കോട്ടയം: വരുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് നിഷ ജോസ് കെ മാണി മത്സരിക്കില്ലെന്ന് ജോസ് കെ മാണി എംപി. സ്ഥാനാർഥിയെ ഇപ്പോൾ തീരുമാനിച്ചിട്ടില്ല. അനുയോജ്യനായ സ്ഥാനാർഥിയെ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. 

കേരളാ കോൺഗ്രസ് നടത്തുന്ന കേരളയാത്രയുടെ ശോഭ കെടുത്താനാണ് ഇപ്പോഴുള്ള അഭ്യൂഹങ്ങൾ. കോട്ടയം പാര്‍ലമെന്‍റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ് - പ്രസ്താവനയിൽ ജോസ് കെ മാണി പറയുന്നു.

കഴിഞ്ഞ യുഡിഎഫ് നേതൃയോഗത്തിൽ കെ എം മാണി ഒരു സീറ്റ് കൂടി വേണമെന്ന ആവശ്യമുന്നയിച്ചിരുന്നു. ലീഗും സീറ്റുകളുടെ എണ്ണം കൂട്ടിച്ചോദിച്ചിട്ടുണ്ട്. കോട്ടയത്തിന് പുറമേ ഇടുക്കി കൂടി നൽകണമെന്നായിരുന്നു കേരളാ കോൺഗ്രസ് എമ്മിന്‍റെ ആവശ്യം. എന്നാൽ അത് നടക്കില്ലെന്നാണ് കെ എം മാണിയ്ക്ക് മുന്നണിയിൽ നിന്ന് കിട്ടിയ മറുപടി. സീറ്റ് വിഭജനം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ആരൊക്കെ എവിടെയൊക്കെ മത്സരിക്കും എന്ന കാര്യത്തിൽ അന്തിമരൂപമാകുന്നേ ഉള്ളൂവെന്നും യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ വ്യക്തമാക്കിയിരുന്നു. 

Read More: കോട്ടയം കൊടുക്കും, ഇടുക്കി നടക്കില്ല; ജോസ് കെ മാണിക്ക് ബെന്നി ബെഹനാന്‍റെ മറുപടി

കോട്ടയം സീറ്റ് കേരളാകോൺഗ്രസിൽ നിന്ന് തിരിച്ചുപിടിച്ച് ഉമ്മൻചാണ്ടി ലോക്സഭയിലേക്ക് മത്സരിക്കുമെന്നുൾപ്പടെ ആരോപണങ്ങളുണ്ടായിരുന്നു. കോട്ടയം, ഇടുക്കി സീറ്റുകൾ പരസ്പരം വച്ചു മാറില്ലെന്ന് കോൺഗ്രസും കേരള കോൺഗ്രസും ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ നിലപാടായിരിക്കും നിർണ്ണായകമാവുക.

Read More: ഉമ്മൻചാണ്ടി കോട്ടയത്തുനിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമോ? 

ഏഷ്യാനെറ്റ് ന്യൂസ് തെരഞ്ഞെടുപ്പ് പ്രത്യേക പേജ് ഇവിടെ കാണാം