മധ്യപ്രദേശിലും മിസോറാമിലും തെരഞ്ഞെടുപ്പ് പരസ്യപ്രചരണം ഇന്നവസാനിക്കും. തുടക്കത്തിൽ ബിജെപിക്ക് മുൻതൂക്കം ഉണ്ടായിരുന്ന മധ്യപ്രദേശിൽ ഒടുവിൽ കടുത്ത മത്സരത്തിലേയ്ക്ക് കാര്യങ്ങളെത്തുകയാണ്.

ദില്ലി: മധ്യപ്രദേശിലും മിസോറാമിലും തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്നവസാനിക്കും. തുടക്കത്തിൽ ബിജെപിക്ക് മുൻതൂക്കം ഉണ്ടായിരുന്ന മധ്യപ്രദേശിൽ ഒടുവിൽ കടുത്ത മത്സരത്തിലേയ്ക്ക് കാര്യങ്ങളെത്തുകയാണ്. മധ്യപ്രദേശിലെ 230 സീറ്റുകളിലേക്കും മിസോറാമിലെ 40 സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അവസാന ഒരാഴ്ചയാണ് മധ്യപ്രദേശിൽ പ്രചാരണം ചൂടുപിടിച്ചത്. തുടക്കത്തിലെ സർവ്വെകളിൽ ബിജെപിക്ക് മുൻതൂക്കം ഉണ്ടായിരുന്നു. കോൺഗ്രസിലെ തർക്കവും ബിജെപിയെ പ്രചാരണത്തിൽ മുന്നിൽ എത്തിച്ചു.

പക്ഷേ, ഭരണവിരുദ്ധവികാരമുണ്ടെന്ന് അവസാനലാപ്പിൽ സമ്മതിയ്ക്കേണ്ടി വന്ന അവസ്ഥയാണ് ബിജെപിയ്ക്ക് മധ്യപ്രദേശിലിപ്പോൾ. റിബൽ ശല്യവും ബിജെപിക്ക് തിരിച്ചടിയായി. മത്സരം കടുക്കുന്നു എന്ന മുന്നറിയിപ്പ് ആർഎസ്എസും ബിജെപിക്ക് നല്കി. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് പ്രഖ്യാപിക്കാൻ കഴിഞ്ഞെങ്കിൽ കോൺഗ്രസിന് വിജയം ഉറപ്പായിരുന്നു എന്ന് നിരീക്ഷകർ പറയുന്നു. ഗുജറാത്തിലേത് പോലെ കോൺഗ്രസ് നേതാക്കളുടെ വിവാദ പ്രസ്താവനകൾ ആയുധമാക്കിയാണ് നരേന്ദ്ര മോദി ഭരണവിരുദ്ധ വികാരം നേരിടാൻ ശ്രമിച്ചത്. അയോധ്യാ വിഷയം ഉയരുന്നതും ധ്രുവീകരണത്തിനു സഹായിക്കുമെന്ന് ബിജെപി കരുതുന്നു.

മിസോറാമിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ മാറ്റാൻ ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തോടെയാണ് പ്രചരണം തുടങ്ങിയത്. പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരവും ചതുഷ്ക്കോണ മത്സരവും ആണ് കോൺഗ്രസ് ഭരിക്കുന്ന മിസോറാമിൽ ദൃശ്യമാകുന്നത്