തെരഞ്ഞെടുപ്പായാൽ റിസോർട്ട് രാഷ്ട്രീയവും സജീവമാകുന്ന ​ഗോവ. ഇത്തവണയും ആ രീതിക്ക് കുറവുണ്ടായില്ല . കോൺ​​ഗ്രസ് , ബി ജെ പി , ആം ആദ്മി പാർട്ടി അങ്ങനെ പ്രമുഖ പാർട്ടികളുടെ നേതാക്കളും സ്ഥാനാർഥികൾക്കും എത്തിയത് റിസോർട്ടിൽ തന്നെയാണ്. ചിലരെ ഒളിപ്പിച്ചെത്തിക്കു‌ം. ചിലരാകട്ടെ ആഘോഷങ്ങൾക്ക് ഒത്തുകൂടിയെന്ന പേരിലെത്തിക്കും

​Goa election result 2022:​ ഗോവൻ ത്രില്ലറിൽ ആര് ഭരിക്കും? തീരുമാനം റിസോർട്ടിൽ നിന്ന് വരും!

തിരുവനന്തപുരം: കൂറുമാറ്റം , കുതിരക്കച്ചവടം , ഇതിന്റെയെല്ലാം ഈറ്റില്ലമായ ​ഗോവ(goa). ​ എന്നാൽ ഇതെല്ലാം നടക്കുന്നത് പാർട്ടി ഓഫിസുകൾ കേന്ദ്രീകരിച്ചല്ല . മറിച്ച് ഗോവയിലെ ഇത്തരം ചർച്ചകൾക്ക് ചൂടുപിടിക്കുന്നതും ഒടുവിൽ മറുകണ്ടം ചാടുന്നതും റിസോർട്ടുകളിൽ(resort) വച്ചാണ് . 

തെരഞ്ഞെടുപ്പായാൽ (Goa election result )റിസോർട്ട് രാഷ്ട്രീയവും സജീവമാകുന്ന ​ഗോവ. ഇത്തവണയും ആ രീതിക്ക് കുറവുണ്ടായില്ല . കോൺ​​ഗ്രസ് , ബി ജെ പി , ആം ആദ്മി പാർട്ടി അങ്ങനെ പ്രമുഖ പാർട്ടികളുടെ നേതാക്കളും സ്ഥാനാർഥികൾക്കും എത്തിയത് റിസോർട്ടിൽ തന്നെയാണ്. ചിലരെ ഒളിപ്പിച്ചെത്തിക്കു‌ം. ചിലരാകട്ടെ ആഘോഷങ്ങൾക്ക് ഒത്തുകൂടിയെന്ന പേരിലെത്തിക്കും. ഇത്തവണ കോൺ​ഗ്രസിൽ നിന്നാണ് റിസോർട്ടുകൾക്ക് കൂടുതൽ പണം കിട്ടിയത്. കോൺ​ഗ്രസ് സ്ഥാനാർഥികൾക്ക് താമസമൊരുക്കിയത് ഹോട്ടലുകളിലും റിസോർട്ടുകളിലും . ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ഇക്കാലം ചാകരക്കാലം കൂടിയാണ്.

