'പി.ടി.ക്കായി ഭക്ഷണം മാറ്റി വയ്ക്കുന്നതെന്‍റെ സ്വകാര്യതയാണ്. അതിനെ വരെ ആക്ഷേപിക്കുന്നത് പരാജയഭീതി കൊണ്ടാണ്. ചിതയിൽ ചാടുന്നതിന് പകരം രാഷ്ട്രീയത്തിൽ ചാടിയെന്ന് വരെ പറഞ്ഞവരുണ്ട്. സൈബറാക്രമണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു'
കൊച്ചി: പി. ടി. തോമസിനായി ഭക്ഷണം മാറ്റി വയ്ക്കുന്നുവെന്ന് പറഞ്ഞതിന് തനിക്ക് ഹീനമായ സൈബറാക്രമണമാണ് നേരിടേണ്ടി വന്നതെന്ന് പറഞ്ഞ് വിങ്ങിപ്പൊട്ടി യുഡിഎഫ് സ്ഥാനാർത്ഥിയായ ഉമ തോമസ്. താൻ ഭക്ഷണം കഴിക്കുമ്പോൾ ഒരു പങ്ക് പി.ടി.ക്ക് മാറ്റി വയ്ക്കുന്നത് എന്‍റെ സ്വകാര്യതയാണ്. അതിലാരും ഇടപെടുന്നതോ അതിനെ പൊതുവിടങ്ങളിൽ ചർച്ച ചെയ്യുന്നതും എനിക്കിഷ്ടമല്ല. അത് ശരിയല്ല. ഇതെല്ലാമെടുത്ത് എനിക്കെതിരെ സൈബറാക്രമണം നടത്തുന്നത് പരാജഭീതി കൊണ്ടാണ് - ഉമ തോമസ് പറയുന്നു.
''ഞാനൊരു സ്ഥാനാർത്ഥിയായപ്പോൾത്തന്നെ ഒരു സ്ത്രീയെന്ന തരത്തിലുള്ള ആക്രമണം ഞാൻ നേരിട്ട് കഴിഞ്ഞു. പണ്ടെല്ലാം സ്ത്രീകൾ ഭർത്താവ് മരിച്ചുകഴിഞ്ഞാൽ ചിതയിലേക്ക് ചാടും. ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് ചാടി എന്നൊക്കെയാണ് ചിലരൊക്കെ പറഞ്ഞത്'', ഉമ തോമസിന്‍റെ തൊണ്ടയിടറുന്നു. ''ചിതയിലേക്ക് ചാടുന്ന തരത്തിലുള്ള സ്ത്രീകളാണ് ഇവിടെ വേണ്ടത് എന്നാണോ അവര് ചിന്തിക്കുന്നത്? നേതൃപാടവമുള്ള സ്ത്രീകൾ ഇവിടെ വരരുത് എന്നാണ് ഇടതുപക്ഷ മുന്നണി ചിന്തിക്കുന്നത് എങ്കിൽ, അവർ തിരുത്തപ്പെടേണ്ടവരാണ്. തീർച്ചയായും തെരഞ്ഞെടുപ്പൊക്കെ കഴിയും. അത് കഴിഞ്ഞാൽ എല്ലാവരും ഒരുമിച്ച് പോകണ്ടവരാണ്. അവർക്കെതിരെ, ഞാൻ പോരാടും എന്നതിൽ ഒരു സംശയവുമില്ല'', ഉമ തോമസ് പറയുന്നു.
''പിടിക്ക് ഞാൻ ഭക്ഷണം മാറ്റി വയ്ക്കുന്നതിനെക്കുറിച്ചാണ് വേറൊരു പരിഹാസം. അതെന്‍റെ സ്വകാര്യതയാണ്. ഞാനത് പറഞ്ഞ് വോട്ട് പിടിച്ചിട്ടില്ല. ഇത്തരത്തിൽ ഭക്ഷണം കൊടുക്കുന്നു എന്നൊന്നും പറഞ്ഞല്ല ഞാൻ വോട്ട് ചോദിച്ചത്. അതെന്‍റെ സ്വന്തം, എന്‍റെ പിടിക്ക് വേണ്ടി ഞാൻ ചെയ്യുന്ന കാര്യമാണ്. അതിലൊരാളും ഇടപെടേണ്ട ആവശ്യമില്ല. അതെനിക്കിഷ്ടമല്ല. ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് അവരുടെ പരാജയഭീതിയാണെന്ന കാര്യത്തിൽ സംശയമില്ല. ഏത് രീതിയിലാക്രമിക്കണമെന്ന് അറിയാതെ ചെയ്യുന്നതാണിതൊക്കെ. രണ്ടാം കിട എന്നല്ല, തീർത്തും താഴേക്കിടയിലുള്ള അധഃപതിച്ച പ്രവർത്തനമാണ് അവർ നടത്തുന്നത്. ഇതിനെയും പ്രോത്സാഹിപ്പിക്കാൻ ചിലരുണ്ടെങ്കിൽ ലജ്ജിക്കണം എന്നല്ലാതെ എനിക്കൊന്നും പറയാനില്ല. സ്ത്രീകളങ്ങനെ അപമാനിക്കപ്പെടേണ്ടവരല്ല'', ഉമ തോമസ്.
