ഹെെദരാബാദ്: സിപിഐ(എംഎല്‍) തെലങ്കാനയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ജര്‍മന്‍ പൗരനെതിരെ കേസെടുത്തു. തെലങ്കാന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഗുമ്മാണ്ടി നരസയ്യ സംഘടിപ്പിച്ച പരിപാടിയിലാണ് ജര്‍മന്‍ പൗരനായ വെയ്ഡ്മാന്‍ ജോര്‍ജ് അലക്സാണ്ടറും പങ്കെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ഇന്‍റര്‍നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ ഓഫ് റെവല്യൂഷണറി പാര്‍ട്ടീസ് ആന്‍ഡ് ഓര്‍ഗനെെസേഷന്‍സിന്റെ സെന്‍ട്രല്‍ കമ്മിറ്റി മെംബറാണ് വെയ്ഡ്മാന്‍. ബെംഗളുരുവില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഔദ്യോഗികമായി ജര്‍മനിയിലെ മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റ് പാര്‍ട്ടി നേതാവായ വെയ്ഡ്മാന്‍ ഇന്ത്യയില്‍ എത്തിയത്.

എന്നാല്‍, തെലങ്കാനയില്‍ നടന്ന പരിപാടിയിലും വെയ്ഡ്മാന്‍ പങ്കെടുത്തതായി പൊലീസ് കണ്ടെത്തുകയായിരുന്നു. ഇന്‍റലിജന്‍സ് നല്‍കി വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിപാടിയുടെ ചിത്രങ്ങള്‍ പൊലീസ് ശേഖരിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. വെയ്ഡ്മാന്‍, നരസയ്യ എന്നിവരെ കൂടാതെ മറ്റ് രണ്ട് പേര്‍ക്കെതിരെയും കൂടെ കേസെടുത്തിട്ടുണ്ട്.

വിസാ നിയമം അടക്കം ലംഘിച്ചതിനാണ് വെയ്ഡ്മാനെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വെയ്ഡ്മാനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഇത്തരം സമ്മേളനങ്ങളില്‍ വിദേശ പൗരന്മാര്‍ പങ്കെടുക്കുന്നത് നിമയപരമായി തെറ്റാണെന്നും ഉടന്‍ വെയ്ഡ്മാനെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍, തനിക്ക് വെയ്ഡ്മാനെ അറിയില്ലെന്ന് നരസയ്യ പറഞ്ഞു. താനോ പാര്‍ട്ടിയോ അങ്ങനെ ഒരാളെ ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.