ഒരു ഹോട്ടലോ റിസോർട്ടോ അല്ല പാർട്ടികൾക്ക് കേന്ദ്രമാകുക. വിഷയത്തിന്റെ ​ഗൗരവവും സീറ്റിന്റെ എണ്ണവും കണക്കാക്കി റിസോർട്ടുകൾ മാറാറുണ്ട്. ഇത്തവണ കണ്ടതും അതാണ്. വോട്ടെണ്ണലിന് രണ്ട് ദിവസം മുമ്പ് മുഴുവൻ കോൺ​ഗ്രസ് സ്ഥാനാർഥികളേയും വടക്കൻ ഗോവയിലെ റിസോർട്ടിലേക്ക് മാറ്റിയ ശേഷം തുടർ ചലനങ്ങൾ നിരീക്ഷിക്കാൻ മുതിർന്ന നോതാക്കളും എത്തി. ദില്ലിയിൽ നിന്ന് പി.ചിദംബരം, കർണാടകയിൽ നിന്ന് ഡി കെ ശിവകുമാർ, കർണാടക കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് സതീഷ് ജാർക്കിഹോളി,മഹാരാഷ്ട്ര മന്ത്രി സുനിൽ കേദാർ എന്നിവരാണ് കോൺ​ഗ്രസ് ക്യാമ്പ് നിയന്ത്രിക്കാനെത്തിയത്. ഇവർക്കായി പ്രത്യേകം സൗകര്യങ്ങളൊരുക്കും ഹോട്ടലുകളിലും റിസോർട്ടുകളിലും.
വോട്ടെണ്ണലിന് തൊട്ടുമുമ്പ് ആദ്യം തമസിപ്പിച്ച റിസോർട്ടിൽ നിന്ന് നിന്ന് കോൺഗ്രസ് സ്ഥാനാർഥികളെ ദക്ഷിണ ഗോവയിലെ മറ്റൊരു റിസോർട്ടിലേക്ക് മാറ്റി. അവിടേയും ഹോട്ടലുകൾക്ക് നല്ലകാലം

എക്സിറ്റ് പോളുകൾ അനുകൂലമായെന്ന് വിലയിരുത്തിയതോടെ ഭരണം പ്രതീക്ഷിക്കുന്നതിനൊപ്പം കൂറുമാറ്റവും പ്രതീക്ഷിച്ച കോൺ​ഗ്രസാണ് ഇത്തവണയും 37 സ്ഥാനാർഥികളേയും ആദ്യമേ തന്നെ ഹോട്ടലിക്ക് മാറ്റിയത് . സ്ഥാനാർഥി നിർണയം കഴിഞ്ഞ ഉടൻ തന്നെ സ്ഥാനാർഥികളെ എല്ലാം അമ്പലത്തിലും പളളികളിലും കൊണ്ടുപോയി കൂറുമാറില്ലെന്ന് സത്യം ചെയ്യിപ്പിച്ചതും ഈ പാർട്ടിയുടെ ​ഗതികേടായി തന്നെ വിലയിരുത്തും. 
കോൺഗ്രസിനു നേരിയ മേൽക്കൈയ്ക്കു സാധ്യത കൽപിച്ചുള്ള എക്സിറ്റ് പോളുകൾക്കു പിന്നാലെ ഗോവയിൽ ബി ജെ പി എങ്ങനെ നീങ്ങുമെന്നതിൽ ആശങ്കുളള കോൺ​ഗ്രസ് , അവരുടെ ടിക്കറ്റിൽ മൽസരിച്ച് ജയിക്കുന്ന എം എൽ എമാർ കൂറുമാറുന്നത് ഒഴിവാക്കാൻ കൂടിയാണ് റിസോർട്ട് രാഷ്ട്രീയം. 

 മുതിർന്ന ബിജെപി നേതാവ് വിശ്വജിത് റാണെയുടെ വാട്സാപ് സ്റ്റാറ്റസിൽ കർണാടകയിൽനിന്നെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. കരുനീക്കങ്ങൾക്ക് ശിവകുമാറും സംഘവും ചാർട്ടേഡ് വിമാനത്തിൽ ഗോവയിൽ വന്നിറങ്ങുന്നതായിരുന്നു സ്റ്റാറ്റസ് ചിത്രം. 

കോൺ​ഗ്രസിന്റെ മാത്രമല്ല വിവിധ പാർട്ടികളുടെ പ്രമുഖ നേതാക്കളെല്ലാം ഗോവയിൽ ഹോട്ടലുകളിൽ തമ്പടിച്ചിട്ടുണ്ട്. രാഷ്ട്രീയ വിലയിരുത്തലുകൾക്കായി ബി ജെ പി നേതാക്കളും ഉണ്ട്.ദേശീയ ജനറൽ സെക്രട്ടറി സി.ടി.രവിയുടെ നേതൃത്വത്തിലാണ് ബി ജെ പി സംഘം ഉള്ളത്.

