറിയുടെ ചുമതല ഏറ്റെടുക്കുന്നതോടെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സജീവ സാന്ധിധ്യമാകാകും പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂർ തുടങ്ങിയ മണ്ഡലങ്ങൾ അടങ്ങിയതാണ് കിഴക്കൻ ഉത്തർപ്രദേശ്.എൺപത് ലോക്സഭാ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ പ്രിയങ്കയുടെ സാന്നിദ്ധ്യം കൊണ്ട് മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
