മുംബൈ: ഇലക്ട്രോണിക് വോട്ടിങ് മെഷീൻ സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഞെട്ടിക്കുന്ന വാർത്തയാണ് നിയമസഭ തെര‍ഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ പോളിങ് സ്റ്റേഷനായ സത്താരയിൽ നിന്ന് പുറത്തുവരുന്നത്. ഈ പോളിങ് സ്റ്റേഷനിലുള്ള ഇവിഎം മെഷീനിലെ ഏത് ചിഹ്നത്തിൽ അമർത്തിയാലും വോട്ട് വീഴുക ബിജെപിക്കാണെന്നാണ് മാഹാരാഷ്ട്രയിലെ ഒരുകൂട്ടം വോട്ടർമാരുടെ ആരോപണം. എന്നാൽ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോ​ഗസ്ഥർ നിഷേധിച്ചു. ഒക്ടോബർ 20നായിരുന്നു മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്.

എൻസിപി സ്ഥാനാർത്ഥി ശ്രീനിവാസ് പട്ടീലിന് ചെയ്ത വോട്ട് ബിജെപി സ്ഥാനാർത്ഥിയായ ഉദയൻരാജ് ബോസ്ലെയ്ക്കാണ് വീണതെന്നാണ് വോട്ടർമാരും പ്രധാന ആരോപണം. ഇതിന് പിന്നാലെ പോളിങ് ബൂത്തിലെത്തിയ എൻസിപി എംഎൽഎ ശശികാന്ത് ഷിൻഡെ ഇവിഎം മെഷീന്റെ തകരാറ് സംബന്ധിച്ച് ഉദ്യോ​ഗസ്ഥരെ വിവരമറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോ​ഗസ്ഥർ ഇവിഎം മെഷീനുകൾ പരിശോധിക്കുയും തകരാർ കണ്ടെത്തുകയും ചെയ്തു. തുടർന്ന് ബൂത്തിൽ നിന്ന് ഇവിഎം മെഷീനുകൾ മാറ്റി പുതിയത് സ്ഥാപിച്ചു. പിന്നീട് മോക്ക് ടെസ്റ്റ് നടത്തി മെഷീനിന് തകരാറുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം വീണ്ടും വോട്ടെടുപ്പ് നടത്തി.

വോട്ടർമാർ വിവരമറിയിച്ചതിനെ തുടർന്നാണ് താൻ പോളിങ് ബൂത്തിലെത്തിയതെന്ന് ഷിൻഡെ പറഞ്ഞു. എന്നാൽ വോട്ടർമാർ വിളിച്ചു പറയുന്നതിന് മുമ്പ് 270 ലധികം ആളുകൾ ഇത്തരത്തിൽ വോട്ട് ചെയ്തിരുന്നു. എൻസിപി സ്ഥാനാർത്ഥിക്ക് നേരെയുള്ള ബട്ടൺ അമർത്തുമ്പോൾ ബിജെപി സ്ഥാനാർത്ഥിയുടെ നേരെയുള്ള ചുവന്ന സ്വിച്ചാണ് കത്തിയത്. ഇതാണ് വോട്ടർമാരെ സംശയത്തിലാഴ്ത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

സത്താരയിലെ കൊറോ​ഗാവ് പോളിങ് ബൂത്ത് സന്ദർശിച്ചപ്പോൾ ഇവിഎം തട്ടിപ്പ് നടന്നതിന് താൻ സാക്ഷിയായിരുന്നു. സംഭവം തെരഞ്ഞെടുപ്പ് കമ്മീഷൻ ​ഗൗരവതരമായി എടുക്കണമെന്നും ഷിൻഡെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കൊറോ​ഗാവിലെ റിട്ടേണിങ് ഉദ്യോ​ഗസ്ഥനായ കിർത്തി നലവാഡെ ശശികാന്തിന്റെ ആരോപണം നിഷേധിച്ചിരുന്നു.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയില്‍ 63 ശതമാനം പോളിംഗ്(2014-63.4%) രേഖപ്പെടുത്തി. മഹാരാഷ്ട്രയിൽ ബിജെപി സീറ്റ് നിലനിർത്തുമെന്ന് തന്നെയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ്പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ ആകെയുള്ള 288 സീറ്റിൽ ബിജെപി-ശിവസേന സഖ്യത്തിന് 166 മുതൽ 194 വരെ ലഭിക്കുമെന്നാണ് ഇന്ത്യാടുഡെ മൈ ഇന്ത്യ ആക്സിസ് എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നത്.