" പോളിംഗ് ശതമാനം കൂടുന്നത് ഇടത് മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോട്ടകൾ പൊളിഞ്ഞു വീഴും. തൃക്കാക്കരയിലും അതിത്തവണ നടക്കും"
കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ (Thrikkakara by election) വിജയപ്രതീക്ഷയിലാണ് മുന്നണികൾ. കോട്ട നിലനിർത്തുമെന്ന് യുഡിഎഫ് ആവർത്തിക്കുമ്പോൾ അട്ടിമറിയുണ്ടാകുമെന്ന പ്രതീക്ഷയാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് പോളിംഗ് ദിനത്തിൽ പങ്കുവെക്കുന്നത്. നൂറ് ശതമാനം ആത്മവിശ്വാസത്തിലാണെന്നും പോസിറ്റിവ് പൊളിക്ടിസിന് തൃക്കാക്കര വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ജോ. ജോ ജോസഫ് വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ഘട്ടത്തിൽ തന്നെ ആത്മ വിശ്വാസമുണ്ടായിരുന്നു. ചിട്ടയായ പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടത്തിയത്. അവസാന ഘട്ടത്തിലേക്കെത്തിയപ്പോൾ ആത്മ വിശ്വാസം കൂടി. ഇത്തവണ തൃക്കാക്കരയിൽ വിജയിച്ച് കയറി ഇടതുമുന്നണി സെഞ്ച്വറിയടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോളിംഗ് ശതമാനം കൂടുന്നത് ഇടത് മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോട്ടകൾ പൊളിഞ്ഞു വീഴും. തൃക്കാക്കരയിലും അതിത്തവണ നടക്കും. കേരളത്തിന്റെ വികസനകുതിപ്പിനൊപ്പം തൃക്കാക്കരയുമെത്തണമെന്നാണ് ജനങ്ങളാഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കേരളം രാഷ്ട്രീയ ആകാംക്ഷയോടെ കാത്തിരിക്കുന്ന തൃക്കാക്കരയിൽ മോക് പോളിംഗ് പൂർത്തിയാക്കി ഏഴ് മണിയോടെ തന്നെ പോളിംഗ് ആരംഭിച്ചു. പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കുകയാണ് മുന്നണികൾ. രാവിലെ തന്നെ വലിയ തിരക്കാണ് ബൂത്തുകളിൽ ദൃശ്യമായത്. യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസും എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫും രാവിലെ തന്നെ പോളിംഗ് ബൂത്തിലേക്കെത്തി വോട്ട് രേഖപ്പെടുത്തി.
വൈകിട്ട് 6 മണിവരെയാണ് പോളിംഗ്. 239 ബൂത്തുകളാണ് തൃക്കാക്കരയിൽ സജീകരിച്ചിട്ടുള്ളത്. ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റി അഞ്ച് വോട്ടർമാരാണ് മണ്ഡലത്തിലാകെയുള്ളത്. ഇതിൽ മൂവായിരത്തി അറുനൂറ്റി മുപ്പത്തി മൂന്ന് പേർ കന്നി വോട്ടർമാരാണ്. നഗര മണ്ഡലമായ തൃക്കാക്കരയിൽ പ്രശ്ന സാധ്യതാ, പ്രശ്ന ബാധിത ബൂത്തുകൾ ഇല്ല. കള്ളവോട്ട് തടയാൻ കർശന നടപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുള്ളത്.
Thrikkakara by election : മഴ മാറി നിന്നു, രാവിലെ കനത്ത പോളിംഗ്, വോട്ട് ചെയ്ത് ഉമയും ജോ ജോസഫും
