ജയ്‍പൂർ: ഹിന്ദുവാണെന്ന് എല്ലായിടത്തും അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഹിന്ദുത്വത്തിന്‍റെ അടിസ്ഥാനപാഠങ്ങൾ പോലുമറിയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഗീതോപദേശത്തിലെ അടിസ്ഥാനമൂല്യങ്ങൾ പോലും പാലിയ്ക്കാത്തയാളാണ് ഹിന്ദുത്വത്തിന്‍റെ വക്താവെന്ന് അവകാശപ്പെടുന്നതെന്നും രാജസ്ഥാനിൽ ഒരു വ്യാപാരിസംഘടന സംഘടിപ്പിച്ച സംവാദപരിപാടിയിൽ രാഹുൽ ഗാന്ധി പറഞ്ഞു.

എന്നാൽ എന്താണ് പറയേണ്ടതെന്നറിയാതെ ആകെ ആശയക്കുഴപ്പത്തിലാണ് രാഹുൽ ഗാന്ധിയെന്നും, അതാണ് ഒരടിസ്ഥാനവുമില്ലാതെ എന്തൊക്കെയോ പറയുന്നത് എന്നുമായിരുന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്‍റെ മറുപടി.

രാഹുൽ ഗാന്ധി കശ്മീരി ബ്രാഹ്മണനാണെന്ന് അടുത്തിടെ ഒരു പൂജാരി പറഞ്ഞത് വാർത്തകളിലിടം നേടിയിരുന്നു. എന്നാൽ സോണിയാഗാന്ധിയുടെ ഇറ്റലി ബന്ധം ചൂണ്ടിക്കാട്ടി രാഹുലിന്‍റേത് 'ഇറ്റ്‍ലസ്' ഗോത്രമാണെന്നാണ് ബിജെപി തിരിച്ചടിച്ചത്. ഏതായാലും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വ്യാപകമായി ക്ഷേത്രസന്ദർശനം നടത്തിയും, ഹിമാലയം കയറിയും, സ്വയം ശിവഭക്തനെന്ന് വിശേഷിപ്പിച്ചും രാഹുൽ ഗാന്ധി നടത്തുന്ന ഹിന്ദുത്വകാർഡിറക്കിയുള്ള കളി ഫലം കാണുമോ എന്ന് ഡിസംബർ 11 - ന് ഫലം വരുമ്പോഴറിയാം.

"