പാര്‍ട്ടി നേട്ടം കൊയ്തെങ്കിലും മുഖ്യമന്ത്രിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കും പതനമായിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയും മുഖ്യമന്ത്രി സ്ഥാനാർത്ഥി ഹരീഷ് റാവത്തും തോറ്റും.

ദില്ലി: ഉത്തരാഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പില്‍ (Uttarakhand Assembly Election) ചരിത്രം രചിച്ച് ബിജെപി വീണ്ടും അധികാരത്തിലേക്ക്. സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ച നേടുന്ന പാർട്ടിയായി ബിജെപി മാറി. 70 സീറ്റുകളുള്ള സംസ്ഥാനത്ത് 41 സീറ്റുകൾ നേടിയാണ് ബിജെപി തുടർഭരണമെന്ന ചരിത്രം കുറിക്കുന്നത്. 25 സീറ്റുകളിലാണ് കോൺ​ഗ്രസിന് ലീഡ് ചെയ്യാനായത്.

ഭരണത്തുടർച്ചയും മുഖ്യമന്ത്രിമാർ ജയിക്കുന്ന പതിവും സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിരുന്നില്ല. ഈ ചരിത്രമാണ് ബിജെപി ഇത്തവണ തിരുത്തി എഴുതിയത്. എന്നാല്‍, പാര്‍ട്ടി നേട്ടം കൊയ്തെങ്കിലും മുഖ്യമന്ത്രിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കും പതനമായിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയും മുഖ്യമന്ത്രി സ്ഥാനാർത്ഥി ഹരീഷ് റാവത്തും തോറ്റും. 6932 വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയോടാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ പുഷ്‌കർ സിങ് ധാമി തോറ്റത്. ഉത്തരാഖണ്ഡിൽ കോൺഗ്രസിന്റെ പ്രചാരണ തന്ത്രം പാളിയെന്ന് ഹരീഷ് റാവത്ത് പ്രതികരിച്ചു. പരമാവധി കഠിനാധ്വാനം ചെയ്തിട്ടും ഫലമുണ്ടായില്ലെന്ന് റാവത്ത് പരിഹസിച്ചു.

2017ൽ 57 സീറ്റ് നേടി ഭരണത്തിലുള്ള ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നു ഉത്തരാഖണ്ഡിൽ പ്രധാന പോരാട്ടം. ഇരു പാർട്ടികളുടെയും വോട്ട് പിടിക്കാൻ ആം ആദ്മി പാർട്ടിയും രംഗത്തിറങ്ങിയെങ്കിലും പഞ്ചാബിലെ തോരോട്ടം ഉത്തരാഖണ്ഡില്‍ കണ്ടില്ല. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, അഞ്ച് മന്ത്രിമാർ, അധ്യക്ഷൻ മദൻ കൗശിക് എന്നിവരായിരുന്നു ബിജെപിക്കായി മത്സര രംഗത്തുള്ള പ്രമുഖർ. മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, പ്രതിപക്ഷ നേതാവ് പ്രീതം സിങ്, പിസിസി അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ, മുൻ മന്ത്രി യശ്പാൽ ആര്യ തുടങ്ങിയവരും മത്സര രംഗത്തുണ്ടായിരുന്നു.

എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ:

ഉത്തരാഖണ്ഡില്‍ രണ്ട് സര്‍വ്വേകള്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നുണ്ട്.

ഉത്തരാഖണ്ഡ് (ആകെ സീറ്റുകൾ 70)

ഉത്തരാഖണ്ഡിൽ (Uttarakhand Election) ബിജെപി അധികാരം നിലനിർത്തുമെന്ന് ടൈംസ് നൌ വീറ്റോ എക്സിറ്റ് പോൾ ഫലം. ബിജെപി 37 സീറ്റുകള്‍ നേടുമെന്നാണ് സര്‍വ്വേ ഫലം. കോൺഗ്രസ് 31 , ആംആദ്മി പാർട്ടി 1 , മറ്റുള്ള പാർട്ടികൾക്ക് ഒന്നുവീതം സീറ്റ് നേടുമെന്നും ടൈംസ് നൌ എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു. ഹുമയൂൺ റീജിയണിലും ഗഡ്വാൾ റീജിയണിലും ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നതാണ് ടൈംസ് നൌ എക്സിറ്റ് പോൾ ഫലം. എന്നാല്‍ എബിപിസി വോട്ടര്‍ സര്‍വ്വേ ഫലത്തില്‍ ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് 32 മുതല്‍ 38 സീറ്റ് വരെ നേടുമെന്നാണ് എബിപി സി വോട്ടർ സര്‍വ്വേ ഫലത്തിലള്ളത്.

ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ

ബിജെപി 36-46
കോണ്ഗ്രസ് 20-30
ബി.എസ്.പി 2-4
മറ്റുള്ളവർ 2-5

സീവോട്ടർ

ബിജെപി 26-32
കോണ്ഗ്രസ് 32-38
ബി.എസ്.പി 0-2
മറ്റുള്ളവർ 3-7

ടുഡേസ് ചാണക്യ

ബിജെപി 43
കോണ്ഗ്രസ് 24
മറ്റുള്ളവർ 3