പൊന്നാനി: 1971നുശേഷം ഇടതുപക്ഷത്തിന് ബാലികേറാമലയാണ് പൊന്നാനി ലോക്സഭാ മണ്ഡലം. ജി.എം.ബനാത്ത് വാലയെ ആറ് തവണയും ഇബ്രാഹിം സുലൈമാൻ സേട്ടിനെ ഒരു തവണയും ജയിപ്പിച്ച മണ്ഡലമാണ് പൊന്നാനി.പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ താനൂരും തവനൂരും ഒഴികെയുള്ള ബാക്കി അഞ്ച് നിയമസഭാ മണ്ഡലങ്ങളും യുഡിഎഫിന്‍റെ കൈവശമാണ്. ലീഗിന്‍റെ നെടുങ്കോട്ടയാണെങ്കിൽ പൊന്നാനിയിൽ ഒരു അനായാസ വിജയം ഇക്കുറി യുഡിഎഫ് പ്രതീക്ഷിക്കുന്നില്ല.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഗിന്‍റെ ഉറച്ച കോട്ടയായ പൊന്നാനിയിൽ നിന്ന് ഇ.ടി.മുഹമ്മദ് ബഷീർ വിജയിച്ചത് വെറും കാൽ ലക്ഷം വോട്ടിനാണ്. കോൺഗ്രസ് വിമതനായ വി.അബ്ദുറഹ്മാനെ നിർത്തി മികച്ച മത്സരമാണ് എൽഡിഎഫ് അന്ന് പൊന്നാനിയിൽ കാഴ്ച വെച്ചത്. ലീഗ് വിരുദ്ധരായ കോൺഗ്രസുകാരുടെ പിന്തുണയും വി.അബ്ദുറഹ്മാനായാരിരുന്നു.  2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താനൂരിൽ സിറ്റിംഗ് എംഎൽഎയെ മലർത്തിയടിക്കാൻ അബ്ദുറഹ്മാനെ തുണച്ചതും ഇ.ടിയെ വിറപ്പിച്ച ഈ മത്സരച്ചൂട് തന്നെ. ഇ.ടിക്ക് മണ്ഡലത്തിൽ എതിർപ്പ് വർച്ചുവെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. ഇത്തവണ പൊന്നാനിയിൽ നിന്ന് ഇ.ടി.മുഹമ്മദ് ബഷീറിനെ മുസ്ലീം ലീഗ് പിൻവലിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

2009ൽ പിഡിപി പിന്തുണയോടെയായിരുന്നു ഇടതുപക്ഷം ഇ.ടിക്കെതിരെ ഹുസൈൻ രണ്ടത്താണിയെ കളത്തിലിറക്കിയത്. പിണറായി വിജയൻ മദനിക്കൊപ്പം വേദി പങ്കിട്ടത് അന്ന് വലിയ വിവാദമായിരുന്നു. 82,684 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഹുസൈൻ രണ്ടത്താണിയെ നിലംപരിശാക്കി ഇ.ടി. ജയിച്ചുകയറി. എന്നാൽ 2014ലെ ശക്തമായ മത്സരത്തിൽ ഇ.ടിയുടെ ഭൂരിപക്ഷം 25,410 വോട്ട് ആയി കുറഞ്ഞു. 6.71 ശതമാനം വോട്ടിന്‍റെ കുറവാണ് യുഡിഎഫിന് ഉണ്ടായത്.

ഇ.ടിയുടെ ജനപിന്തുണ വീണ്ടും ഇടിഞ്ഞതായി വിലയിരുത്തുന്ന മുസ്ലീം ലീഗ് കടുത്ത മല്‍സരം മുന്നില്‍ക്കണ്ട് ഇത്തവണ പൊന്നാനിയിൽ അബ്ദുസമദ് സമദാനിയെ പരിഗണിച്ചേക്കും. സീറ്റ് ലക്ഷ്യമിട്ട് സമദാനി മണ്ഡലത്തിൽ ഇപ്പോഴേ സജീവമാണ്. യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസിന്‍റേതാണ് ഉയരുന്ന മറ്റൊരു പേര്. എന്നാൽ അതിന് ഇ.കെ.സുന്നി വിഭാഗത്തിന്റെ എതിർപ്പ് മറികടക്കേണ്ടി വരും. പാണക്കാട് മുനവറലി തങ്ങളുടെ പേരും ലീഗിൽ നിന്ന് പൊന്നാനി സീറ്റിനുവേണ്ടി ഉയരുന്നുണ്ട്.

