Election Results 2022 : ഗ്രൂപ്പ് 23 ഉയര്‍ത്തിയേക്കാവുന്ന പ്രതിഷേധം കണക്കിലെടുത്ത് തന്നെയാണ് ഉടന്‍ യോഗം ചേരാനുള്ള തീരുമാനം. ഒരു സമിതിയെ നിയോഗിക്കുകയും പിന്നീട് റിപ്പോര്‍ട്ട് വെളിച്ചം കാണാത്തതുമായ പതിവ് ആവര്‍ത്തിക്കുക മാത്രമേ ചെയ്യുകയുള്ളുവെന്നാണ് വിമത നേതാക്കളില്‍ ചിലര്‍ പറയുന്നത്.
ദില്ലി: സംപൂജ്യ തോല്‍വിയുടെ കാരണങ്ങള്‍ തേടി അടിയന്തര പ്രവര്‍ത്തക സമിതി യോഗം വിളിച്ച് കോണ്‍ഗ്രസ് (Congress). നേതൃമാറ്റമടക്കം മുന്‍ ആവശ്യങ്ങള്‍ ശക്തമാക്കാനാണ് വിമത വിഭാഗമായ ജി 23 ന്‍റെ തീരുമാനം. വോട്ടെണ്ണലില്‍ വലിയ തോല്‍വിയിലേക്ക് (Election Failure) പോകുമ്പോഴായിരുന്നു ആരേയും ഭയപ്പെടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി (Rahul Gandhi) നേരത്തെ പറഞ്ഞ വിഡിയോ കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. എന്നാല്‍ പരാജയത്തിന്‍റെ വലിയ ഗര്‍ത്തത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ നേതൃത്വത്തിന് നേരെ നീളുന്ന ചോദ്യമുനകളെ ഭയന്ന് പ്രവര്‍ത്തക സമിതി വിളിക്കാനുള്ള തീരുമാനം പിന്നാലെയെത്തി. രണ്ട് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തക സമിതി ചേരാനാണ് തീരുമാനം.
പിന്നാലെ പാഠം പഠിക്കുമെന്നും ആത്മപരിശോധന നടത്തുമെന്നുമുളള രാഹുല്‍ഗാന്ധിയുടെ ട്വീറ്റുമെത്തി. ഗ്രൂപ്പ് 23 ഉയര്‍ത്തിയേക്കാവുന്ന പ്രതിഷേധം കണക്കിലെടുത്ത് തന്നെയാണ് ഉടന്‍ യോഗം ചേരാനുള്ള തീരുമാനം. ഒരു സമിതിയെ നിയോഗിക്കുകയും പിന്നീട് റിപ്പോര്‍ട്ട് വെളിച്ചം കാണാത്തതുമായ പതിവ് ആവര്‍ത്തിക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നാണ് വിമത നേതാക്കളില്‍ ചിലര്‍ പറയുന്നത്. എന്തായാലും തോല്‍വിയില്‍ തുടങ്ങി വയക്കുന്ന ചര്‍ച്ച പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കുമെന്ന് ഉറപ്പാണ്. നേതൃമാറ്റമെന്ന ആവശ്യം ഈ പ്രതിസന്ധി ഘട്ടത്തിലെങ്കിലും മുഖവിലക്കെടുക്കുമോയെന്നാണ് കണ്ടറിയേണ്ടത്.
- പരിശ്രമം വോട്ടാക്കാനായില്ലെന്ന് പ്രിയങ്ക ഗാന്ധി
ദില്ലി: അഞ്ച് സംസ്ഥാനങ്ങലിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് (Congress) കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി (Priyanka Gandhi). കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് വേണ്ടി പൊരുതിയെന്നും എന്നാല്‍ പരിശ്രമം വോട്ടാക്കാനായില്ലെന്നും പ്രിയങ്ക പറഞ്ഞു. ഉത്തര്‍പ്രദേശിന്‍റെ നന്മ ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിച്ചത്. പ്രതിപക്ഷത്തിന്‍റെ കര്‍ത്തവ്യം ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തോടെ പ്രതിപക്ഷത്തെ നയിക്കാൻ അവകാശവാദമുന്നയിക്കാൻ പോലും കെൽപ്പില്ലാതെയാവുകയാണ് കോൺഗ്രസിന്. ഭരിച്ചതിന്‍റെയും നയിച്ചതിന്‍റെയും തഴമ്പ് മാത്രം ബാക്കിയാകുന്ന പാർട്ടിയായി ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തമല്ലാതാകുന്നു കോൺഗ്രസ്.
എന്തിലൂന്നണം, എങ്ങനെ വോട്ടുചോദിക്കണം എന്നതിൽ കോൺഗ്രസിൻറെ ധാരണകളൊക്കെ തെറ്റി. അടവുമാറ്റങ്ങൾ ജനം തളളി. ഭരണവിരുദ്ധ വികാരത്തിൻറെ ആനുകൂല്യം മുതലെടുക്കാനായില്ല. തലമാറ്റ പരീക്ഷണങ്ങളിൽ, കയ്യിലുളളതും പോയി. സംഘടനാപരമായും രാഷ്ട്രീയമായും എത്രത്തോളം ദയനീയമാണ് കോൺഗ്രസിൻറെ അവസ്ഥയെന്ന് ഒരു തെരഞ്ഞെടുപ്പ് കൂടി സാക്ഷ്യപ്പെടുത്തുന്നു. നയിക്കാനാളില്ലെന്നും വെറും ആൾക്കൂട്ടമെന്നും അകത്തുനിന്നുതന്നെയുളള ഒച്ചപ്പാടുകളെ ഇനിയും കേൾക്കാതെ പോകാനാകില്ല കോൺഗ്രസിന്. ഇപ്പോൾ തന്നെ തമ്മിലടിയുടെ ഗോദയാണ് ഭരണമുളള രാജസ്ഥാനും ഛത്തീസ്ഗഡും.
കണക്കിൽ കോൺഗ്രസിൻറെ ആസ്തി 682 കോടിയാണ്. ഇതിന്‍റെ നാലിരട്ടിയുണ്ട് ബിജെപിയ്ക്കിപ്പോൾ. അതിവേഗം മണ്ണൊലിച്ചുപോകുന്ന പാർട്ടിക്ക് പണം വരവ് ഇനിയും കുറയാം. പ്രതിസന്ധിയുടെ ആഴം കൂടാം. ബിജെപിയിലേക്കും മറ്റിടങ്ങളിലേക്കുമുളള റിക്രൂട്ട്മെന്‍റ് ഏജൻസിയെന്ന ചീത്തപ്പേര് ഇനിയും കേൾക്കണം കോൺഗ്രസ്. ചാക്കിലാകാൻ മടിക്കാത്തവർക്കാണ് അഞ്ചിലങ്കത്തിലും പാർട്ടിയുടെ വിധിയെഴുതിയതിൽ അധിക പങ്ക്. ഇല കൊഴിയുന്ന മരമാണ്, തോൽവിയുടെ ശിശിരകാലം മാറാതിരിക്കുന്ന കോൺഗ്രസ്. ഇന്ത്യയുടെ ഭാവി കോൺഗ്രസിൻറെ കൈകളിലെന്ന് പറയുന്നവരുണ്ട്. കോൺഗ്രസിൻറെ ഭാവി ആരുടെ കയ്യിലാണ്?
