ഇടത് മുന്നണി മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും; എസ്‍ഡിപിഐയുടെയും ആർഎസ്എസിന്റെയും വോട്ട് വേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകും എന്ന് പറയാൻ മടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിന്റെ കോട്ടകൾ തകർന്നു കൊണ്ടിരിക്കുകയാണ്. തൃക്കാക്കരയിലും യുഡിഎഫ് തകരും. ഇടത് മുന്നണി മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും. കഴിഞ്ഞ തവണ യുഡിഎഫ് നേടിയ ഭൂരിപക്ഷത്തേക്കാൾ ഒരു വോട്ടെങ്കിലും ഇക്കുറി എൽഡിഎഫിന് അധികം ലഭിക്കുമെന്നും കോടിയേരി പറഞ്ഞു.

എസ്‍ഡിപിഐയുടെയും ആർഎസ്എസിന്റെയും വോട്ട് വേണ്ട

പി.സി.ജോർജിന്റേത് വിഷം ചീറ്റുന്ന വാക്കുകളാണ്. ജോർ‍ജിനെ പോലെ ബിജെപി നേതാക്കൾ പോലും പ്രസംഗിച്ചിട്ടില്ല. പി.സി.ജോർജിന്റെ അറസ്റ്റ് നാടകമല്ല. ശക്തമായ നടപടിയാണ് സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ചത്. ഇടതുപക്ഷം വർഗീയതയെ പ്രോത്സാഹിപ്പിക്കില്ല. ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ പരാമ‌ശത്തിനെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ചത്. എസ്‍ഡിപിഐയുമായി ഒരു സഹകരണത്തിനും ഇടതില്ല. തൃക്കാക്കരയിൽ എസ്‍ഡിപിഐയുടെയോ ആർഎസ്എസിന്റെയോ വോട്ട് വേണ്ട. ഇരു കൂട്ടരും വർഗീയ കക്ഷികളാണെന്നാണ് സിപിഎം നിലപാടെന്നും കോടിയേരി ബലകൃഷ്ണൻ പറഞ്ഞു.