ജയ്പൂർ: രാജസ്ഥാനിലെ 70 ശതമാനം വോട്ടർമാരും കൃഷിക്കാരാണ്. അതുകൊണ്ടുതന്നെ രൂക്ഷമായ കാര്‍ഷിക പ്രതിസന്ധിയാണ് രാജസ്ഥാനിലെ മുഖ്യതിരഞ്ഞെടുപ്പ് വിഷയം. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വസുന്ധരെ രാജെ സര്‍ക്കാര്‍ കര്‍ഷക രോഷം തണുപ്പിക്കാൻ ചില നടപടികളെടുത്തു. ചില സൗജന്യങ്ങളും പ്രഖ്യാപിച്ചു. പക്ഷേ അതുകൊണ്ടൊന്നും പ്രതിസന്ധിയിൽ വലയുന്ന കര്‍ഷകര്‍ തൃപ്തരല്ല. തെരഞ്ഞെടുപ്പ് പ്രചാരണം റിപ്പോർട്ട് ചെയ്യാൻ രാജസ്ഥാൻ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് സംഘം രാജസ്ഥാനിലെ നിരവധി സാധാരണ കർഷകരുമായി സംസാരിച്ചു. സർക്കാരിനോടുള്ള രോഷം അവർ മറച്ചുവയ്ക്കുന്നില്ല.

ദാന്തെ ഗ്രാമത്തിലെ ജബുറുര്‍ റാമിന്റെയും കുടുംബത്തിന്‍റെയും ഏക ഉപജീവന മാര്‍ഗം കൃഷിയാണ്. അന്‍പതു വര്‍ഷമായി കാർഷികവൃത്തി എടുക്കുന്നു. പക്ഷേ കഴിഞ്ഞ കുറേകാലമായി നഷ്ടക്കണക്ക് മാത്രമേ ജബുറുര്‍ റാമിന് പറയാനൂള്ളൂ. "നഷ്ടം മാത്രം, ലാഭമൊന്നുമില്ല... ശരിയായ വില കിട്ടുന്നില്ല' ജബുറുർ റാമിന്‍റെ കണ്ണുകളിൽ നിരാശ നിഴലിക്കുന്നു. വഴിയരികിൽ കണ്ട മനോഹര്‍ സിങ്ങ്  എന്ന കര്‍ഷകനും രോഷത്തോടെ പ്രതികരിച്ചു. കൃഷിയിൽ നിന്നുള്ള വരുമാനം വായ്പ അടക്കാൻ പോലും തികയുന്നില്ലന്നാണ് മനോഹർ സിംഗിന്‍റെ പരാതി. ബല്ലുറാം എന്ന കര്‍ഷകൻ വോട്ട് ആര്‍ക്കെന്ന് തുറന്നു പറഞ്ഞു. "സര്‍ക്കാരിന്‍റെ സഹായമൊന്നുമില്ല . എല്ലാം കടലാസിൽ മാത്രം... കഴിഞ്ഞ തവണ ബി.ജെപിക്കാണ് വോട്ട് കൊടുത്തത്. ഇത്തവണ വോട്ട്  ഗെഹ്‍ലോട്ടിന്റെ കോണ്‍ഗ്രസിന്"
 
ഏതായാലും പുകയുന്ന ഈ കർഷകരോഷം തണുപ്പിക്കാനുള്ള ശ്രമത്തിലാണ് രാജസ്ഥാനിലെ ബിജെപി സർക്കാർ. കർഷകർക്ക് പതിമൂന്ന് ദിവസം നീണ്ട സമരം നടത്തേണ്ടിവന്നെങ്കിലും സഹകരണ ബാങ്കിലെ 50,000 രൂപ വരെയുള്ള കാര്‍ഷിക കടം വസുന്ധര രാജെ സര്‍ക്കാര്‍ എഴുതി തള്ളി. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടു മുമ്പ് കര്‍ഷകര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുന്ന പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.