ഇ.ടി.മുഹമ്മദ് ബഷീർ പൊന്നാനിയിൽ നിന്ന് മത്സരിക്കുന്നില്ല എന്ന കാര്യം ഏതാണ്ട് ഉറപ്പായതോടെ അദ്ദേഹത്തെ എവിടെ ഉൾക്കൊള്ളും എന്ന തരത്തിലുള്ള ആലോചനയും മുസ്ലീം ലീഗിൽ തുടങ്ങിയിട്ടുണ്ട്. പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നില്ലെങ്കിൽ മാത്രം ഇ.ടിക്ക് മലപ്പുറത്ത് നിന്ന് അവസരം നൽകാനാണ് ലീഗ് നേതൃത്വത്തിന്‍റെ ആലോചന. മത്സരിക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ തീരുമാനമെങ്കിൽ ഇ.ടി.മുഹമ്മദ് ബഷീർ വീണ്ടും സംസ്ഥാനരാഷ്ട്രീയത്തിൽ സജീവമാകും.

പൊന്നാനി സീറ്റ് സിപിഎം സിപിഐയിൽ നിന്ന് തിരിച്ചെടുത്തേക്കും

ഇടതുപക്ഷത്തിന്‍റെ സ്ഥാനാർത്ഥിയുടെ കാര്യത്തിലും ചർച്ചകൾ തുടങ്ങിയെങ്കിലും ചിത്രം ഇതുവരെ വ്യക്തമായിട്ടില്ല. സിപിഐയിൽ നിന്നും 2009ൽ സിപിഎം കൈവശപ്പെടുത്തിയ മണ്ഡലമാണ് പൊന്നാനി. പ്രവാസി വ്യവസായിയും തിരൂരങ്ങാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന നിയാസ് പുളിക്കലത്തിനെ മല്‍സരിപ്പിക്കാനാണ് സിപിഎമ്മിന്‍റെ നീക്കം. മണ്ഡലം സിപിഐക്ക് തന്നെ തിരിച്ചു നൽകി, നിയാസ് പുളിക്കലകത്തിനെ മത്സരിപ്പിക്കാമെന്ന നിർദ്ദേശം സിപിഎം ഉയർത്തിയെങ്കിലും സിപിഐ ഇതുവരെ അനുകൂല നിലപാട് എടുത്തിട്ടില്ല. ഈ ഉപാധിക്കായി വയനാട് സീറ്റ് വെച്ചു മാറേണ്ടി വരും എന്നതുകൊണ്ടാണ് സിപിഐ മടിച്ചുനിൽക്കുന്നത്.

സിപിഐ സീറ്റ് വച്ചുമാറാൻ തയ്യാറാകുന്നില്ലെങ്കിൽ നിയാസ് പുളിക്കലകത്തിനെ സ്വന്തം സ്ഥാനാർത്ഥി ആക്കാനും സിപിഎം ആലോചിക്കുന്നുണ്ട്. നിലവിൽ സി‍ഡ്കോ ചെയർമാൻ ആണ് നിയാസ് പുളിക്കലകത്ത്. സാഹചര്യം അനുകൂലമാണെന്നും കെ.ടി.ജലീലിനെപ്പോലൊരു ശക്തനെ മുൻനിർത്തി മണ്ഡലം പിടിക്കണമെന്നുമുള്ള വാദവും പ്രാദേശിക സിപിഎം നേതൃത്വം ഉയർത്തുന്നുണ്ട്. ആ നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ ഒരുപക്ഷേ കെ.ടി.ജലീൽ, സമദാനി പോരാട്ടത്തിൽ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മത്സരം പൊന്നാനിയിൽ നടക്കാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല. ബന്ധുനിയമന വിവാദത്തിൽ നേർക്കുനേർ ഏറ്റുമുട്ടിയ പി.കെ.ഫിറോസും കെ.ടി.ജലീലും പൊന്നാനിയിൽ പോരിനിറങ്ങിയാലും മത്സരം ശ്രദ്ധേയമാകും.