ചണ്ഡീഗഡ്: പഴയ ശത്രുവിനെ സ്വീകരിക്കാനുള്ള ബിജെപി തീരുമാനം ഹരിയാനയിൽ വിവാദമാകുന്നു.   നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ട, എംഎൽഎ ഗോപാൽ കാണ്ഡയുടെ പിന്തുണയാണ് ബിജെപി ഹരിയാനയിൽ ആദ്യം ഉറപ്പാക്കിയത്. എയർഹോസ്റ്റ് ഗീതിക ശർമ്മയുടെ ആത്മഹത്യ ഉൾപ്പടെ നിരവധി കേസുകൾ ഗോപാൽ കണ്ഡയ്ക്കെതിരെയുണ്ട്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും  അസ്വാരസ്യങ്ങളുണ്ടായിരിക്കുന്നതെന്നാണ് സൂചന.

ഏഴാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള ഗോപാല്‍ കാണ്ഡ ആദ്യം കൈവച്ചത് ഷൂസ് വ്യാപാരത്തിലായിരുന്നു. ആ കച്ചവടം പൊട്ടിപ്പൊളിഞ്ഞു. പിന്നീടങ്ങോട്ട് പല ബിസിനസ്സുകളിലൂടെയും വളര്‍ന്നു. ഒടുവില്‍  വിമാനക്കമ്പനി ഉടമയായി. പിന്നീട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ ഭാഗമായ കാണ്ഡ എംഎല്‍എയനും മന്ത്രിയുമായി.

പണം തട്ടിയെടുക്കൽ, ലൈംഗിക അതിക്രമം തുടങ്ങി പല ആരോപണങ്ങളും കാണ്ഡയ്ക്കെതിരെയുണ്ട്.‍ തട്ടകമായ സിര്‍സയില്‍ നിന്ന് ഇത്തവണ ഹരിയാന ലോക്ഹിത് പാർട്ടി എന്ന സ്വന്തം സംഘടനയുടെ പേരിൽ മത്സരിച്ച് ജയിച്ചാണ് കാണ്ഡ  വീണ്ടും ഹരിയാന രാഷ്ട്രീയത്തിൽ നി‍ർണ്ണായകമാകുന്നത്. 2009 ൽ കോൺഗ്രസ് സർക്കാർ രൂപീകരണത്തിന് പിന്തുണ നൽകി മന്ത്രിയായ കാണ്ഡ അന്നു മുതല്‍ ബിജെപിയുടെ ശത്രുവായിരുന്നു.

2012 ൽ ആഭ്യന്തരമന്ത്രിയായിരിക്കെ,കാണ്ഡയുടെ വിമാനക്കമ്പനിയിലെ ജീവനക്കാരിയായ ഗീതിക ശർമ്മ ആത്മഹത്യ ചെയ്തതിനെ ബിജെപി കാണ്ഡയ്ക്കെതിരായ ആയുധമാക്കി. ആത്മഹത്യക്ക് കാരണം ഗോപാൽ കാണ്ഡയാണെന്ന് ഗീതികയുടെ കത്തിലെ പരാമർശം വലിയ വിവാദമായി . കാണ്ഡയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളാണ് ബിജെപി സംഘടിപ്പിച്ചത്.

കേസിൽ പ്രതിയായതോടെ അറസ്റ്റിലായ കാണ്ഡക്ക് 2014 ൽ ജാമ്യം കിട്ടി. ആ വ‍ർഷം സിർസയില്‍ മത്സരിച്ചെങ്കിലും തോൽവിയായിരുന്നു ഫലം.  ഇത്തവണ ബിജെപിയുടെ  പ്രദീപ് റതുസരിയെ 606 വോട്ടിന് തോൽപിച്ചാണ് വീണ്ടും എംഎൽഎയായത്. ആദായ നികുതി വകുപ്പിന്റെ അന്വേഷണം അടക്കം നേരിടുന്ന ഗോപാൽ കാണ്ഡയെ കൂടെ നിർത്തിയുള്ള ബിജെപി ശ്രമത്തിനെതിരെ കോൺഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്. ചെക്ക് മടങ്ങിയ കേസുകളും ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിനെതിരെയുള്ള പരാതികളും കാണ്ഡയുടെ പേരിലുണ്ട്.