2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കണമെങ്കില്‍ അവര്‍ ഡിഎംകെയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണമെന്നും സഖ്യം അവസാനിപ്പിക്കണമെന്നുമുള്ള നിബന്ധന കമലഹാസന്‍ മുന്നോട്ട് വെച്ചിരുന്നു

ചെന്നെെ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി മക്കള്‍ നീതി മയ്യം പ്രസിഡന്‍റ് കമലഹാസന്‍. എന്നാല്‍, ആരുമായി സഖ്യം ചേര്‍ന്ന് മത്സരിക്കുമെന്ന കാര്യത്തില്‍ ഇപ്രാവശ്യവും നിലപാട് വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല.

പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കുന്നതിനായി തമിഴ്നാട്ടിലാകെ യാത്ര നടത്തുകയാണ് കമലഹാസന്‍. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാകുമോയെന്ന ചോദ്യത്തിന് ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നും മാധ്യമങ്ങളോട് വെളിപ്പെടുത്താനാവില്ലെന്നും കമലഹാസന്‍ പറഞ്ഞു.

2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കണമെങ്കില്‍ അവര്‍ ഡിഎംകെയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണമെന്നും സഖ്യം അവസാനിപ്പിക്കണമെന്നുമുള്ള നിബന്ധന കമലഹാസന്‍ മുന്നോട്ട് വെച്ചിരുന്നു. തന്‍റെ പാര്‍ട്ടിയുമായുള്ള സഖ്യം കൊണ്ട് തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് ഗുണമുണ്ടാകണമെന്ന കാര്യം മാത്രമേ കോണ്‍ഗ്രസിനോട് പറയാനുള്ളൂ.

അഴിമതി അവസാനിപ്പിക്കുക എന്ന ലക്ഷ്യമാണ് മക്കള്‍ നീതി മയ്യത്തിനുള്ളത്. അഴിമതിയില്‍ മുങ്ങുന്ന പാര്‍ട്ടികളോട് യോജിക്കാന്‍ ഒരുതരത്തിലും സാധിക്കില്ല. അഴിമതി നിറഞ്ഞ പാര്‍ട്ടികളാണ് ഡിഎംകെയും എഡിഎംകെയും. തമിഴ്നാട്ടില്‍ നിന്ന് ഈ രണ്ട് പാര്‍ട്ടികളെയും തുരത്താനുള്ള കഠിന പ്രയ്തനം നടത്തുമെന്നും കമലഹാസന്‍ അന്ന് വ്യക്തമാക്കി.

നേരത്തെ, ഗജ ആഞ്ഞടിച്ച തമിഴ്നാട്ടിലെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ മക്കള്‍ നീതി മയ്യം ജനങ്ങള്‍ക്ക് നല്ലത് മാത്രമേ ചെയ്യുകയുള്ളുവെന്ന് പറഞ്ഞിരുന്നു. സ്റ്റെര്‍ലെെറ്റ് വിഷയത്തില്‍ ജനങ്ങളുടെ വാക്കുകള്‍ സര്‍ക്കാര്‍ കേള്‍ക്കണമെന്നുള്ള നിലപാടും അദ്ദേഹം സ്വീകരിച്ചിരുന്നു.