Asianet News MalayalamAsianet News Malayalam

അധികാരത്തിലെത്തി പത്ത് ദിവസത്തിനകം കാര്‍ഷിക വായ്പകൾ എഴുതിത്തള്ളും: രാജസ്ഥാനിലെ കോൺഗ്രസ് പ്രകടന പത്രിക

രാജസ്ഥാനിൽ അധികാരത്തിലെത്തിയാൽ പത്തു ദിവസത്തിനുള്ളിൽ കാര്‍ഷിക വായ്പകൾ എഴുതി തള്ളുമെന്നാണ് കോൺഗ്രസിന്‍റെ വാഗ്ദാനം. യുവാക്കളേയും കർഷകരേയും ദളിതരേയും കൂടെ നിർത്താൻ ശ്രമം, പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, മധ്യപ്രദേശിലേതു പോലെ പ്രകടനപത്രികയിൽ മൃദു ഹിന്ദുത്വ വാദമില്ല.

Rajasthan Congress manifesto promises to waive farm loans
Author
Jaipur, First Published Nov 29, 2018, 7:25 PM IST

ജയ്പൂർ: യുവാക്കളുടെയും കര്‍ഷകരുടെയും വോട്ട് ഉന്നമിട്ടാണ് കോൺഗ്രസ് രാജസ്ഥാനിൽ പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. ബിജെപിയുടെ പ്രകടനപത്രികയും കർഷകർക്കുള്ള ക്ഷേമപദ്ധതികൾക്ക് ഊന്നൽ നൽകിക്കൊണ്ടായിരുന്നു. യുവ വോട്ടര്‍മാരെ തങ്ങളുടെ ചേരിയിലാക്കാനും ബിജെപിയും കോണ്‍ഗ്രസും തമ്മിൽ പ്രകടന പത്രികകളിൽ മല്‍സരമാണ്.

അധികാരത്തിലെത്തി പത്തു ദിവസത്തിനുള്ളിൽ കാര്‍ഷിക വായ്പ എഴുതി തള്ളുമെന്നാണ് വാഗ്ദാനം. തെരഞ്ഞെടുപ്പ് റാലികളിലെ രാഹുൽ ഗാന്ധി ആവർത്തിച്ച ഈ  വാഗ്ദാനം പ്രകടനപത്രികയിലും കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. കര്‍ഷകർക്ക്‍ പെൻഷൻ, കാര്‍ഷിക ഉപകരണങ്ങളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കും തുടങ്ങിയ വാഗ്ദാനങ്ങളുമായി കർഷക വോട്ട് പെട്ടിയിലാക്കാനാണ് കോൺഗ്രസിന്‍റെ ശ്രമം. അയ്യായിരം രൂപ തൊഴില്ലായ്മ വേതനം ബിജെപി വാഗ്ദാനം ചെയ്യുന്പോള്‍ 3500 രൂപയാണ് കോണ്‍ഗ്രസിന്‍റെ വാഗ്ദാനം. ഒപ്പം മല്‍സരപരീക്ഷകള്‍ക്കുള്ള യാത്ര സൗജന്യമാക്കുമെന്നും. തൊഴിലവസരങ്ങള്‍ക്ക് ഉതകുന്ന രീതിയിൽ സര്‍വകലാശാല പാഠ്യപദ്ധതി മാറ്റുമെന്നും കോൺഗ്രസിന്‍റെ പ്രകടന പത്രികയിലുണ്ട്. പെൺകുട്ടികൾക്ക് പൂർണമായും സൗജന്യ വിദ്യാഭ്യാസമാണ് മറ്റൊരു വാഗ്ദാനം.

വേദ പഠനത്തിനായി ബോർഡ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഹിന്ദുത്വ വോട്ടിലും കോൺഗ്രസ് കണ്ണുവയ്ക്കുന്നു. അതേ സമയം മധ്യപ്രദേശിലേതു പോലെ വന്‍ തോതിൽ മൃദു ഹിന്ദുത്വ കാര്‍ഡ് ഇറക്കുന്നില്ല. ഗോശാലകള്‍ സ്ഥാപിക്കുമെന്നോ സര്‍ക്കാര്‍ ജീവനക്കാരുടെ ആര്‍എസ്എസ് പ്രവര്‍ത്തനം നിയന്ത്രിക്കുമെന്നോ രാജസ്ഥാനിലെ കോൺഗ്രസിന്‍റെ പ്രകടന പത്രികയിൽ ഇല്ല. അംബേദ്കര്‍ തീര്‍ഥാടന ഫണ്ട് അടക്കമുള്ള വാഗ്ദാനങ്ങളുമായി  ദളിത് വോട്ടര്‍മാരെ ഒപ്പം നിര്‍ത്താനും ശ്രമമുണ്ട്. മാധ്യമപ്രവര്‍ത്തരുടെ സുരക്ഷയ്ക്കായ പ്രത്യേക നിയമമാണ് മറ്റൊരു വാഗ്ദാനം. സാമൂഹ്യമാധ്യമങ്ങളിലൂടെ പൊതു ജനങ്ങളിൽ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് കോൺഗ്രസ് ഇക്കുറി പ്രകടന പത്രിക തയ്യാറാക്കിയത്.

"

Follow Us:
Download App:
  • android
  • ios