തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ പ്രണവ്, സഫീർ എന്നിവരെ വെള്ളിയാഴ്ച വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കേസില്‍ പ്രണവ് രണ്ടാം പ്രതിയും സഫീര്‍ നാലാം പ്രതിയുമാണ്. തിരുവനന്തപുരം സിജെഎം കോടതിയിൽ കീഴടങ്ങിയ ഇരുവരും റിമാൻഡിലായിരുന്നു. 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായ പ്രണവ് പിഎസ്‍സി പൊലീസ് റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനാണ്. പരീക്ഷാ തട്ടിപ്പിന്‍റെ ആസൂത്രണത്തിലും പ്രണവിനും സഫീറിനും പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി ഡിവൈഎസ്പി ഹരികൃഷ്ണന്‍റെ നേതൃത്വത്തിൽ ചോദ്യം ചെയ്യാൻ തുടങ്ങി.

പരീക്ഷ ചോദ്യപേപ്പർ ചോർത്തി ഉത്തരങ്ങള്‍ എസ്എംഎസുകാളായി നൽകിയതിലെ മുഖ്യസൂത്രധാരൻ പ്രണവെന്നാണ് മറ്റ് പ്രതികള്‍ നൽകിയിരിക്കുന്ന മൊഴി. ഈ സാചര്യത്തിൽ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ചോദ്യപേപ്പർ ചോർച്ചയെ കുറിച്ചുള്ള പ്രണവിന്‍റെ മൊഴി നിർണായകമാവും.