Asianet News MalayalamAsianet News Malayalam

യുഡിഎഫ് എംപിമാര്‍ക്ക് ചങ്കൂറ്റമുണ്ടോ ? എംഎ ബേബിയുടെ വെല്ലുവിളി ഏറ്റെടുക്കാൻ

കെസി വേണുഗോപാലിന് പകരം ഷാനിമോൾ ഉസ്മാനോ, എം ലിജുവോ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ തോറ്റു  പോകുമോ ? കൊടിക്കുന്നേലിന് പകരം മറ്റാരെങ്കിലും വന്നാൽ എന്തേ ജയിക്കില്ലേ ? എറണാകുളത്തു കെവി തോമസിനു പകരം ഒരാളെ പറയാൻ ഇല്ലാത്ത പാർട്ടിയാണോ കൊൺഗ്രസ്?

will udf leaders decide who elected twice not contest in loksabha election 2019
Author
Trivandrum, First Published Feb 10, 2019, 4:40 PM IST

ലോക് സഭാ തെരഞ്ഞെടുപ്പടുക്കുമെന്നായപ്പോൾ പ്രധാന ചര്‍ച്ചകളിലൊന്നായിരുന്നു എംഎ ബേബിയുടെ സ്ഥാനാര്‍ത്ഥിത്വം. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി ബേബിയെ പരിഗണിക്കുമെന്നും വിജയ സാധ്യതയുള്ള മണ്ഡലങ്ങളുമെല്ലാം ചര്‍ച്ചയായി. തെരഞ്ഞെടുപ്പ് ചർച്ചകൾക്കായി ചേർന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിലും ഇത്തവണ പിബി യിൽ നിന്ന് ആരൊക്കെ മത്സരിക്കണമെന്ന ചർച്ച വന്നു. കേരളത്തിൽ എം എ ബേബി മത്സരിക്കണമെന്ന ആവശ്യമുയർന്നപ്പോൾ താൻ മത്സരിക്കാനില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലെ തോൽവിക്കു ശേഷം ഇനി മത്സരിക്കാനില്ലെന്  നിലപാട്  എംഎ ബേബി വ്യക്തമാക്കിയിരുന്നു. 

 പക്ഷെ പുതിയ സാഹചര്യത്തിൽ മത്സരത്തിനിറങ്ങേണ്ടി വരുമെന്ന സൂചന നൽകിയാണ് പോളിറ്റ് ബ്യൂറോ സ്ഥാനാര്‍ത്ഥി ചർച്ചയിലേക്ക് കടന്നത്. കൊല്ലം, ആറ്റിങ്ങൽ, ആലപ്പുഴ ,പത്തനംതിട്ട എറണാകുളം എന്നീ സീറ്റുകളിലേക്ക് സിപിഎമ്മിന് പരിഗണിക്കാവുന്ന ഏറ്റവും നല്ല സ്ഥാനാര്ഥിയുമാണ് ബേബി. പക്ഷെ പുതു തലമുറക്കായി മാറികൊടുക്കുകയാണെന്നു എംഎ ബേബി വ്യക്തമാക്കി.നേരത്തെ പാർട്ടിക്കു പുറത്തുമദ്ദേഹം തന്‍റെ നിലപാട് തുറന്നു പറയുകയും ചെയ്തു. .പാർട്ടിയിലെ ഏതാണ്ടെല്ലാ സ്ഥാനങ്ങളും വഹിച്ചു, എംപിയായി, എംഎൽഎ യായി,മന്ത്രിയായി. മറ്റുള്ളവർക്കും സ്ഥാനങ്ങൾ കിട്ടണം .പുതുമുഖങ്ങൾ വന്നാലേ ജനാധിപത്യം നന്നാക്കൂ എന്നാണ് എംഎ ബേബി യുടെ നിലപാട്.

