ജയ്പൂര്‍: ബിജെപി വിട്ടത് വസുന്ധരരാജെയുടെ പ്രവർത്തനശൈലിയിൽ പ്രതിഷേധിച്ചാണെന്ന് ജസ്വന്ത് സിങ്ങിന്‍റെ മകൻ മാനവേന്ദ്ര സിങ്. നരേന്ദ്ര മോദിയുമായും അമിത് ഷായുമായും പ്രശ്നങ്ങളില്ലായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയായ തനിക്ക് സ്വർഗത്തിൽ നിന്ന് എബി വാജ്പേയിയുടെ അനുഗ്രഹമുണ്ടെന്നും മാനവേന്ദ്രസിംഗ് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

2014 എന്‍റെ അച്ഛനെ പാർട്ടി പുറത്താക്കിയത് വലിയ വേദനയുണ്ടാക്കി. പാർട്ടിയിലും മുതിർന്ന നേതാക്കളെ അത് നിരാശരാക്കി.   രാജസ്ഥാൻ പാർട്ടിക്കുള്ളിലെ രാഷ്ട്രീയമായിരുന്നു കാരണം. വസുന്ധരയായിരുന്നു ആ നീക്കത്തിനു പിന്നിൽ എന്നാണ് എന്നോട് പറഞ്ഞത്. മോദിയോടും അമിത്ഷായോടും അധികം സംസാരിക്കാറില്ല. അതിനാൽ പ്രശ്നങ്ങളുമില്ലായിരുന്നു.- സ്വർഗത്തിൽ നിന്ന് എബി വാജ്പേയി എന്നെ അനുഗ്രഹിക്കുന്നുണ്ട്. എന്‍റെ എല്ലാ നീക്കത്തിനും ആ അനുഗ്രഹമുണ്ടെന്നും  മാനവേന്ദ്ര സിങ് പറഞ്ഞു. 

രാജ്യം ശ്രദ്ധിക്കുന്ന മത്സരമാണ് രാജസ്ഥാനിലെ ജാല്‍റപഠൻ മണ്ഡലത്തിൽ നടക്കുന്നത്. മുഖ്യമന്ത്രി വസുന്ധര രാജയെ എതിർക്കുന്നത് ബിജെപി നേതാവായിരുന്ന ജസ്വന്ത് സിംഗിന്‍റെ മകൻ മാനവേന്ദ്ര സിങ്ങാണ്. 

രാഹുല്‍ ഗാന്ധിയുടെ മൃദു ഹിന്ദുത്വ നിലപാടില്‍ സന്തോഷമുണ്ടോ എന്ന് ചോദ്യത്തിന് അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനയായിരുന്നു- രാഹുൽ ഗാന്ധിയുടേത് മൃദു ഹിന്ദുത്വ സമീപനമല്ല. പരിചയസമ്പന്നതയില്‍ നിന്നുള്ള വർധിച്ച ആത്മവിശ്വാസമാണ് രാഹുൽ ഗാന്ധിയിൽ ദൃശ്യമാകുന്നത് -മാനവേന്ദ്ര സിംഗ് വ്യക്തമാക്കി.