കൂറുമാറ്റം മുന്നിൽ കണ്ട് ആംആദ്മി പാർട്ടിയും ജയ സാധ്യതയുള്ള സ്ഥാനാർഥികളെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. കേവല ഭൂരിപക്ഷത്തിലേക്ക് കോൺ​ഗ്രസും ബി ജെ പിയും എത്താത്ത പക്ഷം ജയിക്കുന്ന ചെറു പാർട്ടികൾക്ക് വൻ ഓഫർ നൽകി ഒപ്പം ചേർക്കുന്നത് ഇവിടെ സ്വാഭാവികമാണ്. ഇതൊഴിവാക്കലാണ് ലക്ഷ്യം

കക്ഷി നില മാറി മറിയുന്ന ​ഗോവയിൽ ഭരണം പിടിക്കാനുള്ള ചർച്ചകൾക്കും കൈകൊടുക്കലുകൾക്കും വേദിയാകുന്നത് റിസോർട്ടുകളാണ്. ഭരണത്തിനമുള്ള മാജിക് നമ്പറായ 21 എന്ന അക്കം തികയ്ക്കാനായില്ലെങ്കിൽ , ചെറുകക്ഷികളുടെ പിന്തുണ ഉറപ്പാക്കാനും , അങ്ങോട്ടുമിങ്ങോട്ടുമുള്ള കൂറുമാറ്റത്തിനും റിസോർട്ടുകൾ സാക്ഷ്യം വഹിക്കും.

കഴിഞ്ഞ തവണ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായത് കോൺ​ഗ്രസ് ആയിരുന്നെങ്കിലും ചെറുപാർട്ടികളുടെ പിന്തുണ തേടി ബി ജെ പി ഭരണത്തിൽ വരികയായിരുന്നു. രണ്ട് വർഷം കഴിഞ്ഞപ്പോൾ ജയിച്ച ആകെയുള്ള 17 കോൺ​ഗ്രസ് എംഎൽഎമാരിൽ 15ഉൺ ബി ജെ പിയിൽ ചേർന്നു. അന്നും ​ഗോവ കണ്ടത് റിസോർട്ട് രാഷട്രീയമായിരുന്നു. ഇത്തവണ ഒരു മുഴം മുമ്പെറിഞ്ഞിരിക്കുകയാണ് കോൺ​ഗ്രസ് ‌. ആംആദ്മി പാർട്ടിയിലും തൃണമൂൽ കോൺ​ഗ്രസിലും ഒക്കെ കണ്ണുവച്ചാണ് നീക്കം

ഇത്തവണ ആര് വലിയ കക്ഷിയായാലും , ചെറുകക്ഷികളുടെ നിലപാടും പ്രധാന പാർട്ടികളിലെ അം​ഗങ്ങളുടെ കൂറുമാറ്റവും കാണാനാകുമെന്നതിൽ ഒരു സംശയവുമില്ല. റിസോർട്ടിൽ ഒളിപ്പിച്ചവർ കണ്ടം ചാടുന്ന സമയം മാത്രം ഇനി നോക്കിയാൽ മതി. റിസോർട്ടുകളിലേക്കായി വൻ പണം ചെലവഴിച്ച നേതൃത്വങ്ങളിൽ ഏത് പാർട്ടിക്കാണ് കനത്ത നഷ്ടം എന്നത് മാത്രമാകും അന്തിമ ചോദ്യം. അതായത് റിസോർട്ട് രാഷ്ട്രീയം തുടരുമ്പോഴും റിസോർട്ടിൽ ഉണ്ട് ഉറങ്ങി ആസ്വദിച്ച എംഎൽഎമാർ കൈ കൊടുക്കുന്ന വാഴുന്നവനെയാണെന്നതാണ് വാസ്തവം. ചുരുക്കത്തിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും പാർട്ടിയുടെ പണത്തിൽ ഉണ്ടുറങ്ങാനും നേരമ്പോക്കിനുമായി ഒരു ഇടത്താവളം അതാണ് ​ഗോവയിലെ റിസോർട്ട് രാഷ്ട്രീയം എന്ന് പറഞ്ഞവസാനിപ്പിക്കാം