വികസന തുടർച്ച ബി ജെ പി സാക്ഷാത്കരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി ജെ പി നേടിയ വമ്പൻ വിജയത്തിന്‍റെ (Assembly Election Result 2022) ആഹ്ളാദം പങ്കിട്ട് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ (Rajeev Chandrasekhar) രംഗത്ത്. കുടുംബ രാഷ്ട്രീയത്തിന്‍റെയും ജാതി രാഷ്ട്രീയത്തിന്‍റെയും പ്രസക്തി നഷ്ടമായതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നേതൃത്വം പൂർണ ആത്മവിശ്വാസത്തിലാണെന്നും വികസന തുടർച്ച ബി ജെ പി സാക്ഷാത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചാബിലെ ജനവിധി പ്രതീക്ഷ നൽകുന്നതല്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

Scroll to load tweet…

സന്തോഷത്തിന്‍റെ ദിനമെന്ന് പ്രധാനമന്ത്രി

അതേസമയം ഇത് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) പറഞ്ഞത്. ജനങ്ങളുടെ വിജയമാണിത്. ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനമാണ് വിജയം സമ്മാനിച്ചത് എന്നും പറഞ്ഞ മോദി പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു. ബിജെപി ആസ്ഥാനത്ത് വിജയാഘോഷത്തിൽ പങ്കെടുക്കവെയാണ് മോദി വിജയാഹ്ളാദം പങ്കുവച്ചത്.

സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അം​ഗീകാരമാണ് ഈ വിജയം. ഉത്തർപ്രദേശ് ചരിത്രം കുറിച്ചു. യുപിയിൽ ഒരു മുഖ്യമന്ത്രി കാലാവധി പൂർത്തിയാക്കി വീണ്ടും അധികാരത്തിലെത്തുന്നത് ചരിത്രത്തിലാദ്യമായാണ്. യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി ചരിത്രം കുറിച്ചു. ഇന്ന് മുതൽ പ്രവർത്തകർക്ക് ഹോളിയാണ്. സ്ത്രീകളും യുവവോട്ടർമാരും ബിജെപിയെ പിന്തുണച്ചു.കന്നിവോട്ടർമാരെല്ലാം ബിജെപിക്ക് വോട്ട് ചെയ്തു. ഇത് നിർണായകമായി. യുപിയിൽ ജാതി രാഷ്ട്രീയം അവസാനിച്ചു. യുപിയിൽ ജനങ്ങൾ വോട്ട് ചെയ്തത് വികസനത്തിനാണ്. 2024ലെ വിജയത്തിന് ജനം അടിത്തറ പാകി. കൊവിഡ് പ്രതിരോധത്തിലും വികസനകാര്യത്തിലും ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ച പ്രതിപക്ഷത്തിനുള്ള മറുപടിയാണ് ഈ വിജയം. കുടുംബാധിപത്യം ജനാധിപത്യത്തെ നശിപ്പിക്കും. താൻ ഒരു കുടുംബത്തിനും എതിരല്ല.കുടുംബാധിപത്യം രാജ്യത്തെ വേദനിപ്പിക്കുന്നു. 'പരിവാർ വാദ്' അവസാനിക്കേണ്ടത് അനിവാര്യമാണ്. അഴിമതിക്ക് എതിരെ പോരാടുന്നത് ബിജെപി എന്ന് ജനങ്ങൾക്ക് വിശ്വാസമുണ്ട് എന്ന് അന്വേഷണ ഏജൻസികളെ ചോദ്യം ചെയ്ത പ്രതിപക്ഷത്തിനുള്ള മറുപടിയായി മോദി പറഞ്ഞു.

2024 ലേക്കുള്ള ജനങ്ങളുടെ അനുഗ്രഹമെന്ന് ജെ പി നദ്ദ

വിജയത്തിന്റെ കാരണകാരനായ മോദിയെ അഭിനന്ദിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞു. 2024 ലെ തെരഞ്ഞെടുപ്പിന് ജനങ്ങൾ നൽകിയ അനുഗ്രഹമാണ് ഈ വിജയം. നരേന്ദ്രമോദിയുടെ പ്രവർത്തനമാണ് വൻവിജയത്തിന് കാരണം. ഭാവിയിലെ വിജയത്തിൻറെ സൂചനമാത്രമാണ് ഈ വിജയം. മോദിയുടെ കീഴിൽ ബിജെപി ചരിത്രം കുറിച്ചിരിക്കുന്നു. കേന്ദ്രസർക്കാരിന്റെ പ്രവർത്തനത്തിന്റെ വിലയിരുത്തൽ കൂടിയാണിത്. ഈ വിജയം സൂചന മാത്രം. 2024ലും മോദിക്ക് അധികാര തുടർച്ച ജനം നൽകുമെന്നും നദ്ദ പറഞ്ഞു.

'ഇത് സന്തോഷത്തിന്റെ ദിനം, വോട്ടർമാർക്ക് അഭിനന്ദനം'; ബിജെപി വിജയാഘോഷത്തിൽ പ്രധാനമന്ത്രി