കേരളത്തിലെവിടെ മത്സരിച്ചാലും ഉമ്മന്‍ചാണ്ടി ജയിക്കുമെന്ന് കെപിസിസി പ്രചാരക സമിതി അധ്യക്ഷന്‍ കെ.മുരളീധരന്‍

തൃശ്ശൂര്‍: കേരളത്തിലെവിടെ മത്സരിച്ചാലും ഉമ്മന്‍ചാണ്ടി ജയിക്കുമെന്ന് കെപിസിസി പ്രചാരക സമിതി അധ്യക്ഷന്‍ കെ.മുരളീധരന്‍. ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന മുല്ലപ്പള്ളിയുടെ അഭിപ്രായം പാര്‍ട്ടിയുടെ തീരുമാനമാണെന്ന് വ്യക്തമാക്കിയ മുരളീധരന്‍ പക്ഷേ മത്സരിക്കണമോ എന്നത് ഉമ്മന്‍ചാണ്ടി തീരുമാനിക്കേണ്ട കാര്യമാണെന്നും പറഞ്ഞു.

ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും ജയിക്കുമെന്നുറപ്പുള്ള സ്ഥാനാര്‍ഥിയാണ് ഉമ്മന്‍ചാണ്ടി, പക്ഷേ അദ്ദേഹം മത്സരിക്കുമോ എന്ന് അദ്ദേഹത്തോട് തന്നെ ചോദിച്ചു നോക്കണം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍വിജയം നേടുമെന്ന ആത്മവിശ്വാസം കെപിസിസി അധ്യക്ഷനെ പോലെ തന്നെ കെ.മുരളീധരനും പ്രകടിപ്പിച്ചു. ഇരുപതില്‍ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്ന് കെ.മുരളീധരന്‍ പറഞ്ഞു.