സൈബറാക്രമണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും, ഇതിനോടിനി പ്രതികരിക്കാനില്ലെന്നും ഉമ തോമസ് പറയുന്നു.

ഇടത് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിക്കപ്പെട്ടതോടെ അദ്ദേഹത്തിന്‍റെ ഭാര്യ ദയ പാസ്കലും ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്നു എന്നതൊക്കെ ഒരു കാര്യമാണ്. പക്ഷേ ഇവിടെ ഞങ്ങൾക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ജീവിക്കണം. ഇല്ലാത്ത തെറ്റായ വീഡിയോ പ്രചരിപ്പിച്ച്, വെറുതെ സൈബറാക്രമണത്തിന് തന്‍റെ കുടുംബത്തെ എറിഞ്ഞുകൊടുക്കരുതെന്ന് ദയ പാസ്കൽ പറഞ്ഞിരുന്നതാണ്.
എന്തായാലും രൂക്ഷമായ സൈബർ സംവാദങ്ങളും സ്ഥാനാർത്ഥികൾക്ക് അടക്കം എതിരെ രൂക്ഷമായ സൈബറാക്രമണങ്ങളും നടന്ന തെരഞ്ഞെടുപ്പായിരുന്നു തൃക്കാക്കരയിൽ നടന്നത്. സമീപകാല കേരളചരിത്രത്തിൽ ഇത്രയധികം സൈബർ വിവാദങ്ങൾ ഉടലെടുത്ത മറ്റൊരു ഉപതെരഞ്ഞെടുപ്പുണ്ടായിട്ടില്ല എന്ന് തന്നെ പറയാം.
ഉമ തോമസിനൊപ്പം ഒരു ദിനം, ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത പ്രത്യേകപരിപാടി കാണാം:

'യുഡിഎഫ് ക്യാമ്പിൽ മ്ലാനത'
യുഡിഎഫ് ക്യാമ്പിലാകെ മ്ലാനതയാണെന്നും, ഇടത് വിജയം സുനിശ്ചിതമാണെന്ന് ഇത് തെളിയിക്കുന്നതായും ജോ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു. തനിക്ക് ആത്മവിശ്വാസത്തിന് ഒരു തരിമ്പും കുറവില്ലെന്നും, വിജയിക്കുമെന്നതിൽ ഒരു സംശയവുമില്ലെന്നും ജോ വ്യക്തമാക്കുന്നു. ചിട്ടയായ പ്രചാരണത്തിനാണ് ഇടതുമുന്നണി തൃക്കാക്കരയിൽ നേതൃത്വം നൽകിയത്. ഇതിന് ഫലമുണ്ടാകുമെന്നും ഡോ. ജോ ജോസഫ് വ്യക്തമാക്കുന്നു. ജോ ജോസഫ് ഇന്ന് മുതൽ ആശുപത്രിയിലേക്ക് പോയിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്.
ക്രിസ്ത്യൻ വോട്ടുകൾ തനിക്കെന്ന് എ എൻ രാധാകൃഷ്ണൻ
അതേസമയം തൃക്കാക്കരയിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വോട്ട് ബിജെപിക്ക് കിട്ടുമെന്നാണ് സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ അവകാശപ്പെടുന്നത്. ബിജെപി പിടിക്കുന്ന വോട്ടുകൾ ഇരുമുന്നണികൾക്കും തിരിച്ചടിയാണ്. തന്‍റെ ഈ മത്സരത്തോടെ ബിജെപിയുടെ മണ്ഡലപട്ടികയിൽ സി ക്യാറ്റഗറിയിലുള്ള തൃക്കാക്കര എ പ്ലസ് മണ്ഡലമായി മാറും. ആര് ജയിച്ചാലും ഭൂരിപക്ഷം നന്നേ കുറയുമെന്ന് എ എൻ രാധാകൃഷ്ണൻ ആവർത്തിക്കുന്നു. ബിജെപി അട്ടിമറിനേട്ടം കൊയ്യും. ബിജെപി ഏറ്റവും ഐക്യത്തോടെ പ്രവർത്തിച്ച തെരഞ്ഞെടുപ്പാണിതെന്നും, അതിന്‍റെ നേട്ടവും ഗുണവും വോട്ടിലുണ്ടാകുമെന്നും എ എൻ രാധാകൃഷ്ണൻ പറയുന്നു.
