ജയ്പൂർ: രാജസ്ഥാൻ കൊട്ടിക്കലാശത്തിലേക്ക് അടുക്കുമ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണ ഗോദായിൽ രാഹുൽ ഗാന്ധിയുടേയും നരേന്ദ്രമോദിയുടേയും ബലാബലമാണ്. ഹിന്ദുമതത്തെക്കുറിച്ചുള്ള അറിവ് ആർക്കെന്ന തർക്കത്തിനു ശേഷം ‘ഭാരത് മാതാ കി ജയ്’ മുദ്രാവാക്യത്തെ ചൊല്ലിയാണ് രണ്ടുപേരുടേയും വാക്‍പോര്.  

രാജസ്ഥാനിലെ അൽവാറിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പു റാലിയിലാണ് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചത്. 'വേദികളിൽ പ്രസംഗിക്കുന്നതിന് മുമ്പ് മോദി ഭാരത് മാതാ കി ജയ് എന്നായിരിക്കും അഭിസംബോധന ചെയ്യുന്നത്. പക്ഷേ, അനിൽ അംബാനിക്ക് വേണ്ടിയാണ് അദ്ദേഹം പണിയെടുക്കുന്നത്. അതു കൊണ്ട്  അനില്‍ അംബാനി കി ജയ് എന്നോ, മെഹുൽ ചോക്സി കി ജയ് എന്നോ നീരവ് മോദി കി ജയ് എന്നോ വിളിക്കുന്നതായിരിക്കും നല്ലത്',  രാഹുല്‍ പറഞ്ഞു. മോദി തന്റെ പ്രസംഗങ്ങളിൽ റഫാൽ വിഷയത്തെ കുറിച്ച് ഒന്നും പറയാറില്ലെന്നും അക്കാര്യത്തെ പറ്റി എന്തെങ്കിലും പറഞ്ഞാൽ കാവൽക്കാരൻ കള്ളനാണെന്ന് ജനങ്ങൾ വിളിച്ചു പറയുമോ എന്ന ഭയമാണ് മോദിക്കെന്നും രാഹുൽ പരിഹസിച്ചു.

രാഹുലിന്റെ ഈ നിർദ്ദേശത്തിന് മോദിയുടെ മറുപടി രണ്ടു മണിക്കൂറിനുള്ള സിക്കറിൽ നടന്ന റാലിയിൽ നല്കി. പ്രസംഗം തുടങ്ങിയത് ഇങ്ങനെയായിരുന്നു. “കോൺഗ്രസിന്റെ നാമധാരി ഞാൻ ഭാരത് മാതാ കി ജയ് എന്ന് പറയരുതെന്ന ഫത്വ പുറപ്പെടുവിച്ചിരിക്കുകയാണ്. നിങ്ങളുടെ മുന്നിൽ വച്ച് ഈ ഫത്വ ഞാൻ വലിച്ചു കീറി കളഞ്ഞിരിക്കുകയാണ്." ഇന്ന് നിങ്ങൾ പത്തു പ്രാവശ്യം ഭാരത് മാതാ കി ജയ് പറയണം എന്നാണ് തന്‍റെ നിർദ്ദേശമെന്നും മോദി റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

ഭാരത് മാതാ കീ ജയ് എന്ന് മുദ്രാവാക്യം മുഴക്കിയ മോദി രാഹുലിന്റെ പരിഹാസത്തെ പരിഹാസം കൊണ്ടുതന്നെയാണ്  നേരിട്ടത്. "ഇന്ദിരാ കി ജയ്, സോണിയാ കി ജയ് എന്നു മാത്രം വിളിച്ചു ശീലിച്ചവർക്ക് ഭാരത മാതാവിനായി മുദ്രാവാക്യം വിളിക്കാനാവില്ല. എന്നാൽ തനിക്ക് ഭാരതമാതാവാണ് എല്ലാം" 

"

ഗുരുനാനാക് തന്‍റെ ജീവിതത്തിന്റെ അവസാന ദിനങ്ങൾ ചെലവഴിച്ച കർതാർപൂർ ഗുരുദ്വാര പാകിസ്ഥാനിലായത് കോൺഗ്രസിന്റെ അശ്രദ്ധ കാരണമെന്നും മോദി ആരോപിച്ചു. കുറച്ചെങ്കിലും ആലോചന ഗുരുനാനകിനെക്കുറിച്ച് ഉണ്ടായിരുന്നെങ്കിൽ മൂന്നു കിലോമീറ്ററിനപ്പുറം കർതാർപൂർ ഇന്ത്യയ്ക്ക് പുറത്ത് ആകുമായിരുന്നില്ല എന്നും വിമർശനം. കൊണ്ടും കൊടുത്തും മോദിയും രാഹുലും മുന്നേറുമ്പോൾ ചൂടേറിയ രാഷ്ട്രീയ പോരാട്ടാത്തിനാണ് രാജസ്ഥാൻ സാക്ഷ്യം വഹിക്കുന്നത്.