തമിഴ്നാട്ടില്‍ തങ്ങള്‍ക്കൊപ്പം ചേരുന്നതിനായി പാര്‍ട്ടികള്‍ക്കായി സഖ്യ സാധ്യതകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ സംവാദത്തിലാണ് പറഞ്ഞത്

ചെന്നെെ: തമിഴ്നാട്ടില്‍ എന്‍ഡിഎ സഖ്യത്തിലേക്ക് പ്രാദേശിക പാര്‍ട്ടികളെ ക്ഷണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ എസ്. തിരുനാവുക്കരശര്‍. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ നിന്ന് ഘടകകക്ഷികള്‍ പുറത്ത് വരികയാണെന്നും അതിനൊപ്പം കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന യുപിഎ ശക്തിപ്പെടുകയാണെന്നും തിരുനാവുക്കരശര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തമിഴ്നാട്ടില്‍ നിന്നുള്ള പാര്‍ട്ടികള്‍ക്കായി മോദിക്ക് വാതിലുകള്‍ തുറന്നിടാം. എന്നാല്‍, ഒരു പാര്‍ട്ടിയും അകത്തേക്ക് കയറില്ല. തമിഴ്നാട്ടില്‍ മാത്രമല്ല, രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും ബിജെപിയോടൊപ്പം ചേരാന്‍ ഒരൊറ്റ പാര്‍ട്ടി പോലും തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടില്‍ തങ്ങള്‍ക്കൊപ്പം ചേരുന്നതിനായി പാര്‍ട്ടികള്‍ക്കായി സഖ്യ സാധ്യതകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ സംവാദത്തിലാണ് പറഞ്ഞത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് വെട്ടിയ മുന്നണി രാഷ്ട്രീയത്തിന്‍റെ പാതയിലുടെയാണ് ബിജെപി പോകുന്നതെന്നും മോദി പറഞ്ഞു.

Read more: രജനികാന്തോ എഐഡിഎംകെയോ? ബിജെപി വാതില്‍ തുറന്നിട്ടിരിക്കുന്നുവെന്ന് മോദി

ഡിഎംകെ, എഐഡിഎംകെ, രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സുപ്പര്‍സ്റ്റാര്‍ രജനികാന്ത് എന്നിവരോട് ബിജെപി സഖ്യത്തിലേര്‍പ്പെടുമോ എന്ന ചോദ്യത്തിനാണ് മോദി ഉത്തരം നല്‍കിയത്. എന്നാല്‍, കോണ്‍ഗ്രസുമായി ചേരുന്നതിന്‍റെ വ്യക്തമായ സൂചനകള്‍ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ നല്‍കി കഴിഞ്ഞു.

രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചായിരുന്നു സ്റ്റാലിന്‍ തന്‍റെ നിലപാട് പ്രഖ്യാപിച്ചത്. ജയലളിതയുടെ മരണശേഷം പ്രതിസന്ധികള്‍ നേരിടുന്ന എഐഡിഎംകെ ബിജെപി പാളയത്തിലേക്ക് നീങ്ങുന്നതായി നേരത്തെ പല ഘട്ടങ്ങളിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും മോദിയോട് പുലര്‍ത്തുന്ന അടുപ്പവും സഖ്യത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിയും പേര് ഇതുവരെ പ്രഖ്യാപിക്കാത്ത രജനികാന്തിനെ ചുറ്റിപ്പറ്റിയും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.