ജയ്പൂര്‍: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കൊലപാതകത്തിന് തുല്യമായ കുറ്റകൃത്യമാണെന്നും ശിക്ഷിക്കപ്പെടണമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജേ. വസുന്ധര സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ആള്‍ക്കൂട്ട ആക്രമണം. 

കുറ്റബോധമില്ലെന്നും വ്യത്യസ്തമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വസുന്ധര പറഞ്ഞു. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. 

''ആള്‍ക്കൂട്ട ആക്രമണം കൊലപാതകത്തിന് തുല്യമാണ്. അത് നല്ലതല്ല. അത് പ്രത്യേക കാര്യമായി കാണേണ്ടെന്നാണ് എനിക്ക് തോനുന്നത്. അത് കൊലപാതകമാണ്. ക്രമസമാധാന പ്രശ്നം കൂടിയാണ്. എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന അടിസ്ഥാനത്തിലാണ് ആള്‍ക്കൂട്ട ആക്രമണം വിലയിരുത്തപ്പെടുക'' - വസുന്ധര പറഞ്ഞു. 

കൊലപാതകത്തിന് അപ്പുറം മതത്തിന്‍റെയും പകയുടെയും വശമില്ലേ എന്നുമുള്ള ചോദ്യത്തിന്, പക്ഷേ താന്‍ ഇതിനെ കൊലപാതകമായി കാണാനാണ് ആഗ്രഹിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.