ഇടതുകോട്ടയായ നാദാപുരം പിടിക്കാൻ ഇക്കുറി നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. രണ്ടാം വട്ടം ജനവിധി തേടുന്ന സിപിഐയുടെ ഇ.കെ.വിജയന് കടുത്ത വെല്ലുവിളിയാണ് കഴിഞ്ഞ തവണ അദ്ദേഹം പരാജയപ്പെടുത്തിയ കെ.പ്രവീൺ കുമാർ ഇക്കുറി ഉയർത്തുന്നത്. നാദാപുരത്ത് പ്രചാരണത്തിൽ കണ്ട ആവേശം പോളിം​ഗിലും പ്രതിഫലിക്കുന്നതായാണ് ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ് പോൾ സർവേയിൽ കാണുന്നത്. ഇരുവരും ഒപ്പത്തിനൊപ്പമുണ്ടെങ്കിലും സർവേ നേരിയ മുൻതൂക്കം നൽകുന്നത് സിപിഐ നേതാവ് കൂടിയായ ഇ.കെ.വിജയനാണ്. 

2016-ൽ കെ.പ്രവീൺ കുമാർ 4759 വോട്ടുകൾക്കാണ് ഇ.കെ.വിജയനോട് നാ​ദാപുരത്ത് പരാജയപ്പെട്ടത്. എന്നാൽ തെര‍ഞ്ഞെടുപ്പിൽ തോറ്റെങ്കിലും കഴിഞ്ഞ അഞ്ച് വ‍ർഷവും മണ്ഡലത്തിൽ നിറഞ്ഞു നിന്ന പ്രവീൺ കുമാർ ഇക്കുറി വിജയിച്ചേ മടങ്ങൂ എന്ന വാശിയിലാണ്. കെ.മുരളീധരൻ്റെ അടുത്ത അനുയായി കൂടിയാണ് കെ.പ്രവീൺ കുമാർ. പ്രതിപക്ഷ നേതാവ് ചെന്നിത്ത പുറത്തു വിട്ട ഇരട്ടവോട്ടർമാരുടെ പട്ടികയിൽ ഏറ്റവും കൂടുതൽ കള്ളവോട്ടുകൾ കണ്ടെത്തിയത് നാദാപുരത്തായിരുന്നു.