പത്തനംതിട്ട: ശക്തമായ ത്രകോണമത്സരം നടക്കുന്ന കോന്നിയില്‍ തെര‍ഞ്ഞടുപ്പ് കൊട്ടിക്കലാശത്തിനിടെ  സംഘര്‍ഷം. പൊലീസും യുഡിഎഫ് പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. 

കോന്നി ടൗണില്‍ വച്ചാണ് യുഡിഎഫ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. കൊട്ടിക്കലാശത്തില്‍ പങ്കെടുക്കുന്നതിനായി ഓരോ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നിശ്ചിത സ്ഥലം അനുവദിച്ചിരുന്നു. എന്നാല്‍, അനുവദിച്ച സ്ഥലത്തെ മറികടന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ മുന്നോട്ടുപോയതോടെയാണ് പൊലീസുകാര്‍ എതിര്‍പ്പുമായി രംഗത്തു വന്നത്. ചെറിയ തോതിലുള്ള ഉന്തും തള്ളും ഉണ്ടായെങ്കിലും വളരെ വേഗം തന്നെ പ്രശ്നം പരിഹരിച്ചതായാണ് വിവരം.

ചെറിയ തോതിലുള്ള ചാറ്റല്‍മഴയെ അവഗണിച്ച് നിരവധി പ്രവര്‍ത്തകരാണ് കൊട്ടിക്കലാശത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.