തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലെ പ്രചാരണങ്ങള്‍ അതിരുവിടുന്നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ചില രാഷ്ട്രീയപാര്‍ട്ടികളുടെ പ്രചാരണത്തില്‍ തെരഞ്ഞെടുപ്പ് ലംഘനം ശ്രദ്ധയില്‍പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. നടപടി ആവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റക്ക് മീണ അയച്ച കത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണങ്ങള്‍ അവസാനിക്കാന്‍  ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മുന്നറിയിപ്പുമായി ടീക്കാറാം മീണ രംഗത്തെത്തിയിരിക്കുന്നത്. ചില രാഷ്ട്രീയപാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും പ്രചാരണങ്ങള്‍ അതിരുവിടുന്നു എന്ന് പരാതി ലഭിച്ചിട്ടുണ്ട്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് വിഷയത്തില്‍ ശകത്മായ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് മീണ കത്തുനല്‍കിയിരിക്കുന്നത്. 

ചില രാഷ്ട്രീയപാര്‍ട്ടികളുടെ റോഡ് ഷോ, ലൗഡ് സ്പീക്കറിന്‍റെ ഉപയോഗം തുടങ്ങിയവയെല്ലാം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ഇത്തരം നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് ഡിജിപിക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കത്ത് നല്‍കിയിരിക്കുന്നത്. കത്ത് സംബന്ധിച്ച് എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.