Asianet News MalayalamAsianet News Malayalam

തരൂരിനെ തോൽപ്പിക്കാൻ ആളുണ്ടോ? തിരുവനന്തപുരത്ത് നെഞ്ചിടിപ്പോടെ മുന്നണികൾ

ശിവലിംഗത്തിലെ തേളിനോട് മോദിയെ ഉപമിച്ച ശശിതരൂരിനെ തറപറ്റിക്കേണ്ടത് ബിജെപിയുടെ ആവശ്യമാണ്. കഴിഞ്ഞ തവണ എട്ട് നിലയിൽ പൊട്ടിയ ഇടത് മുന്നണിക്ക്  നാണക്കേട് മാറ്റണം. ജയത്തിൽ കുറഞ്ഞ മറ്റൊന്നും കോൺഗ്രസും പ്രതീക്ഷിക്കുന്നില്ല. 

who will beat shashi tharoor in trivandrum a political analysis from ground
Author
Trivandrum, First Published Feb 3, 2019, 1:36 PM IST

തെക്കൻ കേരളം പൊതുവെയും തിരുവനന്തപുരം പ്രത്യേകിച്ചും ഏതെങ്കിലുമൊരു രാഷ്ട്രീയത്തോടും വേറിട്ടൊരു ഒരുമമതയും കാണിക്കാത്ത പ്രദേശമാണ്. ജയിക്കുമെന്ന് ഉറപ്പിച്ച് മത്സരിച്ചവര്‍ തോറ്റു തുന്നം പാടിയ ഒട്ടേറെ ചരിത്രവുമുണ്ട്. വീണ്ടുമൊരു അങ്കത്തിന് അരങ്ങൊരുക്കി ലോക്സഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ കളം പിടിക്കാൻ ആരോക്കെ? തിരുവനന്തപുരം മണ്ഡലത്തിന്‍റെ നെഞ്ചിടിപ്പ് ഉയരുകയാണ്. 

പത്ത് വര്‍ഷം മുൻപ് ദേശീയ കോൺഗ്രസ് നേതൃത്വം കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിക്കെതിരെ കോൺഗ്രസ് പ്രവര്‍ത്തരുടെ ഗോ ബാക്ക് വിളി ശശി തരൂര്‍ മറന്നാലും തലസ്ഥാനം മറന്ന് കാണില്ല. പക്ഷെ പത്ത് വര്‍ഷത്തിനിപ്പുറം ശശി തരൂരിന്‍റെ പ്രതിച്ഛായ പാടെ മാറി. ദേശീയ കോൺഗ്രസിന്‍റെ മുഖമാണ് തരൂര്‍, മണ്ഡലത്തിൽ പൊതുവെ സമ്മതൻ. ലോക്സഭാ തെരഞ്ഞെടുപ്പടുക്കുമ്പോൾ സ്ഥാനാര്‍ത്ഥിയാരെന്ന ചോദ്യത്തിന് പോലും കോൺഗ്രസ് ക്യാമ്പിൽ പ്രസക്തിയില്ല. 

നേരെ മറിച്ചാണ് ഇടത് ക്യാമ്പിലെ അവസ്ഥ. കഴിഞ്ഞ തവണ മത്സരത്തിനിറക്കിയ ബെനറ്റ് എബ്രഹാം എട്ട് നിലയിലാണ് പൊട്ടിയത്. അതിന്റെ നാണക്കേട് മാത്രമല്ല പേമെന്‍റ് സ്ഥാനാര്‍ത്ഥിയെന്ന ആരോപണത്തിന്‍റെ അലയൊലികളും ഇനിയും അടങ്ങിയിട്ടില്ല. ഒരു പ്രത്യേക സാഹചര്യത്തിൽ എടുത്ത തീരുമാനമെന്ന് ബെനറ്റ് എബ്രഹാമിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ വിശദീകരിച്ച് കഷ്ടപ്പെടുന്ന സിപിഐ തലസ്ഥാനത്തിത്തവണ ആരെ ഇറക്കുമെന്ന കാര്യത്തിൽ ഇതുവരെ ഒരു തീരുമാനത്തിൽ എത്തിയതുമില്ല. ബിജെപിക്കും പിന്നിൽ മൂന്നാം സ്ഥാനത്ത് പോയതിന്‍റെ നാണക്കേട് ഇത്തവണയെങ്കിലും മറികടക്കണമെന്നിരിക്കെ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള നേതാക്കളുടെ പേരുപോലുമുണ്ട് പരിഗണനയിൽ . ദേശീയ മുഖം ആനിരാജ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ,പ്രകാശ് ബാബു, പന്ന്യൻ രവീന്ദ്രൻ എന്നിങ്ങനെ നീളുന്നു പട്ടിക. 

