മുഖ്യമന്ത്രി ബിരേൺ സിംഗ്,വിദ്യാഭ്യാസ മന്ത്രി രാധേശ്യാം തുടങ്ങിയ ബിജെപിയുടെ താര സ്ഥാനാർത്ഥികള്‍ അധികവും വിജയിച്ചു. അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് ഫലം വന്ന ശേഷം ബിരേൺ സിംഗ് പ്രതികരിച്ചു.

ഇംഫാല്‍: പ്രവചനങ്ങൾ ശരിവച്ച് മണിപ്പൂരിൽ (Manipur) ഭരണത്തുടർച്ചയുറപ്പിച്ച് ബിജെപി (BJP). തുടർച്ചയായി രണ്ടാം തവണയും മണിപ്പൂരിൽ ബിജെപി തന്നെ സർക്കാർ രൂപീകരിക്കും. മുപ്പത്തിയൊന്ന് സീറ്റ് നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഒൻപത് സീറ്റുകൾ നേടി എൻപിപി വലിയ മുന്നേറ്റമാണ് കാഴ്ച്ചവെച്ചത്. മണിപ്പൂരിൽ ഉറച്ച വേരുകളുണ്ടായിരുന്ന കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

കഴിഞ്ഞ തവണത്തേത് പോലെ എൻപിപിയുടെയോ, എൻപിഎഫിന്‍റെയോ പിന്തുണ ഇത്തവണ ബിജെപിക്ക് വേണ്ടി വരില്ല. വികസനം പറഞ്ഞ് വോട്ടു പിടിച്ച ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനായി. മുഖ്യമന്ത്രി ബിരേൺ സിംഗ്,വിദ്യാഭ്യാസ മന്ത്രി രാധേശ്യാം തുടങ്ങിയ ബിജെപിയുടെ താര സ്ഥാനാർത്ഥികള്‍ അധികവും വിജയിച്ചു. അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് ഫലം വന്ന ശേഷം ബിരേൺ സിംഗ് പ്രതികരിച്ചു.

മത്സരിച്ച ഇരുപത് മണ്ഡലങ്ങളിൽ ഒന്‍പത് സീറ്റ് നേടിയ നാഷണൽ പീപ്പിൾസ് പാർട്ടി ഇതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ കരുത്തുറ്റ കക്ഷിയായി മാറി. പതിനഞ്ച് വർഷം തുടർച്ചയായ മണിപ്പൂർ ഭരിച്ച കോൺഗ്രസിന് ഇത്തവണ രണ്ടക്കത്തിൽ പോലും എത്താൻ കഴിഞ്ഞില്ല. പരാജയപ്പെട്ടവരിൽ മണിപ്പൂർ പിസിസി പ്രസിഡന്‍റ് എൻ. ലോകൻ സിംഗുമുണ്ട്. നാഗ ഗോത്ര മേഖലകളിൽ മാത്രം മത്സരിച്ച എൻപിഎഫിന് കോൺഗ്രസിനേക്കാൾ സീറ്റ് നേടാനായി. ഇതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് തന്നെ കോൺഗ്രസ് പാടെ തുടച്ചു നീക്കപ്പെട്ടിരിക്കുകയാണ്.

  • ആപ്പിന്‍റെ തേരോട്ടം;പഞ്ചാബില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്, അകാലിദളും അപ്രസക്തമായി

ചണ്ഡീഗഡ്: പഞ്ചാബിൽ (Punjab) ആം ആദ്മി പാർട്ടിയുടെ (AAP Party) കന്നി ജയം ആധികാരികം. എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പിച്ചാണ് എ എ പി അധികാരത്തിൽ എത്തുന്നത്. സംസ്ഥാനത്തെ സമസ്ത മേഖലകളിലും ആപ്പിൻ്റെ മുന്നേറ്റമാണ് കണ്ടത്. മൂന്ന് മേഖലകളിലും എ എ പി ഭൂരിപക്ഷ സീറ്റുകളും നേടി. ആപ്പിൻ്റെ തേരോട്ടത്തിൽ കോൺഗ്രസ് തകർന്ന് അടിഞ്ഞു. ശിരോമണി അകാലിദളും അപ്രസക്തമായി. മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റു. കോൺഗ്രസിൻ്റെയും ശിരോമണി അകാലിദളിൻ്റെയും പ്രമുഖ നേതാക്കളും അമരീന്ദ്ര സിങും പരാജയപ്പെട്ടു.

കോൺഗ്രസിൻ്റെയും ശിരോമണി അകാലിദളിൻ്റെയും പരമ്പരാഗത വോട്ടുകളിലും ആം ആദ്മി പാര്‍ട്ടി വിള്ളൽ വീഴ്ത്തി. എല്ലാ പാർട്ടികളിലെയും വലിയ നേതാക്കളെയും എ എ പി സ്ഥാനാർത്ഥികൾ തറപറ്റിച്ചു. മുഖ്യമന്ത്രി ചരൺജിത്ത് സിങ്ങ് ഛന്നിയെ ചാംകൂർ സാഹിബിലും ബദൗറിലും വീഴ്ത്തിയത് എ എ പി സ്ഥാനാർത്ഥികളാണ്. താര പോരാട്ടം നടന്ന അമൃത്സർ ഈസ്റ്റിൽ നവജ്യോത്സിങ്ങ് സിനെയും ബിക്രം മജീതിയയെയും തോൽപിച്ചത് സമൂഹിക പ്രവർത്തക ജീവൻ ജ്യോത് കൗറാണ്. ശിരോമണി അകാലിദൾ നേതാക്കളായ പ്രകാശ് സിങ്ങ് ബാദലും സുഖ്ബീർ സിങ് ബാദലിനും അടപതറിയത് എ എ പി യുടെ സാധാരണക്കാരായ സ്ഥാനാർത്ഥികളോടാണ്. കോൺഗ്രസ് വിട്ട് ബിജെപിക്കൊപ്പം മത്സരിച്ച ക്യാപ്റ്റൻ സിങ്ങിനും സ്വന്തം തട്ടകത്തിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. 

ദളിത് വോട്ടുകൾ ലക്ഷ്യമിട്ട് ഛന്നിയെ മുൻനിർത്തി നടത്തിയ പരീക്ഷണവും കോൺഗ്രസിനെ തുണച്ചില്ല. പാർട്ടിയിലെ ഉൾപ്പോരും വടംവലിയും പ്രചാരണത്തിലെ ഏകോപനവും വീഴ്ച്ചകളായപ്പോൾ പഞ്ചാബിലെ ജനങ്ങൾ വികസനത്തിന് വോട്ട് ചോദിച്ച ആം ആദ്മി പാർട്ടിക്ക് വോട്ട് കുത്തി. ശിരോമണി അകാലിദളിന് സ്വന്തം ശക്തികേന്ദ്രങ്ങൾ കൂടിയാണ് ഈ തെരഞ്ഞെടുപ്പിൽ നഷ്ടമായത്. പ്രമുഖ നേതാക്കളുടെ തോൽവി അകാലിദളിൽ ഭിന്നസ്വരം ഉയരാൻ കാരണമാകും. മാത്സാ മേഖലയിലെ തോൽവി അകാലിദളിൻ്റെ രാഷ്ട്രീയ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. മത സമുദായിക ഘടകങ്ങൾക്കപ്പുറം പഞ്ചാബ് വോട്ട് നൽകി എന്നത് കൂടിയാണ് ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധയേമാക്കുന്നത്.