ഭോപ്പാൽ: മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ സത്ത ബസാർ എന്നറിയപ്പെടുന്ന വാതുവയ്പ് വിപണി കോൺഗ്രസിന് അനുകൂലമായി തിരിയുകയാണ്. തെരഞ്ഞെടുപ്പ് തുടങ്ങിയപ്പോൾ വാതുവയ്പുകാർ ബിജെപിയുടെ അനായാസ വിജയമാണ് പ്രവചിച്ചത്. എന്നാൽ വോട്ടെടുപ്പ് കഴിയുമ്പോൾ കൂടുതൽ പേർ പണം മുടക്കുന്നത് കോൺഗ്രസ് വിജയം പ്രവചിച്ചാണ്. 

കോൺഗ്രസിന് 120 സീറ്റ് എന്ന കണക്കാണ് വാതുവയ്പ് സംഘങ്ങൾ പറയുന്നത്. ഇക്കാര്യത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത് ബിജെപിയെ ചൊടിപ്പിച്ചു. മധ്യപ്രദേശിൽ പാർട്ടി വിജയിക്കുമെന്ന് പ്രചരിപ്പിക്കാൻ റിപ്പോർട്ടുകൾ കോൺഗ്രസ് ആയുധമാക്കുകയാണെന്ന് ബിജെപി ആരോപിച്ചു. രാജസ്ഥാനിലെ വോട്ടർമാരെ ലക്ഷ്യം വച്ചാണ് ഈ പ്രചരണം. കോൺഗ്രസ് നേതാക്കൾ സത്ത ബസാറിലുള്ളവർക്ക് പണം നൽകി സ്വാധീനിക്കുകയാണെന്നും ബിജെപി എംപി അലോക് സഞ്ചത്ത് പറഞ്ഞു. 

125 സീറ്റ് എങ്കിലും കിട്ടും എന്നതാണ് ബിജെപിയുടെ വിലയിരുത്തൽ. അവസാന അടിയൊഴുക്കുകൾ എതിരായാലും അധികാരത്തിലെത്താനുള്ള കഷ്ടിച്ച് ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ബിജെപി അവകാശപ്പെടുന്നു. അതേ സമയം സത്ത ബസാറിന്‍റെയും മാധ്യമപ്രവർത്തകരുടെയും വിലയിരുത്തൽ കോൺഗ്രസ് ക്യാംപിൽ വൻ പ്രതീക്ഷ ഉയർത്തിയിരിക്കുകയാണ്. കോൺഗ്രസ് കേന്ദ്രനേതാക്കളിലും ഈ ആവേശം ദൃശ്യമാണ്.