മൂന്ന് സ്വതന്ത്രരുടെ കൂടി പിന്തുണ ഉറപ്പിച്ച ബിജെപി കേവല ഭൂരിപക്ഷമെന്ന 21 കടന്നു. സ്വതന്ത്രരുടെ പിന്തുണ ഉറപ്പിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 16ാം തിയതിയാകും പുതിയ ബി ജെ പി സർക്കാരിന്റെ സത്യപ്രതിജ‍്ഞ
ഗോവ: ഗോവയിൽ (goa)ഇത്തവണയും ബി ജെ പി (bjp)സർക്കാർ (government). മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെയാണ് ബി ജെ പി അധികാരത്തിൽ വീണ്ടും എത്തുന്നത്. 40 സീറ്റുകളുള്ള ഗോവയിൽ നിലവിൽ 19 സീറ്റുകളിലാണ് ബി ജെ പി ജയം. ഇതിനൊപ്പം മൂന്ന് സ്വതന്ത്രരുടെ കൂടി പിന്തുണ ഉറപ്പിച്ച ബിജെപി കേവല ഭൂരിപക്ഷമെന്ന 21 കടന്നു. സ്വതന്ത്രരുടെ പിന്തുണ ഉറപ്പിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോർട്ടാലിം മണ്ഡലത്തിൽ നിന്ന് വിജയിച്ച അന്റോണിയോ വാസ്,കുർട്ടോറിം മണ്ഡലത്തിൽ നിന്ന് ജയിച്ച അലക്സിയോ റെജിനാൾഡോ, ബിച്ചോളിം മണ്ഡലത്തിൽ നിന്ന് ജയിച്ച ഡോ.ചന്ദ്രകാന്ത് ഷെട്ടിയ എന്നിവരാണ് ബി ജെ പിക്ക് പിന്തുണ നൽകുന്ന സ്വതന്ത്രർ. 16ാം തിയതിയാകും പുതിയ ബി ജെ പി സർക്കാരിന്റെ സത്യപ്രതിജ‍്ഞ.
ഗോവയിൽ സർക്കാർ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിക്കാൻ ബി ജെ പി ഇന്ന് വൈകുന്നേരം ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ളയെ കാണും . കഴിഞ്ഞ തവണ 13 സീറ്റിൽ വിജയം നേടിയിട്ടു കൂടി ചെറു പാർട്ടികളുടെ സഹായത്തോടെ ബി ജെ പിക്ക് ഭരണം പിടിക്കാൻ കഴിഞ്ഞിരുന്നു. ഇത്തവണ കേവല ഭൂരിപക്ഷമായ 21 എന്ന സംഖ്യയിലെത്തിയാൽ 2 സീറ്റിന്റെ കുറവ് മാത്രമുള്ളപ്പോഴാണ് മൂന്ന് സ്വതന്ത്രരുടെ പിന്തുണ നേടാൻ ബി ജെ പിക്ക് കഴിഞ്ഞത്. കഴിഞ്ഞ തവണ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസും സഖ്യകക്ഷിയായ ഗോവൻ ഫോർവേർഡ് പാർട്ടിയും ചേർന്ന് നേടിയത് വെറും 12 .
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ് സാൻക്വിലിം മണ്ഡലത്തിൽ പല തവണ പിന്നിൽ പോയെങ്കിലും ലീഡ് ഉയർത്തിയിട്ടുണ്ട്. ഗോവ പനജി മണ്ഡലത്തിൽ സ്വതന്ത്രനായി മൽസരിച്ച ഉത്പൽ പരീക്കർ തോറ്റു . മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ആണ് ഉത്പൽ പരീക്കർ.
ഗോവയിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി അമിത് പലേക്കർ വാസ്കോ മണ്ഡലത്തിൽ പിന്നിൽ ആണ്. തലെയ്ഗാവ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ജെനിഫർ മൊൺസെരാറ്റ ലീഡ‍് ചെയ്യുകയാണ്. കലൻഗുട്ടെ മണ്ഡലത്തിൽ മുൻ മന്ത്രി മൈക്കിൾ ലോബോ മുന്നിൽ ആണ്. ബെനോളിം മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ചർച്ചിൽ അലിമാവോ പിന്നിലാണ്. കർടൊറിം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥി അലക്സോ റെജിനാൾഡോ ലൗറെൻകോ ലീഡ് ചെയ്യുന്നുണ്ട്.