ഇതൊരു മാതൃകയാണ്, പ്രത്യകിച്ച് യുഡിഫ് നേതാക്കൾക്ക്. യുപിഎഫിന്‍റെ സിറ്റിംഗ് എംപി മാരിൽ എത്ര പേര് ഇങ്ങനെ സ്വയം പിന്മാറാൻ തയ്യാറാണെന്ന് രാഷ്ട്രീയ കേരളം ഉറ്റു നോക്കുകയാണ്. കെപിസിസി പ്രെസിഡന്‍റായതിനാൽ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചിട്ടുണ്ട്. ബാക്കിയാരെങ്കിലും മാറുമോ. എഐസിസി യിലെ രണ്ടാം സ്ഥാനക്കാരനായി തെരഞ്ഞെടുക്കപെട്ട കെസി വേണുഗോപാലെങ്കിലും ഇങ്ങനെ മാറി നിൽക്കാൻ തയ്യാറാകുമോ. ഇല്ലെന്നാണ് ഇതുവരെയുള്ള വിവരം .ജയസാധ്യതതയെന്ന കള്ളം പറഞ്ഞു അവർ പുതുമുഖങ്ങളെ തീണ്ടാപാടകലെയാക്കി കഴിഞ്ഞു .കൊടിക്കുന്നിൽ സുരേഷ്, ആന്‍റോ ആന്‍റണി, കേവി തോമസ് , കെ സുധാകരൻ, എം കെ രാഘവൻ ഇവരെല്ലാം ജയസാധ്യതയുള്ളവരായി സ്വയം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുമുണ്ട്

ഇവർക്കെന്താണ് ഇത്ര ജയസാധ്യത ? പാർട്ടിക്കല്ലേ ജനങ്ങൾ വോട്ട് ചെയ്യുന്നത്? പാർട്ടിയുടെ നയങ്ങളല്ലേ ജനങ്ങൾ ചർച്ച ചെയ്യുന്നത് ?അപ്പോൾ ഇവർക്കു പകരം കൊള്ളാവുന്ന ആർക്കും ജനങ്ങൾ വോട്ട് ചെയ്യില്ലേ? കെസി വേണുഗോപാലിന് പകരം ഷാനിമോൾ ഉസ്മാനോ, എം ലിജുവോ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ തോറ്റു  പോകുമോ? കൊടിക്കുന്നിലിന് പകരം മാറ്റാരെങ്കിലും വന്നാൽ എന്തേ ജയിക്കില്ലേ ? എറണാകുളത്തു കെവി തോമസിനു പകരം പറയാൻ ആളില്ലാത്ത പാർട്ടിയാണോ കൊൺഗ്രസ്? . അല്ലേയല്ല പക്ഷെ ആർക്കും സീറ്റ് കിട്ടില്ല. ഈ പഴയ ആളുകൾ തന്നെ വീണ്ടും മത്സരിക്കും. പുതുമുഖങ്ങളും വനിതകളും എന്നും യുഡിഫിന്‍റെ പാർലമെന്റ് സീറ്റു ചർച്ചകൾക്കു പുറത്തായിരിക്കും. 

 പല കാര്യങ്ങളും പറയുമ്പോഴും പഴയ മുഖങ്ങൾ  ചുവരെഴുത്തു തുടങ്ങി കഴിഞ്ഞു.തിരുവനന്തപുരത്തു മത്സരിക്കാനൊരുങ്ങുന്ന ശശി തരൂരിനെ മാറ്റി നിര്‍ത്തിയാൽ മറ്റാർക്കും ഒരു പ്രത്യകതയും ഇല്ല. അവരെല്ലാം മാറണം . പുതുരക്തങ്ങൾ വരട്ടെ. പാർട്ടിയും ജനാധിപത്യവും സജ്ജീവമാകട്ടെ. 2 തവണ മത്സരിച്ചവർക്ക് പകരം എൽഡിഎഫ് പുതിയ ആളുകളെ തേടുമ്പോഴാണ് യുഡിഫ് ജയസാധ്യതയെന്നും പറഞ്ഞു പഴയ ആളുകളെ കുത്തി നിറക്കുന്നത്.

