ജനങ്ങൾക്ക് രാഹുൽ ഗാന്ധിയുടെ അഞ്ച് തലമുറകളെ അറിയാം എന്നാൽ നരേന്ദ്ര മോദിയുടെ അച്ഛനാരാണെന്ന് ആർക്കുമറിയില്ലെന്നായിരുന്നു മുൻ കേന്ദ്ര മന്ത്രിയായ വിലാസ് റാവു മുട്ടേമറിന്‍റെ പ്രസ്താവന
വിദിഷ: ആരുടെയും കുടുംബത്തെ വലിച്ചിഴച്ച് വ്യക്തിപരമായ ആക്ഷേപങ്ങള്‍ ബിജെപി ഉന്നയിക്കാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവര്‍ വഹിക്കുന്ന സ്ഥാനങ്ങളെയാണ് ഞങ്ങള്‍ വിമര്‍ശിക്കാറുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ, മോദിയുടെ അച്ഛനെയും അമ്മയെയും പരാമര്‍ശിച്ചുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്തവനകള്‍ വിവാദമായിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മോദിയുടെ വിമര്‍ശനം. ഞങ്ങള്‍ ആരുടെയും കുടുംബത്തിനെതിരെ ആക്ഷേപം ഉന്നയിക്കാത്തപ്പോള്‍ എന്തിനാണ് തന്‍റെ അച്ഛനും അമ്മയ്ക്കുമെതിരെ വ്യക്തിപരമായ ആക്രമണം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നതെന്ന് മോദി ചോദിച്ചു. വിദിഷയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്ക് രാഹുൽ ഗാന്ധിയുടെ അഞ്ച് തലമുറകളെ അറിയാം എന്നാൽ നരേന്ദ്ര മോദിയുടെ അച്ഛനാരാണെന്ന് ആർക്കുമറിയില്ലെന്നായിരുന്നു മുൻ കേന്ദ്ര മന്ത്രിയായ വിലാസ് റാവു മുട്ടേമറിന്‍റെ പ്രസ്താവന. കോൺഗ്രസ് നേതാവ് രാജ് ബബ്ബാർ മോദിയുടെ അമ്മയെ കുറിച്ച് അനാവശ്യ പ്രസ്താവന നടത്തി പാർട്ടിയെ കുഴപ്പത്തിലാക്കിയതിന് പിന്നാലെയാണ് വിലാസ് റാവുവും മോശം പരാമര്‍ശം നടത്തിയത്.
വിലാസ് റാവുവിന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോ ബിജെപിയുടെ ഐടി സെല്ലിന്റെ ചുമതലയുള്ള അമിത് മാളവ്യയാണ് തന്റെ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. വീഡിയോ സമൂഹമാധ്യങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. “രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുമ്പ് ജനങ്ങൾക്ക് അദ്ദേഹത്തിന്റെ അഞ്ച് തലമുറകളെ കുറിച്ച് അറിയാം.
രാഹുലിന്റെ അച്ഛനാരാണെന്ന് അറിയാം- രാജീവ് ഗാന്ധി, അദ്ദേഹത്തിന്റെ മുത്തശ്ശി ഇന്ദിരാഗാന്ധിയെയും മുതുമുത്തശ്ശൻ ജവഹർലാൽ നെഹ്റുവിനെയും ജനങ്ങൾക്കറിയാം. നെഹ്റുവിന്റെ അച്ഛൻ മോത്തിലാൽ നെഹ്റുവിനെ കുറിച്ചും അവർക്കറിയാം. എന്നാൽ നരേന്ദ്രമോദിയുടെ അച്ഛൻ ആരാണെന്ന് ആർക്കുമറിയില്ല.”വിലാസ് റാവു പറഞ്ഞു.
രൂപയുടെ വിലയിടിവിനെ പരാമർശിക്കാൻ മോദിയുടെ അമ്മയുടെ പ്രായത്തെ കൂട്ടുപിടിച്ച കോൺഗ്രസ് നേതാവ് രാജ് ബബ്ബാറിന് തലവേദന ഉണ്ടാക്കിയിരുന്നു. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം മോദിയുടെ അമ്മയുടെ പ്രായത്തിനടുത്തേയ്ക്ക് എത്തിയിരിക്കുകയാണ് എന്നായിരുന്നു രാജ് ബബ്ബാർ പറഞ്ഞത്.
കോണ്‍ഗ്രസിലെ കുടുംബാധിപത്യം പ്രചരണായുധമാക്കുന്ന ബിജെപിയും രാഹുലിന്‍റെ രാഷ്ട്രീയ പാരമ്പര്യം ഉയര്‍ത്തി കാണിക്കുന്ന കോണ്‍ഗ്രസും ഈ വിഷയത്തില്‍ നേരത്തെയും ഏറ്റുമുട്ടിയിട്ടുണ്ട്. നെഹ്റു കുടുംബത്തില്‍ പിറന്നതിനാല്‍ മാത്രമാണ് രാഹുല്‍ കോണ്‍ഗ്രസ് തലപ്പത്ത് എത്തിയതെന്ന് കുറ്റപ്പെടുത്തുന്ന ബിജെപി, മോദിയുടെ തുടക്കം ഇതിന് ബദലായി ഉയര്‍ത്തി കാണിക്കുകയും ചെയ്യാറുണ്ട്.