ഗോവ ഫോർവേഡ് പാർട്ടി സ്ഥാനാർഥി വിജയ് സർദേശായ് മുന്നിലാണ്. കോൺഗ്രസ് നേതാവ് ദിഗംബർ കാമത്ത് 5000 ലേറെ വോട്ടുകൾക്കു വിജയം ഉറപ്പിക്കുകയാണ്. അതേസമയം സിയോലിം മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് . കോൺഗ്രസ് സ്ഥാനാർഥി ദലീല ലോബോയ്ക്കെതിരെ ബിജെപി സ്ഥാനാർഥി ദയാനന്ത് മൻട്രേകർ 180 വോട്ടുകൾക്ക് മുന്നിൽ ആണിപ്പോൾ. അതേസമയം ഗോവയിൽ അക്കൗണ്ട് തുറക്കാനാകാത്ത അവസ്ഥയിലാണ് തൃണമൂൽ. എല്ലായിടത്തും പുറകിൽ ആണ് തൃണമൂൽ സ്ഥാനാർഥികൾ. അതേസമയം ഇവരുമായി സഖ്യത്തിലുള്ള മഹാരാഷ്ട്രാവാദി ഗോമന്തക് പാർട്ടി , എംജിപി മൂന്ന് സീറ്റിലുണ്ട്. ആംആദ്മി പാർട്ടി 2 സീറ്റിലും റവല്യൂഷണറി പാർട്ടി ഒരിടത്തും. പിന്നെ വിജയിച്ചു കയറിയ മൂന്ന് സ്വതന്ത്രരാണ് ബി ജെ പിക്ക് പിന്തുണ നൽകിയിട്ടുള്ളത്,
ഗോവയിൽ ബി ജെ പിയുടെ മുഖ്യമന്ത്രി ആരാകണമെന്നതിലും അനൗദ്യോഗിക ചർച്ചയും തുടങ്ങി. ബി ജെ പിയുടേയും ആർ എസ് എസിന്റേയും വിശ്വസ്തനായ പ്രമോദ് സാവന്ദ് വീണ്ടും മുഖ്യമന്ത്രി ആകുമോ എന്നതാണ് അറിയേണ്ടത്. ഓടിയും കിതച്ചും ലീഡ് ചെയ്യുന്ന പ്രമോദ് സാവന്ദ് ജയിച്ചു കയറിയാൽ പ്രമേദിന്റെ കാര്യത്തിൽ പാർട്ടി അനുകൂല തീരുമാനം എടുക്കുമോ എന്നാണ് അറിയേണ്ടത്.
അതേസമയം ജയിച്ചു കയറിയ , മുഖ്യമന്ത്രി കസേരയിൽ കണ്ണെറിഞ്ഞുള്ള നിലവിലെ ആരോഗ്യമന്ത്രി വിശ്വജിത് റാണെ ആത്മവിശ്വാസത്തിലാണ്. മുഖ്യമന്ത്രി ആരെന്ന് പാർട്ടി തീരുമാനിക്കുമെന്ന് വിശ്വജിത്ത് റാണെ പ്രതികരിച്ചു . പാർട്ടി ഏൽപിക്കുന്ന ഏത് ഉത്തരവാദിത്തവും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1. പ്രമോദ് സാവന്ദ്
2017ൽ എറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ നോക്ക്കുത്തിയാക്കി അധികാരം പിടിച്ചവരാണ് ബിജെപി.ഇത്തവണയും അധികാരം പിടിച്ചാൽ പ്രമോദ് സാവന്ദ് മുഖ്യമന്ത്രിയാകാനാണ് ഏറ്റവും സാധ്യത. മുഖ്യമന്ത്രിസ്ഥാനാർഥിയായി അദ്ദേഹത്തെ പ്രചാരണകാലത്ത് ബിജെപി ഉയർത്തിക്കാണിച്ചിട്ടുമുണ്ട്. ആർഎസ്എസ് പശ്ചാത്തലം,കേന്ദ്രനേതൃത്വവുമായുള്ള അടുപ്പം അങ്ങനെ പലതരത്തിൽ അദ്ദേഹം പാർട്ടിക്ക് യോഗ്യനാണ്.
2. വിശ്വജിത്ത് റാണെ
കാര്യങ്ങൾ പ്രമോദ് സാവന്ദിന് അത്ര എളുപ്പമെന്ന് പറയാനാകില്ല.നിലവിലെ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചരട് വലി നേരത്തെ തുടങ്ങിയിട്ടുണ്ട്. കോൺഗ്രസുകാരനായിരുന്ന വിശ്വജിത്ത് ഗോവയിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായിരുന്ന പ്രതാപ് സിംഗ് റാണയുടെ മകനാണ്. ബിജെപിയിലേക്ക് കൂറ്മാറിയെത്തിയ വിശ്വത്തിന്‍റെ സമ്മർദം കൊണ്ട് കൂടിയാണ് ഇപ്പോഴും കോൺഗ്രസുകാരനായി തുടരുന്ന അച്ഛൻ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നത്. മറ്റ് പാർട്ടികളുമായി സഖ്യമുണ്ടാക്കാതെ സർക്കാരുണ്ടാക്കാനാകില്ലെന്ന ഘട്ടം വന്നാൽ സർവ സമ്മതനായി വിശ്വജിത്ത് മാറിയേക്കും
12 സീറ്റുള്ള കോൺഗ്രസും അടിയന്തര യോഗം ചേരുന്നുണ്ട്. ആദ്യ ഫല സൂചനകൾ അനുകൂലമായെന്ന് കണ്ടതോടെ കോൺഗ്രസ് ഗവർണറെ കാണാൻ അനുമതി തേടിയിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തെ 17 നേക്കാൾ കുറഞ്ഞ് 12 എന്ന അക്കത്തിൽ ഒതുങ്ങിയ കോൺഗ്രസും അടിയന്തര കൂടിയാലോചനകൾ നടത്തുന്നുണ്ട്. എന്നാൽ ഈ ഘട്ടത്തിൽ സർക്കാർ രൂപീകരണമെന്നത് അസാധ്യമാണ്. കോൺഗ്രസ് മുഖ്യമന്ത്രിസ്ഥാനാർഥിയെ മുന്നോട്ട് വച്ചിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പിനെ നയിച്ചത് ദിഗംബർ കാമത്താണ്.
