രാജസ്ഥാനിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും സർക്കാർ വിരുദ്ധ വികാരം ശക്തം

https://static.asianetnews.com/images/authors/d6263d60-ae8a-5899-aadf-10ce05b11e04.jpg
First Published 3, Dec 2018, 7:19 PM IST
unsatisfied farmers response from vasundhara raje's constituency
Highlights

മണ്ഡലത്തിലെ സാധാരണക്കാരായ ഒരു വിഭാഗം കർഷകർ കടുത്ത രോഷത്തിലാണ്. അഞ്ചു വർ‍ഷം മുന്പ്, വാഗ്ദാനം ചെയ്ത റോഡ് പണി ഇതുവരെ തുടങ്ങാത്തതാണ് ഇവരെ ക്ഷുഭിതരാക്കുന്നത്. നാലു കിലോമീറ്റർ ചുറ്റിയാണ് സ്വന്തം കൃഷിയിടങ്ങളിലേക്ക് പോകുന്നതെന്ന് ഗ്രാമീണർ പറയുന്നു. എങ്ങനെ ഈ ട്രാക്റ്ററുമായി ഇതു വഴി പോകും?

ജൽവാർ: തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ രാജസ്ഥാനിലൂടെ സഞ്ചരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് സംഘം മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ മണ്ഡലമായ ജാല്‍റപഠനിലും എത്തി. വസുന്ധരയുടെ മകൻ ദുഷ്യന്ത് സിംഗിന്‍റെ ജൽവാർ ലോക്സഭാ മണ്ഡലത്തിലെ നിബോദ ഗ്രാമത്തിലെ കർഷകരുമായാണ് ഞങ്ങൾ സംസാരിച്ചത്.

മണ്ഡലത്തിലെ സാധാരണക്കാരായ ഒരു വിഭാഗം കർഷകർ കടുത്ത രോഷത്തിലാണ്. അഞ്ചു വർ‍ഷം മുന്പ്, വാഗ്ദാനം ചെയ്ത റോഡ് പണി ഇതുവരെ തുടങ്ങാത്തതാണ് ഇവരെ ക്ഷുഭിതരാക്കുന്നത്. നാലു കിലോമീറ്റർ ചുറ്റിയാണ് സ്വന്തം കൃഷിയിടങ്ങളിലേക്ക് പോകുന്നതെന്ന് ഗ്രാമീണർ പറയുന്നു. എങ്ങനെ ഈ ട്രാക്റ്ററുമായി ഇതു വഴി പോകും? കർഷകർ ചോദിക്കുന്നു. മുഖ്യമന്ത്രി വസുന്ധര രാജെ വന്നപ്പോൾ വാഗ്ദാനം നല്കിയിരുന്നു. എന്നാൽ ഇതുവരെ ഇത് നടന്നില്ല.

അടുത്തുള്ള താപവൈദ്യുതി നിലയത്തിനായി സ്ഥലം വിട്ടു കൊടുത്ത ഗ്രാമീണരാണ് ഈ ഗ്രാമത്തിലുള്ളത്. എന്നാൽ ഇവർക്ക് പാടങ്ങളിലേക്ക് പോകണമെങ്കിൽ ചെളിക്കുണ്ടിലൂടെ നടക്കണം. അഞ്ചു വർഷം മുമ്പ് തെരഞ്ഞെടുപ്പ് കാലത്തും നല്ല വഴി നൽകാമെന്ന് വാഗ്ദാനം കിട്ടിയിരുന്നു. ഇന്നും വഴിയുടെ നിർമ്മാണം തുടങ്ങിയ സ്ഥലത്ത് തന്നെ നില്ക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ട്രാക്റ്ററിൽ ഇരുത്തി കർഷകർ അവരുടെ ദുരിതം കാട്ടി തന്നു.

"ഇവിടെ നിന്ന് വസുന്ധര രാജെ സിന്ധ്യ എംഎൽഎ ആയി, എംപിയായി, വിദേശകാര്യസഹമന്ത്രിയായി, രണ്ടു തവണ മുഖ്യമന്ത്രിയായി പക്ഷേ തൊട്ടടുത്തുള്ള താപനിലയം പോലും കോൺഗ്രസ് കാലത്ത് വന്നതാണ്" കർഷകർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം വസുന്ധര ജാല്‍റപഠനിൽ നിന്ന് ഇത്തവണയും ജയിക്കും എന്നുള്ള കാര്യത്തിലും ഗ്രാമീണ കർഷകർക്ക് സംശയമില്ല. പക്ഷേ ഇത്തവണ മുഖ്യമന്ത്രി ആവില്ല എന്നാണ് കർഷകരുടെ പക്ഷം.


 
മഴക്കാലത്ത് മുട്ടോളം വെള്ളത്തിൽ സ്ത്രീകൾക്കുൾപ്പെടെ നടക്കേണ്ട അവസ്ഥയാണെന്ന് ജൽവാറിലെ ഗ്രാമീണർ പറയുന്നു. വസുന്ധര രാജെയുടെ മണ്ഡലത്തിലെ ഓഫീസിൽ പോയി അവർ പരാതി പറഞ്ഞു. മകൻ ദുഷ്യന്ത് സിംഗിനെയും കർഷകർ കണ്ടു. എന്നിട്ടും ഫലമുണ്ടായില്ലെന്ന് ഇവർ പറയുന്നു. ബിജെപി നേതാവായിരുന്ന ജസ്വന്ത് സിംഗിന്‍റെ മകൻ മാനവേന്ദ്ര സിങ്ങാണ് മണ്ഡലത്തിൽ വസുന്ധരയുടെ എതിരാളി. മാനവേന്ദ്ര സിംഗ് അടുത്തിടെ ബിജെപി വിട്ട് കോൺഗ്രസിൽ ചേരുകയായിരുന്നു. മാനവേന്ദ്രസിംഗിനെ ഇവിടെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിക്കുന്ന പ്രാദേശിക കോൺഗ്രസ് നേതാക്കളും ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങൾ ഉന്നയിക്കുന്നില്ലെന്നാണ് ഗ്രാമീണരുടെ പരാതി.

മണ്ഡലത്തിന്‍റെ പിന്നാക്ക അവസ്ഥയിൽ വസുന്ധരയ്ക്ക് പങ്കില്ലെന്നും ഗ്രാമത്തിന്‍റെ  സർപഞ്ചിനും ഉദ്യോഗസ്ഥർക്കുമാണ് ഉത്തരവാദിത്വമെന്നും പറയുന്നവരെയും ഏഷ്യാനെറ്റ് ന്യൂസ് സംഘം കണ്ടുമുട്ടി. ഗ്രാമീണ റോഡുകളുടെ കാര്യത്തിൽ രാജസ്ഥാനിലെ സ്ഥിതി അത്ര പിന്നാക്കമല്ല. എന്നാൽ ഉൾനാടൻ റോഡുകൾ മനുഷ്യവാസമുള്ള എല്ലാ പ്രദേശങ്ങളുമായും കൂട്ടിയിണക്കുന്നതിൽ കാട്ടുന്ന അനാസ്ഥയാണ് ഇത്തരം പരാതികൾക്ക് ഇടയാക്കുന്നത്.

loader