നാളെ രാവിലെ എട്ട് മണിക്ക് എറണാകുളം മഹാരാജാസ് കോളജിലെ കൗണ്ടിംഗ് സെന്‍ററില്‍ വോട്ടെണ്ണല്‍ തുടങ്ങും. എട്ടര മണിയോടെ ആദ്യ സൂചനകളും പന്ത്രണ്ട് മണിയോടെ അന്തിമഫലവും എത്തും.

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ (Thrikkakara By Election) ജനവിധി അറിയാന്‍ ഇനി ഇരുപത്തിനാല് മണിക്കൂറിന്‍റെ മാത്രം കാത്തിരിപ്പ്. നാളെ രാവിലെ എട്ട് മണിക്ക് എറണാകുളം മഹാരാജാസ് കോളജിലെ കൗണ്ടിംഗ് സെന്‍ററില്‍ വോട്ടെണ്ണല്‍ തുടങ്ങും. എട്ടര മണിയോടെ ആദ്യ സൂചനകളും പന്ത്രണ്ട് മണിയോടെ അന്തിമഫലവും എത്തും. വന്‍ ജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളിലെയും സ്ഥാനാർത്ഥികൾ.

239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ തൃക്കാക്കരയുടെ പുതിയ എംഎല്‍എ ആരെന്ന് തെളിയും. എട്ട് മണിയോടെ സ്ട്രോങ് റൂം തുറക്കും. ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളും. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ ചിത്രം വ്യക്തമാകും തെളിയും. കോര്‍പറേഷന്‍ പരിധിയിലെ ബൂത്തുകളാകും ആദ്യം എണ്ണുക. പരമ്പരഗതമായി യുഡിഎഫിനൊപ്പം നില്‍ക്കുന്ന ഇടപ്പളളി, പാലാരിവട്ടം, വെണ്ണല, വൈറ്റില മേഖലകളിലൂടെയാവും ഓരോ റൗണ്ടും പുരോഗമിക്കുക. ആദ്യ നാല് റൗണ്ടുകള്‍ പിന്നിടുമ്പോള്‍ രണ്ടായിരത്തി അഞ്ഞൂറ് വോട്ടിന്‍റെയെങ്കിലും ലീഡ് ഉമ തോമസിനെങ്കില്‍ വിജയം യുഡിഎഫിനെന്ന് ഉറപ്പിയ്ക്കാം.

എന്നാല്‍, ലീഡ് ആയിരത്തിനും താഴെയെങ്കില്‍ ഇതിനെ അട്ടിമറി സൂചനയായി കാണേണ്ടി വരും. അങ്ങിനെ വന്നാല്‍ ഏഴ് മുതല്‍ പതിനൊന്ന് വരെ റൗണ്ടുകള്‍ നിര്‍ണായകമാകും. തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലെ വോട്ടുകളാണ് അവസാന റൗണ്ടുകളില്‍ എണ്ണുക. മികച്ച വിജയമെന്ന ആത്മവിശ്വാസമാണ് അന്തിമ വിശകലനത്തിനൊടുവിലും യുഡിഎഫും എല്‍ഡിഎഫും പങ്കുവയ്ക്കുന്നത്. ബിജെപിയാകട്ടെ നില മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലും. 

കുറഞ്ഞ പോളിംഗില്‍ തലപുകഞ്ഞ് മുന്നണികള്‍

നാടിളക്കി പ്രചാരണം നടത്തിയിട്ടും തൃക്കാക്കരയില്‍ ഏറ്റവും കുറഞ്ഞ പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേർക്ക് നേർ ഇറങ്ങി നടത്തിയ വൻ പ്രചാരണവും മഴമാറിയ തെളിഞ്ഞ അന്തരീക്ഷവും പോളിംഗ് ദിവസത്തെ രാവിലത്തെ ട്രെൻഡ്, റെക്കോർഡ് ശതമാനത്തിലേക്കത്തിക്കുമെന്നായിരുന്നു മുന്നണികളുടെ കണക്ക്. എന്നാല്‍, വോട്ടെടുപ്പ് തീർന്നപ്പോൾ കണക്ക് കൂട്ടലുകളെല്ലാം തെറ്റി. കൊച്ചി കോർ‍പ്പറേഷനിലാണ് തൃക്കാക്കര നഗരസഭയെ അപേക്ഷിച്ച് മുന്നണികളുടെ പ്രതീക്ഷ തെറ്റിച്ചത്. കോർപ്പറേഷനിലെ പല ബൂത്തുകളിലും 50 ശതമാനത്തിൽ താഴെയാണ് പോളിംഗ്. ഇതിൽ പലതും യുഡിഎഫ് ശക്തികേന്ദ്രങ്ങളാണ്. എന്നാൽ സാധാരണ 40 പോലും എത്താത്ത ബൂത്തുകളിൽ 50 ശതമാനം എത്തിയത് തന്നെ നേട്ടമാണെന്നും ഈ ബൂത്തുകളിൽ ചെയ്ത വോട്ടുകൾ അധികവും നേട്ടമാകുമെന്നും യുഡിഎഫ് പറയുന്നു.

Also Read:തൃക്കാക്കര വിജയിക്ക് ചെറിയ ഭൂരിപക്ഷമോ വലിയ മാർജിനോ? പോളിംഗ് കുറവ് ആരെ തുണയ്ക്കും?

ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന തൃക്കാക്കര മുൻസിപ്പാലിറ്റിയിലെ മിക്ക ബൂത്തുകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. 75 % വരെ കടന്ന പോളിംഗ് കടന്ന ബൂത്തുകളുണ്ട്. തൃക്കാക്കര സെൻട്രലിലെയും ഈസ്റ്റിലെയും വെസ്റ്റിലെയും പോളിംഗിൽ യുഡിഎഫും എൽഡിഎഫും പ്രതീക്ഷ വെക്കുന്നു. ഈസ്റ്റിൽ കഴിഞ്ഞ തവണ കരുത്ത് കാട്ടിയ ട്വൻറി ട്വൻറി വോട്ട് ഇത്തവണ ഒപ്പം നിൽക്കുമെന്ന പ്രതീക്ഷ യുഡിഎഫിനുണ്ട്. പോളിംഗ് ശതമാനം കുറഞ്ഞ സാഹചര്യത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിലെ നേർക്ക് നേർ പോരിൽ ബിജെപി പിടിക്കുന്ന വോട്ട് വളരെ നിർണ്ണായകമാണ്. ഒരുപക്ഷെ തൃക്കാക്കര ഫലം നിശ്ചയിക്കുന്നത് ചെറിയ മാർജിനാകും. അല്ലെങ്കിൽ ആർക്കുമെങ്കിലും അനുകൂല തരംഗമെങ്കിൽ വൻ ഭൂരിപക്ഷവും വന്നേക്കാം.

Also Read:തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിച്ചു; മുന്നണികളുടെ കണക്കിലേറെ പോളിങ്; വോട്ടെണ്ണൽ വെള്ളിയാഴ്ച