ഗ്വാളിയോർ: മധ്യപ്രദേശിൽ ഇത്തവണത്തെ തെര‌ഞ്ഞെടുപ്പിൽ കൂടിയാലോചനകൾ പലതും നടന്നത് കൊട്ടാരങ്ങളിലാണ്. അധികാരം കൊട്ടാരങ്ങളിലേക്ക് മടങ്ങുമോ എന്ന പ്രതീക്ഷയിലാണ് പഴയ നാടുവാഴികൾ. ഗ്വാളിയോറിലെ മുൻരാജകുടുംബമായ രാജ്‍വിലാസ് കൊട്ടാരത്തിലേയ്ക്ക് ജനായത്ത കാലത്തിന്‍റെ അധികാരദണ്ഡുമായി അനന്തരാവകാശിയായ ജ്യോതിരാദിത്യ സിന്ധ്യ മടങ്ങിയെത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

പാട്ടിന്‍റെയും കൊട്ടാരത്തിന്‍റെയും നാട്, ഗ്വാളിയോർ

കൊട്ടാരങ്ങളുടെയും ഖരാനകളുടെയും നാടാണ് ഗ്വാളിയോർ. അതെ, 'ആറാം തമ്പുരാൻ' സിനിമയിൽ ജഗന്നാഥൻ 'പാട്ട് പഠിയ്ക്കാൻ പഴയൊരു സിംഹത്തിന്‍റെ മട'യിൽ എത്തിയ അതേ ഗ്വാളിയോർ. താൻസെന്നിന്‍റെയും റാണി ലക്ഷ്മി ഭായിയുടെയും സമാധികൾ ഈ നഗരത്തിൽ കാണാം. 

എന്നാൽ ഗ്വാളിയോറിന്‍റെ പ്രതാപം വിളിച്ചു പറയുന്നത് സിന്ധ്യമാരുടെ ജയ്‍വിലാസ് കൊട്ടാരം തന്നെയാണ്. ഇന്ത്യയിലെ ഏറ്റവും ധനികകൊട്ടാരങ്ങളിൽ ഒന്നാണിത്. ഇന്ന് ഗ്വാളിയോറിന്‍റെ മഹാരാജാവ് ജ്യോതിരാദിത്യസിന്ധ്യയാണ്. അതെ, മധ്യപ്രദേശിൽ കോൺഗ്രസ് ജയിച്ചാൽ മുഖ്യമന്ത്രിയാവാൻ ഏറ്റവും കൂടുതൽ സാധ്യത കൽപിയ്ക്കപ്പെടുന്നയാൾ. മുതിർന്ന കോൺഗ്രസ് നേതാവ് മാധവറാവു സിന്ധ്യയുടെ മകൻ.

ജയ്‍വിലാസ് കൊട്ടാരത്തിന്‍റെ കൊട്ടാരത്തിൻറെ ഒരു ഭാഗം ഇന്ന് മ്യൂസിയമാണ്. മറ്റൊരു ഭാഗം പഞ്ചനക്ഷത്ര ഹോട്ടലിന് വിട്ടു കൊടുത്തിരിക്കുന്നു. പ്രധാനകൊട്ടാരത്തോട് ചേർന്ന മറ്റൊരു മഹലിലാണ് സിന്ധ്യയും കുടുംബവും താമസിക്കുന്നത്. 

: ഗ്വാളിയോറിലെ ജയ്‍വിലാസ് കൊട്ടാരം

ജനാധിപത്യത്തിന്‍റെ കാലത്തെ 'രാജാവും റാണിയും'

ദേശീയ രാഷ്ട്രീയത്തിൽ  ജയ്‍വിലാസ് കൊട്ടാരം ചെലുത്തിയ സ്വാധീനം ചെറുതല്ല. 'രാജമാതാ വിജയരാജെ സിന്ധ്യ' ജനസംഘത്തിൻറെ നെടുംതൂണായി. എ.ബി.വാജ്പേയി ഉൾപ്പടെയുള്ളവരുടെ ഉയർച്ചക്ക് കൊട്ടാരം സഹായങ്ങൾ നല്കി. വിജയരാജെ സിന്ധ്യ ബിജെപിയിൽ ഉറച്ചു നിന്നപ്പോൾ മകൻ മാധവറാവു സിന്ധ്യ കോൺഗ്രസ് ക്യാംപിലേക്ക് പോയി. 

