മധ്യപ്രദേശിൽ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. വീട്ടിലും കുടുംബക്ഷേത്രങ്ങളിലും പൂജ നടത്തിയാണ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാൻ വോട്ട് ചെയ്യാനെത്തിയത്. ഗ്വാളിയോറിൽ വോട്ട് ചെയ്യാനെത്തിയ ഗുണ എംപി ജ്യോതിരാദിത്യ സിന്ധ്യയാകട്ടെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. മധ്യപ്രദേശിൽ ആര് വാഴും? ആര് വീഴും? ഇനി കാത്തിരിപ്പാണ്. ഡിസംബർ 11-ന് ഫലമറിയാം.
ഭോപ്പാൽ: വാശിയേറിയ പോരാട്ടം കണ്ട മധ്യപ്രദേശിൽ ഇത്തവണ കനത്ത പോളിംഗ്. 2013-ലേക്കാൾ രണ്ട് ശതമാനത്തോളം കൂടുതൽ പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2013-ൽ 72.7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയതെങ്കിൽ ഇത്തവണ 74.6 ശതമാനം പോളിംഗ് നടന്നെന്നാണ് കണക്ക്.
പലയിടത്തും വോട്ടിംഗ് യന്ത്രം പണിമുടക്കിയത് തെരഞ്ഞെടുപ്പ് വൈകിച്ചു. പക്ഷേ, രാവിലെ മുതൽ പലയിടത്തും വോട്ട് ചെയ്യാൻ നീണ്ട ക്യൂവായിരുന്നു. വോട്ടിംഗ് യന്ത്രം പണിമുടക്കിയെന്ന് നൂറിലധികം പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തിയത്.
അതിനിടെ ഭോപ്പാലിലെ സെന്‍റ് മേരീസ് കോളേജിലെ പോളിംഗ് ബൂത്തിൽ പ്രചാരണലഘുലേഖകൾ വിതരണം ചെയ്യാൻ ശ്രമിച്ച പോളിംഗ് ഏജന്‍റിനെ പൊലീസ് അറസ്റ്റ് ചെയ്തു.
"
ആര് വാഴും? ആര് വീഴും?
ഭരണവിരുദ്ധവികാരം വോട്ടാക്കി അധികാരത്തിലെത്താമെന്നാണ് മധ്യപ്രദേശിൽ ഇത്തവണ കോൺഗ്രസ് കണക്കുകൂട്ടുന്നത്. മൂന്ന് തവണ, അതായത്, പതിനഞ്ച് വർഷം അധികാരത്തിൽ തുടർന്ന ശിവ്‍രാജ് സിംഗ് ചൗഹാന്‍റെ ഭരണം മാറണമെന്ന വികാരം മധ്യപ്രദേശിലെ കർഷകർക്കും സാധാരണക്കാർക്കുമിടയിൽ ഉണ്ടെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.
മധ്യപ്രദേശിലെ മണ്ഡലങ്ങളിലൂടെ ഏഷ്യാനെറ്റ് ന്യൂസും യാത്ര നടത്തി. ശിവ്‍രാജ് സിംഗ് ചൗഹാൻ നാലാം വട്ടവും അധികാരത്തിലേറുമെന്ന് ചിലർ ഉറപ്പിച്ചു പറയുന്നു. അതേസമയം, ഭരണമാറ്റമുണ്ടാകുമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.
"
ആത്മവിശ്വാസത്തോടെ ശിവ്‍രാജ് സിംഗ് ചൗഹാൻ
എന്നാൽ ശിവ്‍രാജ് സിംഗ് ചൗഹാൻ വലിയ ആത്മവിശ്വാസത്തിലാണ്. സ്വന്തം മണ്ഡലമായ ബുധിനിയിൽ കുടുംബവീട്ടിലും ക്ഷേത്രത്തിലും പൂജ നടത്തിയാണ് ശിവ്‍രാജ് സിംഗ് വോട്ട് ചെയ്യാനെത്തിയത്. വിജയിക്കുമെന്ന പൂർണവിശ്വാസമാണ് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവച്ചത്.
"
Read More: മധ്യപ്രദേശ് പോളിംഗ്ബൂത്തിലേക്ക്: ശിവ്‍രാജ് സിംഗ് ചൗഹാനോ ജ്യോതിരാദിത്യയോ?
രഥമേറി ബിജെപി നേതാവ്
കൗതുകക്കാഴ്ചകൾക്കും മധ്യപ്രദേശിൽ കുറവില്ല. ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാശ് വിജയവർഗീയയും ഭാര്യയും രാവിലെത്തന്നെ ഇന്ദോറിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തി. വന്നതാകട്ടെ രഥത്തിലേറിയും! കുതിരകളെ കെട്ടി, റോയൽ സ്റ്റൈലിൽ തുറന്ന രഥത്തിലെത്തി വോട്ട് ചെയ്ത് മടങ്ങിയ ഇരുവരും ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിയ്ക്കുകയും ചെയ്തു.
