ഭോപ്പാൽ: വാശിയേറിയ പോരാട്ടത്തിന്‍റെ മണിക്കൂറുകൾക്കൊടുവിൽ മധ്യപ്രദേശ് നാളെ പോളിംഗ് ബൂത്തിലേയ്ക്ക്. അഞ്ചു കോടിയിലധികം വോട്ടർമാ‍ർ നാളെ വിധിയെഴുതുമ്പോൾ വോട്ടെടുപ്പിനായി 65000 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. 2013-ലെ സീറ്റ് നിലയിൽ കുറവുണ്ടാകുമെങ്കിലും ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ രൂപീകരിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. എന്നാൽ ഭരണവിരുദ്ധവികാരം വോട്ടാക്കാമെന്ന പ്രതീക്ഷയിൽ കോൺഗ്രസും ആത്മവിശ്വാസത്തിലാണ്.

72 ശതമാനം വരുന്ന ഗ്രാമവാസികൾക്കിടയിൽ കാർഷിക പ്രശ്നങ്ങളും തൊഴിലില്ലായ്മയും കോൺഗ്രസ് വലിയ ചർച്ചയാക്കിയിട്ടുണ്ട‌്. ബിജെപിയെ കടത്തിവെട്ടി ഹിന്ദുത്വ അജണ്ട മുന്നോട്ടുവെക്കാനും ഇത്തവണ കോൺഗ്രസ് ശ്രമിച്ചു. ഇതിനെ പ്രതിരോധിയ്ക്കാൻ അയോധ്യയിലെ രാമക്ഷേത്ര വിഷയം കോൺഗ്രസിനെതിരെ ഉന്നയിക്കുകയാണ് ബിജെപി. ഗ്വാളിയോർ, ഭിന്ദ്, ബുന്ദേൽഖണ്ഡ്, ഇന്ദോർ, ജബൽപൂർ മേഖലകളിലെ ബിജെപി കോട്ടകളിലെല്ലാം ഇത്തവണ കടുത്ത മത്സരമാണ്. മുൻമന്ത്രി അടക്കം എൺപതിലധികം വിമത സ്ഥാനാർത്ഥികളും ഇത്തവണ ബിജെപിക്ക് ഭീഷണിയായിട്ടുണ്ട‌്. ദളിത് വോട്ടുകൾ വാരുമെന്നതിനാൽ വോട്ടുശതമാനത്തിൽ ചെറിയ വ്യത്യാസമുള്ള മണ്ഡലങ്ങളിൽ ബിഎസ്പി ബിജെപിയ്ക്കും കോൺഗ്രസിനും ഭീഷണിയാണ്.

മധ്യപ്രദേശിലെ കോൺഗ്രസ് താരം ജ്യോതിരാദിത്യ സിന്ധ്യ

രാജസ്ഥാനിൽ കോൺഗ്രസിന്‍റെ താരം ഇപ്പോൾ ജ്യോതിരാദിത്യ സിന്ധ്യയാണ്. സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ കമൽനാഥാണ് നേതാവെങ്കിലും പ്രചാരണത്തിൽ തൻറെ ജനപ്രീതി തെളിയിക്കാൻ സിന്ധ്യയ്ക്ക് കഴിഞ്ഞു. കൂടുതൽ സ്ഥാനാർത്ഥികൾ സിന്ധ്യയുടെ സാന്നിധ്യം അവരുടെ മണ്ഡലങ്ങളിൽ ആവശ്യപ്പെടുന്നു. പാർട്ടി ആരെയും മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഗ്വാളിയറിലെ കോൺഗ്രസ് അദ്ധ്യക്ഷൻ ഉൾപ്പടെയുള്ളവർക്ക് 'മഹാരാജ് സിന്ധ്യ'യാണ് അടുത്ത മുഖ്യമന്ത്രി എന്ന് പരസ്യമായി പ്രഖ്യാപിക്കാൻ ഒരു മടിയുമില്ല.

സിന്ധ്യ മുഖ്യമന്ത്രിയാകും എന്ന പ്രചരണം കോൺഗ്രസ് തുടങ്ങിയതോടെ ബിജെപി തന്ത്രം മാറ്റുകയാണ്. 'മഹാരാജാവ് ക്ഷമിച്ചാലും, ഇത്തവണ ശിവരാജ് അധികാരത്തിൽ വരും' - എന്ന മുദ്രാവാക്യമുള്ള ബിജെപി പരസ്യങ്ങളാണ് ഇപ്പോൾ ടിവിയിൽ നിറയുന്നത്. ഗ്വാളിയോർ രാജകുടുംബമായ ജ്യോതിരാദിത്യസിന്ധ്യയെ ഇത്തരത്തിൽ നേരിടുന്നതിനെതിരെ, ജ്യോതിരാദിത്യയുടെ പിതൃസഹോദരിയും മധ്യപ്രദേശിലെ ബിജെപി എംഎൽഎയുമായ യശോധരാ രാജെ സിന്ധ്യ തന്നെ രംഗത്തെത്തിയിരുന്നു. ഇത്തരം മുദ്രാവാക്യങ്ങളിലൂടെ ബ്രാഹ്മണവോട്ടുകൾ ചോരുമെന്നാണ് യശോധരയുടെ പേടി.

പട്ടികവിഭാഗ സംവരണത്തിന്‍റെ പേരിൽ ബ്രാഹ്മണ സമുദായം ബിജെപിയോട് അകൽച്ചയിലാണെന്നാണ് സൂചന. ജിഎസ്ടി മറ്റു പരമ്പരാഗത വോട്ട് ബാങ്കിലും വിള്ളലുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ ഒബിസി വിഭാഗങ്ങളെയും എസ്‍സി, എസ്‍ടി ഭൂരിപക്ഷത്തെയും കൂടെ നിറുത്താനാകുമോ എന്നാണ് ബിജെപി ശ്രമിക്കുന്നത്.

മധ്യപ്രദേശിലെ കോൺഗ്രസിന്‍റെ മുഖം ജ്യോതിരാദിത്യ സിന്ധ്യയുടെ പിതൃസഹോദരി വസുന്ധരരാജെ സിന്ധ്യയാണ് രാജസ്ഥാനിൽ മുഖ്യമന്ത്രി എന്നതൊന്നും ബിജെപി പ്രചാരണത്തിന് തടസ്സമാവുന്നില്ല. സിന്ധ്യയും ശിവരാജും നേരിടുമ്പോൾ ജാതി വിഷയമാക്കി ഭരണവിരുദ്ധവികാരത്തിന് മറയിടാനാണ് ബിജെപി കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്.

Read More: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: ഗോദയിലെ താരങ്ങൾ ആരൊക്കെ? ഒരു എത്തിനോട്ടം

മധ്യപ്രദേശിൽ ഭൂരിപക്ഷം കിട്ടിയാല്‍ ദിഗ്‍വിജയ് സിംഗ് മുഖ്യമന്ത്രിയാകുമോ? മകനും എംഎല്‍എയുമായ ജയ്‍വർധൻ ഏഷ്യാനെറ്റ് ന്യൂസിനോട്