തെലങ്കാന: സ്വന്തം തട്ടകമായ ഗജ്‍വേലിൽ  ചന്ദ്രശേഖര റാവു വീഴുമോ? ഗജ്‍വേലിൽ ചന്ദ്രശേഖര റാവുവിന് ഒരു ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷം കിട്ടുമെന്ന് അണികൾ ഉറപ്പിച്ച് പറയുന്നു. എന്നാൽ  തെലങ്കാനയിൽ നിന്ന് ഇപ്പോളുയരുന്ന വലിയ ചോദ്യം കെസിആർ വീഴുമോ എന്നത് തന്നയാണ്. കളത്തിലും കണക്കിലും കെസിആറിന് അനുകൂലമല്ല കാര്യങ്ങൾ.

ഭൂരിപക്ഷം പേരും അവിടെ  ചന്ദ്രശേഖര റാവു കടന്നുകൂടുമോ എന്ന് സംശയിക്കുന്നതിന് കാരണങ്ങൾ പലതാണ്. 2014ൽ അനുകൂല രാഷ്ട്രീയ കാലാവസ്ഥയിലും റാവുവിന് കിട്ടിയ ഭൂരിപക്ഷം ഇരുപതിനായിരത്തിൽ താഴെ. അന്ന് എതിർ സ്ഥാനാർത്ഥി തെലങ്കാനയ്ക്ക് എതിരുനിന്ന ടിഡിപിയിലെ പ്രതാപ് റെഡ്ഡി ആയിരുന്നു. ഇന്ന് ചിത്രം മാറി, പ്രതാപ് റെഡ്ഡി കോൺഗ്രസ് ടിക്കറ്റിൽ മഹാസഖ്യത്തിന്‍റെ സ്ഥാനാർത്ഥിയായി ആണ് മത്സരിക്കുന്നത്. നാല് വർഷം മുമ്പുളള കണക്കനുസരിച്ചാണെങ്കിൽ  ടിഡിപിയുടെയും കോൺഗ്രസിന്‍റെയും വോട്ട് ചേർന്നാൽ റാവു തോൽക്കും.

2014ൽ വോട്ട് ടിആർഎസ് നേടിയത് 44.42 ശതമാനം വോട്ട്. ടിഡിപിക്ക് കിട്ടിയത് 34.48 ശതമാനം. കോൺഗ്രസ് നേടിയത് 17.46 ശതമാനവും. കണക്ക് ഏതാണ്ട് ഇതേപടി വന്നാൽ ചന്ദ്രശേഖര റാവുവിന്‍റെ നില തീരെ ഭദ്രമല്ല. ചരിത്രവും കെസിആറിന് എതിരാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ രണ്ടാമതൊരു അവസരം തങ്ങളുടെ എംഎൽഎയ്ക്ക് ഗജ്‍വേൽ നൽകിയിട്ടില്ല.

പക്ഷേ കെസിആർ ഇതൊന്നും കാര്യമാക്കുന്നില്ല. ഗജ്‍വേലിലെ വികസനമോഡൽ തുണയ്ക്കുമെന്നാണ് അദ്ദേഹത്തിന്‍റെ പ്രതീക്ഷ. മരുമകൻ ഹരീഷ് റാവുവിനാണ് പ്രചാരണച്ചുമതല. ടിഡിപിക്ക് മണ്ഡലത്തിൽ പഴയ വോട്ടുബാങ്ക് ഇല്ലെന്നാണ് ടിആർഎസിന്‍റെ നിഗമനം. 1983ന് ശേഷം ഒരു തെരഞ്ഞെടുപ്പിലും തോറ്റിട്ടില്ലെന്ന റെക്കോഡ് ആവർത്തിക്കുമെന്നും മുഖ്യമന്ത്രിക്ക് ആത്മവിശ്വാസത്തോടെ പറയുന്നു.

എന്നാൽ മണ്ഡലത്തിൽ എത്താത്ത റാവുവിന് ജനങ്ങൾ എങ്ങനെ വോട്ടുകൊടുക്കുമെന്നാണ് പ്രതിപക്ഷത്തിന്‍റെ ചോദ്യം. നാമനിർദേശ പത്രിക കൊടുത്ത ശേഷം ഇതുവരെ റാവു ഗജ്‍വേലിൽ വന്നിട്ടില്ല.തോൽവി ഭയന്ന് തങ്ങളുടെ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയാണ് ടിആർഎസെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. സ്ഥാനാർത്ഥി പ്രതാപ് റെഡ്ഡിക്കെതിരെ ഇതിനോടകം 25 കേസുകളെടുത്തെന്നും ആരോപണമുണ്ട്. എല്ലാം കൊണ്ടും ഗജ്‍വേൽ ആകാംക്ഷയേറ്റുകയാണ്. ഏതായാലും തെരഞ്ഞെടുപ്പ് വിജയത്തിനായി രണ്ട് മഹാ ഹോമങ്ങൾ ഇതിനകം നടത്തിക്കഴിഞ്ഞു മുഖ്യമന്ത്രി. അടവുകൾക്കൊപ്പം അതും തുണയ്ക്കുമെന്ന പ്രതീക്ഷയിൽ.

"