തിരുവനന്തപുരം ചാലക്കുടി മണ്ഡലങ്ങളിലെ പോരാട്ട ചിത്രവുമായി വമ്പും വീമ്പും എന്ന പരിപാടി ചുവടെ: 

കഴിഞ്ഞതവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ എംപി സ്ഥാനം എന്ത് വിലകൊടുത്തും തിരിച്ച് പിടിക്കാനാകും ബിജെപി ശ്രമിക്കുക. കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് ആഗ്രഹിക്കുന്ന ഒട്ടേറെ പേരുണ്ട് ബിജെപിയിൽ.  സുരേഷ് ഗോപിയും കെ സുരേന്ദ്രനും മുതൽ പിഎസ് ശ്രീധരൻ പിള്ളവരെ പരിഗണനാ പട്ടികയിലുണ്ട്. 

ശിവലിംഗത്തിലെ തേളിനോട് മോദിയെ ഉപമിച്ച ശശിതരൂരിനെ തറപറ്റിക്കേണ്ടത് ബിജെപിയുടെ ആവശ്യമാണ്. കഴിഞ്ഞ തവണത്തെ തോൽവിയുടെ നാണക്കേട് മാറ്റണമെന്ന് സിപിഐ ഉറപ്പിക്കുന്നു. ജയത്തിൽ കുറഞ്ഞ മറ്റൊന്നും  കോൺഗ്രസ് പ്രതീക്ഷിക്കുന്നതേ ഇല്ല. ഏഴ് നിയമസഭാ മണ്ഡലങ്ങൾ,  13 ലക്ഷം വോട്ടര്‍മാ‍ർ അതിൽ തന്നെ എട്ട് ലക്ഷത്തോളം പേര്‍ ബൂത്തിലെത്തുമെന്ന് ഉറപ്പ് . ഇതാണ് തിരുവനന്തപുരം മണ്ഡലത്തിന്റെ ഘടന.

ഏഴ് മണ്ഡലങ്ങളിൽ നഗരപ്രദേശങ്ങളിലെ നാലിടത്തും കഴിഞ്ഞ തവണ ലീഡ് ബിജെപിക്കായിരുന്നു. ഗ്രാമപ്രദേശത്തെ മൂന്ന് മണ്ഡലങ്ങൾ കോൺഗ്രസിനും. അതേസമയം നഗരത്തിൽ രണ്ടാം സ്ഥാനത്ത് പിടിച്ച് നിൽക്കാൻ ശശിതരൂരിന് കഴിഞ്ഞപ്പോൾ ഗ്രാമീണ മേഖലയിൽ മൂന്നാം സ്ഥാനത്തേക്ക് പോയതാണ് ബിജെപിയുടെ തോൽവിക്ക് കാരണമായത്.

ശബരിമല പ്രക്ഷോഭത്തിലടക്കം ജന പിന്തുണ കൂടിയെന്ന് വിശ്വസിക്കുന്ന ബിജെപി കഴിഞ്ഞ തവണത്തെ 15000 വോട്ടിന്‍റെ കുറവ് അനായാസമായി മറികടക്കാമെന്ന പ്രതീക്ഷയിലാണ്. എൻഎസ്എസിന് മണ്ഡലത്തിലുള്ള അംഗബലമടക്കം ബിജെപിക്കാര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒപ്പം നിന്നവര്‍ മാത്രമാണ് ശബരിമല പ്രക്ഷോഭത്തിനും ഒപ്പമുള്ളതെന്നാണ് കോൺഗ്രസ് പറയുന്നത്. ഇടത് വിരുദ്ധ വോട്ടുകൾ ബിജെപിക്കും കോൺഗ്രസിനുമായി വിഘടിച്ചാൽ മികച്ച സ്ഥാനാര്‍ത്ഥിയെങ്കിൽ വിജയമുറപ്പിക്കുകയാണ് ഇടത് പക്ഷം .

Follow Us:
Download App:
  • android
  • ios