ജയ്‍പൂർ: രാജസ്ഥാനിൽ 150 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ച് പറയുകയാണ് മുൻ കേന്ദ്രമന്ത്രിയും എഐസിസി വക്താവുമായ രാജീവ് ശുക്ല. ഭരണവിരുദ്ധ വികാരം പ്രകടമാണെന്നും രാജീവ് ശുക്ല ജയ്പൂരിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

'രാജസ്ഥാനിൽ 150 സീറ്റുകൾ നേടി അധികാരത്തിലെത്തും.അത്തരത്തിലുള്ള പ്രതികരണമാണ് ലഭിയ്ക്കുന്നത്. ഈ എണ്ണം കൂടിയേക്കാം, കുറയാൻ ഒരു വഴിയുമില്ല.' രാജീവ് ശുക്ല ഉറപ്പിച്ച് പറയുന്നു.  

'കോൺഗ്രസിന് മൂന്നിലൊന്ന് ഭൂരിപക്ഷം കിട്ടും. വസുന്ധര രാജെയ്ക്കെതിരെ ജനരോഷം ശക്തമാണ്. സംസ്ഥാനത്തിന്‍റെ വികസനത്തിനായി വസുന്ധരെ ഒന്നും ചെയ്തിട്ടില്ല. സംസ്ഥാനത്തെ എല്ലാ വിഭാഗം ആളുകളും അസംതൃപ്തരാണ്. അവരെല്ലാം കോൺഗ്രസിന് അനുകൂലമായാണ് വോട്ട് ചെയ്യാൻ പോകുന്നത്.'' രാജീവ് ശുക്ല വ്യക്തമാക്കുന്നു.

ബിജെപി സർക്കാർ തിരികെ വരുമെന്നാണല്ലോ അമിത് ഷാ പറയുന്നതെന്ന ചോദ്യത്തിന്, എല്ലാ തെരഞ്ഞെടുപ്പിനും മുമ്പുള്ള വെറും ആത്മവിശ്വാസമല്ലേ ഇതെന്നും കണക്കൂകൂട്ടലെല്ലാം തെറ്റിയെന്ന് ഫലം വന്നാൽ മനസ്സിലാകുമെന്നും രാജീവ് ശുക്ല പറയുന്നു.

അവസാനഘട്ടത്തിൽ രാമക്ഷേത്രനിർമാണവും ഹിന്ദുത്വവും ഉയർത്തുന്ന ബിജെപിയുടെ ശ്രമങ്ങളെയും രാജീവ് ശുക്ല കണക്കറ്റ് വിമർശിയ്ക്കുന്നു. ''തോൽക്കുമെന്ന ഒരു ഘട്ടം വരുമ്പോഴാണ് ബിജെപി രാമക്ഷേത്രത്തെക്കുറിച്ചും ഹിന്ദുത്വത്തെക്കുറിച്ചും പറഞ്ഞു തുടങ്ങുക. ജനങ്ങൾക്ക് ഇതെല്ലാം മനസ്സിലാകും. ബിജെപിയുടെ വാദങ്ങൾ തള്ളും. കോൺഗ്രസ് വൻഭൂരിപക്ഷത്തിൽ ജയിക്കും.'', രാജീവ് ശുക്ല പറയുന്നു.