ഒറ്റനേതാവിന്റെ ചുറ്റും കൂടിയ പ്രത്യയശാസ്ത്രം അധികാരമൊഴിഞ്ഞ കാലത്ത് പിന്നെയും ദുര്‍ബലമായി.

ലക്നൗ: നാലു പതിറ്റാണ്ടിനിടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉദിച്ചസ്തമിച്ച പ്രതീക്ഷയായി മാറുകയാണ് ബിഎസ്പി. പ്രധാന തട്ടകമായ യു.പിയില്‍ തകര്‍ന്നടിയുമ്പോൾ മായാവതിയെന്ന രാഷ്ട്രീയ നേതാവിന്റെ പതനം കൂടിയാണിത്. 

മായാവതിക്ക് യുപിയില്‍ ഒരു വോട്ടു ബാങ്കുണ്ടായിരുന്നു. കാന്‍ഷി റാമിന്റെ ആശയാദര്‍ശങ്ങളില്‍ ചുവടുവച്ചവരുടെ ജനഹിതമെന്ന സ്ഥിരനിക്ഷേപം. സ്വസമുദായമായ ജാദവരുടെ ശക്തികേന്ദ്രങ്ങളിലും പിന്നാക്ക രാഷ്ട്രീയത്തില്‍ പൊതുവിലും മായാവതി അത് വിപുലീകരിച്ചു. അങ്ങനെയാണ് യു.പിയില്‍ അവര്‍ മൂന്നുതവണ മുഖ്യമന്ത്രി വരെയായത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അത്ഭുതമെന്ന് പി.വി.നരസിംഹറാവു വിശേഷിപ്പിച്ച മായാവതി പോകപ്പോകെ ഉത്തരദേശത്ത് ശോഷിച്ചു. 

തൊണ്ണൂറുകളിലെ പാര്‍ട്ടിയെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടിക്ക് വിളിപ്പേര് വീണു. മായാവതിയുടെ വോട്ടുബാങ്കിലേക്ക് ബിജെപി കയറിചെന്നു. പിന്നാക്ക ദളിത് വിഭാഗങ്ങള്‍ക്കായി ബഹന്‍ജി ഒന്നും ചെയ്തില്ലെന്നും അഴിമതി ഭരണമാണെന്നും ആഡംബര ജീവിതമാണെന്നുമുള്ള രാഷ്ട്രീയ വിമര്‍ശനങ്ങളിലാണ് ബിഎസ്പിയുടെ ആനയെ എതിരാളികള്‍ തളച്ചത്. നേതാക്കളില്‍ പലരും സമാജ് വാദി പാര്‍ട്ടിയിലേക്ക് മടങ്ങിപ്പോയി. 

ഒറ്റനേതാവിന്റെ ചുറ്റും കൂടിയ പ്രത്യയശാസ്ത്രം അധികാരമൊഴിഞ്ഞ കാലത്ത് പിന്നെയും ദുര്‍ബലമായി. തൊട്ടറിയുന്ന വികസനങ്ങള്‍ യോഗിയുടെ ഭരണകാലത്ത് കൊണ്ടുവന്നതും ബിഎസ്പിയെ തളര്‍ത്തി. സ്ത്രീ വോട്ടര്‍മാര്‍ നിര്‍ണായകമായി. സാമൂഹ്യക്ഷേമ പദ്ധതികളുടെ ഈ ഗുണഭോക്താക്കള്‍ കൈവിട്ടതോടെയാണ് പരാജയം പൂര്‍ണമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 19 സീറ്റിലേക്ക് ബി.എസ്.പി ഒതുങ്ങി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മുട്ടുകുത്തുന്നതിന്റെ സൂചനകള്‍ മായാവതിയും പാര്‍ട്ടിയും പ്രകടിപ്പിച്ചിരുന്നു. കലങ്ങിത്തെളിഞ്ഞ ഉത്തര്‍പ്രദേശ് രാഷ്ടീയത്തില്‍ ഇനിയൊരു മടങ്ങിവരവിനുള്ള ബാല്യം പാര്‍ട്ടിക്കോ മായാവതിക്കോ ഇല്ല.