വിഎം സുധീരന്‍റെ നിലപാട് ഇവിടെ പ്രത്യകം എടുത്തു പറയേണ്ടതാണ് .തൻ മത്സരിക്കാനില്ലെന്നു അദ്ദേഹം പ്രഖ്യാപിച്ചു .മാത്രമല്ല പരമാവധി പുതുമുഖങ്ങൾക്കും വനിതകൾക്കും അവസരം കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു കഴിഞ്ഞു. പക്ഷെ ആര് മാറുമെന്നതാണ് പ്രധാനം. അല്ലെങ്കിൽ ആര് മറ്റും എന്നതും ചോദ്യമാണ്.

സിപിഎം ലും സിപിഐ യിലും 2 തവണ മത്സരിച്ചവർക്കു സീറ്റില്ല എന്നൊരു ധാരണയുണ്ട്. പാർട്ടി പ്രത്യകം ചർച്ച ചെയ്തേ  ഇക്കാര്യത്തിൽ ഇളവ് നൽകൂ. വളരെ കുറച്ചു പേർക്ക് മാത്രമേ നിയമസഭയിലായാലും ലോക്സഭയിലായാലും രാജ്യസഭയിലായാലും ഇത്തരത്തിലുള്ള ഇളവ് കിട്ടൂ. അതിനാൽ തന്നെ നിയമസഭയിൽ എംഎൽഎ മാരുടെ എണ്ണമെടുത്തു നോക്കിയാൽ എല്ലാകാലത്തും എൽഡിഎഫ് നിരയിൽ പകുതിയിലധികം പുതുമുഖങ്ങളായിരിക്കും. നേരെ മറിച്ചാണ് യുഡിഎഫിലെ സ്ഥിതി. അവർ മണ്ഡലം കുത്തകയാകുകയാണ് പതിവ്. മരിച്ചാൽ മാത്രമേ അവർ ഒഴിയൂ എന്നതാണ് സ്ഥിതി. പക്ഷെ അടുത്ത സമയത്തു അതിനും മാറ്റമുണ്ടായി. ജി കാർത്തികേയൻ മരിച്ചപ്പോൾ മകൻ ശബരിനാഥനെയാണ് പാർട്ടി പരിഗണിച്ചത്. എം ഐ ഷാനവാസ് മരിച്ചതിനെ തുടർന്ന് ഒഴിവു വന്ന വയനാട് സീറ്റിൽ അദ്ദേഹത്തിന്‍റെ കുടുംബത്തിൽ നിന്ന് ആരേണ്ടകിലും മത്സരിക്കാൻ വരുമോ എന്നാണ് എല്ലാവരും നോക്കുന്നത്. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയാറെന്ന് ഷാനവാസിന്‍റെ മകൾ പറഞ്ഞു കഴിഞ്ഞു. മലബാറിന് പുറത്തു നിന്നാരും വേണ്ടെന്ന സമര മുദ്രാവാക്യം ഉയരുന്നത് ഈ പശ്ചാത്തലത്തിൽ കൂടിയാണെന്നും പ്രത്യേകം ഓര്‍ക്കണം.
എല്ലാ മേഖലയിലും ചെറുപ്പക്കാർ കടന്നു വരികയാണ്. പുത്തൻ ആശയങ്ങളുമായി. രാഷ്ട്രീയത്തിലും  അത് വേണം. പഴയവർ അതിനു കളമൊരുക്കണം 4 തവണയെങ്കിലും മത്സരിച്ചവർ മാറണം, അല്ലെങ്കിൽ മാറ്റാനുള്ള ആര്‍ജ്ജവം രാഷ്ട്രീയ പാര്‍ട്ടികൾക്ക് ഉണ്ടാകണം  

Follow Us:
Download App:
  • android
  • ios