ഉത്തർപ്രദേശിലെ ടോപ്പ് ടെൻ സ്റ്റാർ കാന്റിഡേറ്റുകൾ ആരൊക്കെയാണ് എന്ന് ഒന്നോടിച്ചു നോക്കാം.
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായ ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രം. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം വെച്ച്, ലീഡ് നിലയിൽ കേവല ഭൂരിപക്ഷത്തോട് അടുക്കുകയാണ് ബിജെപി. അന്തിമ ഫലം അല്ലെങ്കിൽ പോലും, ഈ ട്രെൻഡുകൾ സൂചിപ്പിക്കുന്നത് ബിജെപിക്ക് അനുകൂലമായിത്തന്നെയാണ് യുപിയിൽ കാറ്റുവീശുന്നത് എന്നുതന്നെയാണ്. ഉത്തർപ്രദേശിലെ ടോപ്പ് ടെൻ സ്റ്റാർ കാന്റിഡേറ്റുകൾ ആരൊക്കെയാണ് എന്ന് ഒന്നോടിച്ചു നോക്കാം.
1.യോഗി ആദിത്യനാഥ് - ഗോരഖ്പൂർ
നിലവിൽ യുപി മുഖ്യമന്ത്രിയാണ് ഗോരഖ്പൂറിന്റെ മഠാധിപതി കൂടിയായ യോഗി. ഇത്തവണ മുഖ്യമന്ത്രി എന്ന നിലയ്ക്ക് യോഗിക്ക് രണ്ടാമൂഴം കൊടുക്കുമോ യുപി എന്നാണ് കാത്തിരുന്നു കാണേണ്ടത്.

2. അഖിലേഷ് യാദവ് - കർഹൽ
നിലവിലെ പ്രതിപക്ഷ നേതാവ്. സമാജ് വാദി പാർട്ടി പ്രസിഡന്റ്. 2012 -ൽ മുപ്പത്തെട്ടാം വയസ്സിൽ യുപിയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി നിലവിൽ അസംഗഢിൽ നിന്നുള്ള ലോക്‌സഭാംഗം കൂടി ആയ അഖിലേഷും ജയിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഈ മണിക്കൂറിൽ അഖിലേഷ് കർഹലിൽ മുന്നിൽ തന്നെയാണ്.

3.കേശവ് പ്രസാദ് മൗര്യ - സിരാഥു
നിലവിൽ യുപി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ. 2017 വരെ ഫൂൽപൂറിൽ നിന്നുള്ള ലോക്സഭാംഗം. ചെറുപ്പം തൊട്ടേ ആർഎസ്എസ് പ്രവർത്തകൻ. റാം ജന്മ ഭൂമി പ്രസ്ഥാനത്തിന്റെയും മുന്നണിപ്പോരാളി.

4.സ്വാമിപ്രസാദ് മൗര്യ - ഫാസിൽ നഗർ
പതിനേഴാം സഭയിൽ പഡ്റൗണ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ. തുടക്കം ബിഎസ്പിയിൽ, അടുത്ത പാളയം ബിജെപി, തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി സമാജ് വാദി പാർട്ടിയിലേക്ക് കൂറുമാറ്റം. മകൾ സംഘമിത്ര മൗര്യ പക്ഷെ ഇപ്പോഴും ബദൗനിൽ നിന്നുള്ള ബിജെപി എംപി.

5.വിനയ് ശങ്കർ തിവാരി - ചില്ലുപുർ
പത്തുവര്ഷത്തിലേറെക്കാലം ബിഎസ്പിയിൽ. തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് കൂറുമാറി എസ്പിയിലെത്തി ചില്ലുപൂരിൽ നിന്ന് ജനവിധി തേടുന്നു.

6. അനിൽ രാജ്ഭർ : ശിവ്പുർ
നിലവിൽ വാരാണസി ജില്ലയിലെ ശിവ്പുർ മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎ. രാജ്ഭർ സമുദായത്തിന്റെ പ്രതിനിധിഎന്നവകാശപ്പെടുന്നു. നിലവിൽ യോഗി ക്യാബിനെറ്റിലെ മന്ത്രി. കഴിഞ്ഞ തവണ സമാജ്‌വാദി പാർട്ടിയുടെ ആനന്ദ് മോഹൻ യാദവിനെ അരലക്ഷത്തിലേറെ വോട്ടുകൾക്ക് തോൽപ്പിച്ച്. ഇക്കുറി വെല്ലുവിളി സ്വന്തം സമുദായത്തിൽ നിന്നുതന്നെയുള്ള സുഹൽദേവ് ബിഎസ്പി നേതാവ് ഓംപ്രകാശ് രാജ്ഭറിന്റെ മകൻ അരവിന്ദ് രാജ്ഭർ.
7. ആരാധനാ മിശ്ര - രാംപൂർ ഖാസ്
നിലവിൽ രാംപൂർ ഖാസിലെ സിറ്റിംഗ് എംഎൽഎ. സീനിയർ കോൺഗ്രസ് നേതാവ് പ്രമോദ് തിവാരിയുടെ മകൾ. രണ്ടു പതിറ്റാണ്ടു കാലമായി യുപി രാഷ്ട്രീയത്തിൽ സജീവം. യുപിയിൽ രാഹുൽ ഗാന്ധിയുടെ പോരാട്ട തന്ത്രങ്ങൾക്ക് പിന്നിലെ മസ്തിഷ്‌കം.

8. അദിതി സിങ് - റായ് ബറേലി
2017 -ലെ യോഗി തരംഗത്തിനിടെ ജയിച്ചുകയറിയ ചുരുക്കം കോൺഗ്രസ് സ്ഥാനാർഥികളിൽ ഒരാൾ. അഞ്ച് തവണ റായ് ബറേലി എംഎൽഎ ആയിരുന്ന അഖിലേഷ് കുമാർ സിംഗിന്റെ മകൾ. കഴിഞ്ഞ വട്ടം, ബിഎസ്പിയുടെ ശഹ്ബാസ് ഖാനെ 89 ,000 -ലധികം വോട്ടിനാണ് തോൽപ്പിച്ച് സഭയിലെത്തി. ഇക്കുറി തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ബിജെപിയിലേക്ക് കൂറുമാറ്റം.

9.അഭിഷേക് മിശ്ര : സരോജിനി നഗർ
ഐഐഎം അഹമ്മദാബാദിലെ മുൻ പ്രൊഫസർ. 2012 -ലെ അഖിലേഷ് ക്യാബിനറ്റിൽ മന്ത്രി. 2017 ബിജെപി സ്ഥാനാർത്ഥിയോട് തൊട്ടു. ഇക്കുറി വീണ്ടും എസ്പി ടിക്കറ്റിൽ ജനവിധി തേടുന്നു.

10.അമൻ മണി ത്രിപാഠി - നൗതൻവാ
നിലവിൽ സിറ്റിംഗ് സ്വതന്ത്ര എംഎൽഎ. മധുമിത ശുക്ല കൊലപാതക കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന സീനിയർ സമാജ്‌വാദി പാർട്ടി നേതാവും മുൻ മന്ത്രിയുമായ അമർ മണി ത്രിപാഠിയുടെ മകൻ. സ്വന്തം ഭാര്യ സാറ സിംഗിന്റെ കൊലപാതകത്തിന്റെ കുറ്റാരോപിതർ. കേസിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറി എസ്പി ടിക്കറ്റു നിഷേധിച്ചപ്പോൾ വിമതനായി മത്സരിച്ച് ജയം. ഇക്കുറി രണ്ടാമൂഴത്തിന് വീണ്ടും നൗതൻവയിൽ.