: എ.ബി.വാജ്‍പേയിയും എൽ.കെ.അദ്വാനിയും രാജമാതാ വിജയരാജെ സിന്ധ്യയോടൊപ്പം

ഭിന്നത ദൃശ്യമായപ്പോൾ വിജയരാജെ സിന്ധ്യയും പെൺമക്കളും കൊട്ടാരത്തോട് ചേർന്ന റാണിമഹലിലേക്ക് താമസം മാറ്റി. യശോധര രാജെ ഇന്ന് ബിജെപിയുടെ മന്ത്രിയാണ്. വസുന്ധര രാജെ രാജസ്ഥാൻ മുഖ്യമന്ത്രിയും. വ്യത്യസ്ത ചേരിയിൽ നില്ക്കുമ്പോഴും കൊട്ടാരത്തിലുള്ളവർ പരസ്പരം മത്സരിക്കില്ല. മണ്ഡലങ്ങളിൽ പരസ്പരം സഹായിക്കുന്നു എന്ന ആരോപണവുമുണ്ട്. കുടുംബത്തിലുള്ളവരെ എതിർത്തു സംസാരിക്കുന്നത് പോലും ഒഴിവാക്കുന്നു.

ഗ്വാളിയോറിൽ നിന്ന് 250 കീലോമീറ്റർ‍ അകലെയുള്ള രാഘോഗഡ് കൊട്ടാരത്തിലെ ദിഗ്വിജയ് സിംഗിന് മുഖ്യമന്ത്രിപദം കിട്ടി. രാജഭരണകാലത്ത് രാഘോഗഡിലെ ദിഗ്വിജയ് സിംഗിന്‍റെ പൂർവികർക്ക് 'രാജാവ്' എന്ന പദവിയേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഗ്വാളിയോറിലെ സിന്ധ്യമാർക്കുണ്ടായിരുന്നത് 'മഹാരാജാവ്' എന്ന പദവിയാണ്. ആ പഴയ 'വെറും രാജാവ്' 'മഹാരാജാവി'നേക്കാൾ ഉയർന്നതിന്‍റെ വൈരമുണ്ട്, ഇപ്പോഴും ഇവർക്കിടയിൽ.

തൽക്കാലം വൈരം മറന്ന്...

ഇത്തവണ എന്തായാലും വൈരം മറന്ന് ഇത്തവണ ഒന്നിച്ചു നിൽക്കുകയാണ് കോൺഗ്രസ്. ഹൃദയഭൂമിയായ മധ്യപ്രദേശ് ബിജെപിയിൽ നിന്ന് കോൺഗ്രസിന് നേടിയേ തീരൂ. 15 വർഷത്തെ ശിവ്‍രാജ് സിംഗ് സർക്കാർ ഭരണത്തിനെതിരായ വികാരം ഇത്തവണ ഉപയോഗിച്ചില്ലെങ്കിൽ പിന്നെ എപ്പോഴെന്ന ചോദ്യം കോൺഗ്രസ് നേതാക്കൾ കാര്യമായെടുത്ത മട്ടുണ്ട്.

: ജ്യോതിരാദിത്യസിന്ധ്യ

മുഖ്യമന്ത്രിസ്ഥാനത്തിന് തമ്മിൽപ്പോര് ഇത്തവണ തുറന്ന് പറയുന്നില്ല, പഴയ രാജകുടുംബാംഗങ്ങൾ. മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് ദിഗ്വിജയ് സിംഗ് മത്സരിയ്ക്കുന്നില്ലെന്ന് മകൻ ജയ്‍വർധൻ സിംഗ് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജയിച്ചാൽ തൽക്കാലം മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് ജ്യോതിരാദിത്യയ്ക്ക് മുന്നിൽ ഭീഷണികളില്ല. പക്ഷേ ഫലമെന്താകും? രാജ്യത്തിനൊപ്പം ഗ്വാളിയോറിലെ കൊട്ടാരങ്ങളുടെ അകത്തളങ്ങളും ആ ദിവസത്തിനായി കാത്തിരിയ്ക്കുന്നു. ഡിസംബർ 11 എന്ന വിധിയെഴുത്ത് ദിവസത്തിന് വേണ്ടി..