Asianet News MalayalamAsianet News Malayalam

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കും, തടസ്സം നിൽക്കുന്നത് കോൺഗ്രസ്: അമിത് ഷാ

ദില്ലിയിൽ നടക്കുന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവിന്‍റെ ഉദ്ഘാടനപ്രസംഗത്തിലാണ് അമിത് ഷായുടെ പരാമർശം. അയോധ്യയിൽ എവിടെയാണോ രാമക്ഷേത്രമുണ്ടായിരുന്നത്, അവിടെ പുതിയ ക്ഷേത്രമുണ്ടാകുമെന്ന് ഷാ.

will build ram mandir in ayodhya says amit shah in bjp national executive
Author
Ram Lila Maidan, First Published Jan 11, 2019, 5:40 PM IST

ദില്ലി: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ. എൻഡിഎ സർക്കാർ തന്നെ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കും. അയോധ്യയിൽ എവിടെയാണോ ക്ഷേത്രം ഉണ്ടായിരുന്നത് അവിടെത്തന്നെയാകും പുതിയ ക്ഷേത്രവും - ദില്ലിയിൽ നടക്കുന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവിന്‍റെ ഉദ്ഘാടനപ്രസംഗത്തിൽ അമിത് ഷാ പറഞ്ഞു.

കോൺഗ്രസാണ് രാമക്ഷേത്രത്തിന്‍റെ നിർമാണത്തിന് തടസ്സം നിൽക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു. ''കോടതിയിൽ കേസ് നടത്തി രാമക്ഷേത്രനിർമാണം നീട്ടിക്കൊണ്ടുപോകുന്നത് കോൺഗ്രസാണ്. കോടതിയിലെ കേസ് വേഗത്തിൽ തീർക്കാൻ കോൺഗ്രസ് സമ്മതിക്കുന്നില്ല'' - അമിത് ഷാ പറഞ്ഞു.

'മോദി ഐക്കണു'മായി 2019-ലേക്ക്

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെക്കുറിച്ച് രൂപരേഖ തയ്യാറാക്കാനാണ് എക്സിക്യൂട്ടീവ് ചേരുന്നത്. അടുത്ത കാലത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികളിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട അണികൾക്ക് ഊർജം പകരാനും എക്സിക്യൂട്ടീവ് ലക്ഷ്യമിടുന്നു. 

മുന്നാക്കസംവരണബില്ലും, പട്ടികജാതി-പട്ടികവർഗനിയമഭേദഗതിയും അടക്കമുള്ള കാര്യങ്ങൾ ഉയർത്തിക്കാട്ടി 'സബ്കാ സാഥ്, സബ്കാ വികാസ്' എന്ന മുദ്രാവാക്യം ഉയർത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്തെല്ലാം തന്ത്രങ്ങൾ സ്വീകരിക്കണം, ഏതെല്ലാം കേന്ദ്രസർക്കാർ പദ്ധതികൾ പ്രധാനപ്രചാരണവിഷയങ്ങളാക്കണം എന്നതും എക്സിക്യൂട്ടീവിൽ ചർച്ചയാകും. 

ബിജെപിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എക്സിക്യൂട്ടീവ് യോഗമാണ് നടക്കുന്നത്. 12,000-ത്തോളം അംഗങ്ങളാണ് ഈ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കുന്നത്. പാർട്ടി അധ്യക്ഷൻ അമിത് ഷായാണ് ഉദ്ഘാടനപ്രസംഗം നടത്തിയത്. നാളെ വൈകിട്ടോടെ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിന്‍റെ സമാപനപ്രസംഗം നടത്തും. ലോക്സഭാ തെരഞ്ഞെടുപ്പിലെ അജണ്ടകളെക്കുറിച്ച് മോദി പ്രസംഗത്തിൽ സംസാരിക്കും. 

2019-ലും മോദി സർക്കാർ അധികാരത്തിൽ വരുമെന്നാണ് ഉദ്ഘാടനപ്രസംഗത്തിൽ അധ്യക്ഷൻ അമിത് ഷാ അവകാശപ്പെട്ടത്. മോദിയുടെ വികസനപദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാൻ വീണ്ടും ബിജെപി സർക്കാർ അധികാരത്തിൽ വരണം - അമിത് ഷാ പറഞ്ഞു. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം ഉറപ്പാക്കിയ കേന്ദ്രസർക്കാർ നടപടി ഏറെക്കാലമായി ഇന്ത്യൻ ജനതയുടെ ആവശ്യമായിരുന്നെന്നാണ് അമിത് ഷാ പറഞ്ഞത്. ''ചെറുകിട വ്യവസായികൾക്കും വ്യാപാരികൾക്കും ജിഎസ്ടി രജിസ്ട്രേഷൻ വ്യവസ്ഥകൾ ഉദാരമാക്കിയ മോദി സർക്കാരിന്‍റെ നടപടികൾ അഭിനന്ദനാർഹമാണ്. ഇത് ചെറുകിടവ്യവസായങ്ങൾ വളരാൻ സഹായകമാകും. രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യവികസനത്തിന് ഉതകുന്ന രണ്ട് പ്രധാനതീരുമാനങ്ങൾ എടുത്തതിന് ഞാൻ സർക്കാരിനെ അഭിനന്ദിക്കുന്നു.'' അമിത് ഷാ പറ‌ഞ്ഞു.

Read More: 'മോദി' ഐക്കണുമായി 2019-ന് കച്ചകെട്ടാൻ ബിജെപി; ദേശീയ എക്സിക്യൂട്ടീവ് ദില്ലിയിൽ

Follow Us:
Download App:
  • android
  • ios